ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് സമർപ്പിച്ച രണ്ട് പൊതുതാത്പര്യ ഹര്‍ജികളിലാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജെബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.
മുഖത്ത് വൈകല്യം സംഭവിച്ചവരോ അല്ലെങ്കില്‍ വൈകല്യത്തോടെ ജനിച്ചവരോ ആയ എല്ലാവര്‍ക്കും ഒരുപോലെ കെവൈസി പോലെയുള്ള ഡിജിറ്റല്‍ പ്രക്രിയകള്‍ പ്രാപ്യമാകുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് കോടതി സുപ്രധാന വിധിന്യായത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21(ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം) 14(സമത്വത്തിനുള്ള അവകാശം), 15(വിവേചനത്തിനെതിരായ സംരക്ഷണം) എന്നിവ ഇത് ഉറപ്പുനല്‍കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഡിജിറ്റല്‍ വിവരങ്ങള്‍ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിന്റെ പ്രധാന ഘടകമാണെന്ന് കോടതി പ്രഖ്യാപിച്ചു.
advertisement
കാഴ്ച വൈകല്യമോ അത്തരത്തിലുള്ള മറ്റ് വെല്ലുവിളികളോ നേരിടുന്നവര്‍ക്ക് കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഉറപ്പാന്‍ കോടതി നിരവധി നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചു. ''വൈകല്യമുള്ളവര്‍ക്ക് കെവൈസി പ്രക്രിയകളില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് ഞങ്ങളുടെ അഭിപ്രായം. 20 നിര്‍ദേശങ്ങളാണ് ഞങ്ങള്‍ നല്‍കിയിരിക്കുന്നത്. ആസിഡ് ആക്രമണവും അന്ധതയും അനുഭവിക്കുന്ന ഹര്‍ജിക്കാര്‍ക്ക് മുഖത്തെ വൈകല്യം കാരണം കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല,'' കോടതി അഭിപ്രായപ്പെട്ടു. ''കെവൈസി പ്രക്രിയയില്‍ ഉള്‍പ്പെടുത്തുന്നതിന് ഹര്‍ജിക്കാര്‍ക്ക് നിയമപരമായ അവകാശമുണ്ട്. ഡിജിറ്റല്‍ കെവൈസി മാര്‍ഗനിര്‍ദേശങ്ങള്‍ ആക്‌സസ്സിബിലിറ്റി കോഡ് ഉപയോഗിച്ച് പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണ്. സാമ്പത്തിക ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ വിവരങ്ങള്‍ നല്‍കേണ്ടത് ഇക്കാലത്ത് നിര്‍ബന്ധമാണ്. സാങ്കേതികവിദ്യയും ഡിജിറ്റല്‍ ഇടപാടുകളും വര്‍ധിച്ചുവരുന്ന ഈ കാലത്ത് ആര്‍ട്ടിക്കിള്‍ 21 പുനര്‍വ്യാഖ്യാനിക്കേണ്ടതുണ്ട്,'' സുപ്രീം കോടതി പറഞ്ഞു.
എന്താണ് കേസ്?
ആസിഡ് ആക്രമണത്തില്‍ കണ്ണിന് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടികളിലൊരാളാണ് ഹര്‍ജിക്കാരിലൊരാള്‍. ഒരു ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനായി 2023 ജൂലൈയില്‍ ഐസിഐസിഐ ബാങ്കിനെ പെണ്‍കുട്ടി സമീപിച്ചിരുന്നു. കണ്ണുകള്‍ ചിമ്മിക്കൊണ്ട് ലൈവ് ഫോട്ടോ എടുക്കണമെന്ന ആവശ്യകത പൂര്‍ത്തിയാക്കണമെന്ന ബാങ്കിന്റെ നിര്‍ബന്ധം കാരണം അവര്‍ക്ക് ഡിജിറ്റല്‍ കെവൈസി/ഇ-കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് പരാതിയില്‍ പറയുന്നു.
ഒരു ഉപഭോക്താവ് ''ജീവനോടെയിരിക്കുന്നുവെന്ന്'' തെളിയിക്കുന്നതിന് കാമറയ്ക്ക് മുന്നില്‍ കണ്ണുചിമ്മിയാല്‍ മാത്രമെ നിറവേറ്റാന്‍ കഴിയൂ എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കെവൈസി മാനദണ്ഡത്തില്‍ നിര്‍ബന്ധമായും പറയുന്നതായി ഹര്‍ജിയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയത്തില്‍ വലിയ ചര്‍ച്ച നടക്കുകയും തുടര്‍ന്ന് ബാങ്ക് ഹര്‍ജിക്കാരിക്ക് മാത്രം ഇളവ് നല്‍കുകയുമായിരുന്നു.