ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ തുറന്ന കേസുകളിൽ, ബാങ്ക് അധികൃതർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തുന്നതിന് സി.ബി.ഐക്ക് സ്വതന്ത്ര അധികാരം ഉണ്ടായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. ആവശ്യമെങ്കിൽ ഇന്റർപോളിന്റെ സഹായം തേടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അന്വേഷണത്തിൽ സോഷ്യൽ മീഡിയ പ്ളാറ്റഫോമുകൾ സിബിഐയോട് പൂർണ്ണമായും സഹകരിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു.
എന്താണ് 'ഡിജിറ്റൽ അറസ്റ്റ്' ?
'ഡിജിറ്റൽ അറസ്റ്റ്' എന്നത് ഒരു സൈബർ തട്ടിപ്പാണ്. പോലീസോ നിയമ സംവിധാനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരായോ ആയി വേഷമിടുന്ന തട്ടിപ്പുകാർ ഓഡിയോ അല്ലെങ്കിൽ വീഡിയോ കോളുകൾ വഴി ഇരകളെ ബന്ധപ്പെടുകയും ഇര അറസ്റ്റിലാണെന്നും നിയമനടപടികളോ തടങ്കലോ ഒഴിവാക്കാൻ പണം കൈമാറാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അറസ്റ്റ് ഒഴിവാക്കാനും ഭയം കൊണ്ടും പലരും ഈ കെണിയിൽ വീണ് ഭീമമായ തുക നഷ്ടപ്പെടുത്താറുണ്ട്.
advertisement
ഇത്തരത്തിൽ 2024-ൽ മാത്രം ആകെ 1,23,672 കേസുകളാണ് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ റിപ്പോർട്ട് ചെയ്തത്. "ഡിജിറ്റൽ അറസ്റ്റ്" എന്നൊരു നിയമപരമായ പദം നിലവിലില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും,വിദ്യാസമ്പന്നരായ വ്യക്തികൾ പോലും ഈ തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ട്.
ഒരു പാഴ്സൽ തടഞ്ഞുവച്ചിട്ടുണ്ടെന്നും അതിൽ മയക്കുമരുന്ന്, വ്യാജ രേഖകൾ, മറ്റ് നിരോധിത വസ്തുക്കൾ തുടങ്ങിയ നിയമവിരുദ്ധ വസ്തുക്കൾ ഉണ്ടെന്നും പറഞ്ഞാണ് തട്ടിപ്പുകാർ സാധാരണ ഗതിയിൽ ഇരകളെ ബന്ധപ്പെടാറ്. ചില സന്ദർഭങ്ങളിൽ, ഒരു കുടുംബാംഗത്തെയോ അടുത്ത സുഹൃത്തിനെയോ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുകയും ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇരകളോട് പറയും. തുടർന്ന് തട്ടിപ്പുകാർ കേസ് ഒഴിവാക്കാൻ പണം ആവശ്യപ്പെടും.
വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി, കുറ്റവാളികൾ പലപ്പോഴും പോലീസ് സ്റ്റേഷനുകളെയോ സർക്കാർ ഓഫീസുകളെയോ പോലെ രൂപകൽപ്പന ചെയ്ത സ്റ്റുഡിയോ സജ്ജീകരണങ്ങളിൽ നിന്നാണ് വിളിക്കുക. രാജ്യത്തുടനീളം, ഇത്തരം തട്ടിപ്പുകൾ കാരണം നിരവധിപേർക്ക് ഭീമമായ തുക നഷ്ടപ്പെട്ടിട്ടുണ്ട്.
