''നിങ്ങൾക്ക് ഈ മൃഗങ്ങളെ ഇത്രയധികം ഇഷ്ടമാണെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ അവയെ നിങ്ങളുടെ വീട്ടിലേക്ക് കൊണ്ടുപോകാത്തത്. എന്തുകൊണ്ടാണ് ഈ നായ്ക്കൾ അലഞ്ഞുതിരിഞ്ഞ് നടക്കുകയും ആളുകളെ കടിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത്,'' ജസ്റ്റിസ് നാഥ് ചോദിച്ചു.
തെരുവ് നായ വിഷയം ഒരു വൈകാരികമായ കാര്യമാണെന്ന് അഭിഭാഷക മേനക ഗുരുസ്വാമി പറഞ്ഞതിന് പിന്നാലെയാണ് ബെഞ്ച് ഈ പരാമർശങ്ങൾ നടത്തിയത്. ''ഇതുവരെ നായ്ക്കളുടെ കാര്യത്തിൽ മാത്രമാണ് വൈകാരികത ഉള്ളതെന്ന് തോന്നുന്നു. 2011 മുതൽ ഞാൻ ഒരു ജഡ്ജിയാണ്. പക്ഷേ, മനുഷ്യർക്ക് വേണ്ടി ഇത്ര വികാരഭരിതമായ വാദങ്ങൾ ഞാൻ കേട്ടിട്ടില്ല,'' ജസ്റ്റിസ് പറഞ്ഞു. അങ്ങനെയല്ല, തനിക്ക് മനുഷ്യരെക്കുറിച്ചും സമാനമായ രീതിയിൽ ആശങ്കയുണ്ടെന്ന് മേനക ഗുരുസ്വാമി മറുപടി നൽകി.
advertisement
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, സ്‌പോർട്‌സ് കോംപ്ലക്‌സുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കം ചെയ്യാൻ കഴിഞ്ഞ വർഷം നവംബറിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
സർക്കാർ, പൊതുസ്ഥാപനങ്ങളുടെ പരിസരങ്ങളിൽ നിന്ന് നായ്ക്കൾ പ്രവേശിക്കുന്നത് തടയുന്നതിന് ബെഞ്ച് അധികാരികൾക്ക് നിർദേശം നൽകിയിരുന്നു. നായ്ക്കളെ പിടികൂടിയ അതേ സ്ഥലത്ത് തിരികെ വിടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തിരുന്നു.
തെരുവുനായ കേസ്
ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ തെരുവുനായ്ക്കളെയും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ വർഷം ജൂലൈയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തെരുവുനായ്ക്കൾ കടിച്ച് പേവിഷബാധയേറ്റ് മരിക്കുന്നവരുടെ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു നിർണായക ഉത്തരവ്.
നായ്ക്കളെ കൈകാര്യം ചെയ്യാനും വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പുകളും നടത്താനും അറിയുന്ന പ്രൊഫഷണലുകൾ ഷെൽട്ടർ കേന്ദ്രങ്ങളിൽ ഉണ്ടായിരിക്കണമെന്നും പിടികൂടുന്ന നായ്ക്കളെ പുറത്തുവിടരുതെന്നും കോടതി പറഞ്ഞിരുന്നു.
ഇതിന് ശേഷം നടത്തിയ മറ്റൊരു വാദം കേൾക്കലിൽ വന്ധ്യംകരണത്തിനും പ്രതിരോധ കുത്തിവെപ്പ് എടുത്ത ശേഷവും നായ്ക്കളെ പിടികൂടിയ സ്ഥലത്ത് തിരികെ വിടാമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ പേവിഷബാധയുള്ളതായി സംശയിക്കുന്നതും ആക്രമണ സ്വഭാവമുള്ളതുമായ നായ്ക്കളെ തിരികെ വിടരുതെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
