രാഹുൽ ഗാന്ധി വിദേശത്ത് പോകുമ്പോൾ അദ്ദേഹത്തിന്റെ 'ഔദ്യോഗികമോ അനൗദ്യോഗികമോ' ആയ യാത്രകളുടെ വിവരങ്ങൾ പങ്കുവെക്കുന്നില്ലെന്ന് ആരോപിച്ച ബിജെപി ദേശീയ വക്താവ് തുഹിൻ സിൻഹ, കോൺഗ്രസ് നേതാവ് രാജ്യത്ത് നിന്ന് എന്താണ് 'ഒളിച്ചുവെക്കുന്നതെന്നും' ചോദിച്ചു.
ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സിൻഹ, അടുത്ത ആഴ്ച ജർമ്മനിയിലേക്കുള്ള അദ്ദേഹത്തിന്റെ ആറ് ദിവസത്തെ സന്ദർശനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിയെ 'പര്യടന നേതാവ്' എന്ന് വിളിച്ച് പരിഹസിച്ചു.
രാജ്യത്തെ പ്രധാന സന്ദർഭങ്ങള്‍ ഒഴിവാക്കി വിദേശ സന്ദർശനങ്ങൾ നടത്തുന്നതിനെച്ചൊല്ലി പ്രതിപക്ഷ നേതാവിനെ ബിജെപി നേതാവ് വീണ്ടും കടന്നാക്രമിച്ചു.
advertisement
ഇൻഡി സഖ്യകക്ഷികളും ബിജെപിക്കൊപ്പം
ആം ആദ്മി പാർട്ടിയും (എഎപി) സമാജ്‌വാദി പാർട്ടിയും (എസ് പി) ഉൾപ്പെടെയുള്ള ഇൻഡി മുന്നണിയിലെ സഖ്യകക്ഷികൾ രാഹുൽ ഗാന്ധിയെ ആക്രമിക്കുന്നതിൽ ബിജെപിക്കൊപ്പം ചേർന്നത് അപൂർവതയായി.
രാഹുൽ ഗാന്ധിയെ പരിഹസിച്ചുകൊണ്ട്, പാർലമെന്റ് സമ്മേളനത്തിൽ രാഹുലിന്റെ അസാന്നിധ്യത്തെക്കുറിച്ച് എഎപി ചോദ്യം ചെയ്യുകയും, 'ഈ കാഷ്വൽ അവധി ബോധോദയം കൊണ്ടാണോ?' എന്ന് ചോദിക്കുകയും ചെയ്തു.
എഎപി നേതാവ് പ്രിയങ്ക കക്കർ 'എക്സി'ൽ കുറിച്ചത് ഇങ്ങനെ- "ഈ സമയത്ത് വിദേശത്തുള്ള എൻആർഐ കോൺഗ്രസ് പ്രഭാരിമാരുമായി കൂടിക്കാഴ്ച നടത്താൻ വിന്റർ സെഷൻ പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം ഗൂഗിൾ മീറ്റ് ഉപയോഗിക്കാമെന്ന് പ്രതിപക്ഷ നേതാവിനോട് ആരും പറഞ്ഞില്ലേ? ഈ കാഷ്വൽ അവധി ബോധോദയം കൊണ്ടാണോ, അതോ ഇന്ത്യയെ ബിജെപി vs കോൺഗ്രസ് എന്ന നിലയിലുള്ള വിവരണത്തിൽ കുടുക്കിയിടാനുള്ള തന്ത്രമാണോ?"
ഇതുകൂടാതെ, ശീതകാല സമ്മേളനത്തിലെ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തെ എസ് പിയും ചോദ്യം ചെയ്തു. "പാർലമെന്റ് സമ്മേളനം നടക്കുമ്പോൾ രാഹുൽ ജി വിദേശ സന്ദർശനങ്ങളെക്കുറിച്ചാണ് ശ്രദ്ധിക്കുന്നത്. രാജ്യത്തിന്റെ രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹത്തിന് എത്രത്തോളം ശ്രദ്ധയുണ്ടെന്ന് എല്ലാവർക്കും അറിയാം."
രാഹുൽ ഗാന്ധിയുടെ ജർമൻ യാത്ര
ഡിസംബർ 15 മുതൽ 20 വരെ രാഹുൽ ഗാന്ധി ജർമനി സന്ദർശിക്കുമെന്നും, ഈ സമയത്ത് ഇന്ത്യൻ പ്രവാസികളുമായി ആശയവിനിമയം നടത്തുകയും ജർമ്മൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്നും ഓവർസീസ് കോൺഗ്രസ് അറിയിച്ചു.
പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടയിലാണ് രാഹുലിന്റെ ജർമൻ സന്ദര്‍ശനം. ഈ സമ്മേളനത്തിൽ 13 പ്രധാനപ്പെട്ട ബില്ലുകൾ പരിഗണനയ്ക്കും പാസ്സാക്കുന്നതിനും ലിസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി "തന്റെ പ്രവർത്തന സമയത്തിന്റെ ഏതാണ്ട് പകുതിയും രാജ്യത്തിന് പുറത്താണ്" ചെലവഴിക്കുന്നതെങ്കിൽ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ എന്തിനാണ് ചോദ്യങ്ങളുയർത്തുന്നതെന്ന് ചോദിച്ചുകൊണ്ട്, കോൺഗ്രസ് എം പി പ്രിയങ്കാ ഗാന്ധി രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെക്കുറിച്ചുള്ള ബിജെപിയുടെ വിമർശനത്തിന് ബുധനാഴ്ച മറുപടി നൽകി.
