ടെട്രാ പാക്കുകളില്‍ മദ്യം വില്‍ക്കുന്നത് ഇത് സ്‌കൂള്‍ കുട്ടികളിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കും. ഇത്തരം പാക്കേജിംഗ് വഞ്ചനാപരമാണെന്നും മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടാതെ പോയേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ടെട്രാ പാക്കുകളില്‍ മദ്യം വില്‍ക്കുന്നതിനെ കോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. ഇത്തരം പാക്കിംഗ് ഫ്രൂട്ട് ജ്യൂസ് ബോക്‌സുകളുടേതിന് സമാനമാണെന്നും ആരോഗ്യ മുന്നറിയിപ്പുകള്‍ ഇതില്‍ നല്‍കുന്നില്ലെന്നും കുട്ടികള്‍ക്ക് എളുപ്പത്തില്‍ സ്‌കൂളിലേക്ക് കൊണ്ടുപോകാന്‍ സൗകര്യപ്രദമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
പ്രമുഖ കമ്പനികളായ ഒറിജിനല്‍ ചോയ്‌സ് വിസ്‌കി വില്‍ക്കുന്ന ജോണ്‍ ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡും ഓഫീസേഴ്‌സ് ചോയ്‌സ് വിസ്‌കി വില്‍ക്കുന്ന അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍ഡ് ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലുള്ള വ്യാപാരമുദ്ര തര്‍ക്കം പരിഗണിക്കവേയായിരുന്നു മദ്യത്തിന്റെ ടെട്രാ പാക്കിംഗ് സംബന്ധിച്ച കോടതിയുടെ വിലയിരുത്തല്‍. വിഷയത്തില്‍ അലൈഡ് ബ്ലെന്‍ഡേഴ്‌സ് ആന്‍ഡ് ഡിസ്റ്റിലറീസീന് അനുകൂലമായ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ജോണ്‍ ഡിസ്റ്റിലറീസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
വാദം കേള്‍ക്കുന്നതിനിടെ വില്‍പ്പനയ്ക്കുള്ള വിസ്‌കി അടങ്ങിയ ജ്യൂസ് പാക്കറ്റിന് സമാനമായ ടെട്രാ പാക്കറ്റുകള്‍ കോടതിയില്‍ കാണിച്ചതിന് ശേഷമാണ് ഗുരുതരമായ ആശങ്കകള്‍ കോടതി പങ്കുവെച്ചത്. ഇരു കമ്പനികളുടെയും ഉത്പന്നങ്ങള്‍ തമ്മിലുള്ള ബ്രാന്‍ഡിംഗ് സമാനതകള്‍ വിശദീകരിക്കാന്‍ വേണ്ടിയാണ് ഇവ ജഡ്ജിമാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. ഇതോടെയാണ് ജ്യൂസ് പാക്കറ്റുകളില്‍ മദ്യം വില്‍ക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് കോടതി പറഞ്ഞത്.
അതേസമയം, കമ്പനികള്‍ തമ്മിലുള്ള വ്യാപാരമുദ്ര പ്രശ്‌നം സൗഹാര്‍ദ്ദപരമായി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കോടതി മുന്നോട്ടുവെച്ചു. കമ്പനികള്‍ക്കിടയിലെ മത്സരത്തിന്റെ സ്വഭാവവും വാണിജ്യ പശ്ചാത്തലവും നിരീക്ഷിച്ച കോടതി സുപ്രീം കോടതി മുന്‍ ജഡ്ജി എല്‍ നാഗേശ്വര റാവുവിനെ മധ്യസ്ഥതയ്ക്ക് ചുമതലപ്പെടുത്തി. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തണമെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
