ചിഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് സഹോദരങ്ങളായ നിഖിൽ കുമാർ പുനിയ, എക്ത പുനിയ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ചത്. 'ഇത് കൊള്ളാം... പുതിയ തരം തട്ടിപ്പാണെന്ന്' ഹർജിയോട് രൂക്ഷമായി പ്രതികരിച്ച ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കൂടുതൽ പറയാൻ നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് സംസ്ഥാനത്ത് മത ന്യൂനപക്ഷ സർട്ടിഫിക്കറ്റുകൾ നൽകുന്ന പ്രക്രിയയിൽ ഹരിയാന സർക്കാരിനോട് കോടതി വിശദീകരണം തേടി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെടാത്ത, മുമ്പ് പരീക്ഷയെഴുതിയ ജനറൽ വിഭാഗത്തിലെ അപേക്ഷകർക്ക് എങ്ങനെയാണ് ന്യൂനപക്ഷ സർട്ടിഫിക്കറ്റുകൾ നൽകിയതെന്ന് വ്യക്തമാക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
advertisement
വാദം കേൾക്കുന്നതിനിടയിൽ ഹർജിക്കാരന്റെ ജാതി പശ്ചാത്തലവും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദ്യം ചെയ്തു. നിങ്ങൾ പുനിയ സമുദായത്തിൽ നിന്നാണോ എന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. ഹർജിക്കാർ ജാട്ട് പുനിയ കുടുംബത്തിൽ നിന്നാണെന്ന് അവരുടെ അഭിഭാഷകൻ മറുപടി നൽകി. ന്യൂനപക്ഷ വിഭാഗത്തിൽ അവർ എങ്ങനെ യോഗ്യത നേടിയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചപ്പോൾ അവർ ബുദ്ധമതത്തിലേക്ക് മതം മാറിയതായി അഭിഭാഷകൻ പറഞ്ഞു. സംവരണം അവരുടെ അവകാശമാണെന്നും അഭിഭാഷകൻ വാദിച്ചു.
പുനിയ ജാട്ട് സമുദായത്തിൽ നിന്നും മുമ്പ് മെഡിക്കൽ പ്രവേശന പരീക്ഷയെഴുതിയ ഹർജിക്കാരന് എങ്ങനെയാണ് പെട്ടെന്ന് ബുദ്ധമത ന്യൂനപക്ഷ സർട്ടിഫിക്കറ്റ് ലഭിച്ചതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹർജി പൂർണ്ണമായി തള്ളികളയുന്നുവെന്നു പറഞ്ഞ കോടതി ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമമാണിതെന്നും ചൂണ്ടിക്കാട്ടി.
"രാജ്യത്തെ ഏറ്റവും സമ്പന്നമായ സ്ഥലങ്ങളിൽ ഒന്നിൽ നിന്നുള്ളയാളാണ് നിങ്ങൾ. നിങ്ങളുടെ മെറിറ്റിൽ നിങ്ങൾ അഭിമാനം കൊള്ളണം", ഹർജി തള്ളികൊണ്ട് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇത് മറ്റൊരു തരത്തിലുള്ള തട്ടിപ്പാണെന്നും കൂടുതൽ അഭിപ്രായങ്ങൾ പറയാൻ നിർബന്ധിക്കരുതെന്നും കോടതി രോഷം കൊണ്ടു. പരീക്ഷയ്ക്ക് തൊട്ടു മുമ്പാണോ ഹർജിക്കാരൻ ബുദ്ധമതക്കാരനായതെന്ന് ജസ്റ്റിസ് ബാഗ്ചിയും പരിഹസിച്ചു.
സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിലുള്ള ജില്ലാ ഭരണകൂടത്തിന്റെ പങ്കിനെയും കോടതി വിമർശിച്ചു. ഹിസാറിലെ സബ്ഡിവിഷണൽ ഓഫീസർ എങ്ങനെയാണ് ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകിയതെന്നും കോടതി ചോദിച്ചു.
ന്യൂനപക്ഷ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള മർഗ്ഗനിർദ്ദേശങ്ങൾ നൽകാനും സുപ്രീം കോടതി ഹിരയാന ചീഫ് സെക്രട്ടറിയോട് ഉത്തരവിട്ടു. മുമ്പ് ജനറൽ വിഭാഗമായി സ്വയം സാക്ഷ്യപ്പെടുത്തിയ ഹർജിക്കാർക്ക് ബുദ്ധമത സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കുമോ എന്നും കോടതി ചോദിച്ചു.
ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായുള്ള ദേശീയ കമ്മീഷൻ (എൻസിഎംഇഐ) അംഗീകരിച്ച ഒരു ബുദ്ധമത ന്യൂനപക്ഷ സ്ഥാപനമായ മീററ്റിലെ സുഭർത്തി മെഡിക്കൽ കോളേജിൽ പ്രവേശനം തേടുകയായിരുന്നു ഹർജിക്കാർ. ഹിസാറിലെ സബ്ഡിവിഷണൽ ഓഫീസറിൽ നിന്ന് ന്യൂനപക്ഷ സർട്ടിഫിക്കറ്റുകൾ നേടിയെങ്കിലും ഹർജിക്കാരായ പുനിയ സഹോദരങ്ങൾക്ക് നീറ്റ്-പിജി പ്രവേശനം നേടാൻ കഴിഞ്ഞില്ല. ഇതോടെയാണ് കേസ് കോടതിയിൽ എത്തിയത്.
