പ്രിയങ്ക ഗാന്ധി വദ്രയുടെ കന്നി പാര്‍ലമെന്റ് പ്രവേശനം
2019ലാണ് പ്രിയങ്ക ഗാന്ധി വദ്ര സജീവരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും അവര്‍ നിയമിതയായി. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ 4.1 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക വിജയിച്ചത്. ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുങ്ങിനിന്ന കോണ്‍ഗ്രസിന് പ്രിയങ്കയുടെ വിജയം ആശ്വാസമായി.
ഈ വര്‍ഷമാദ്യം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ സ്റ്റാര്‍ ക്യാംപെയ്‌നര്‍ ആയിരുന്നു പ്രിയങ്ക. ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കാന്‍ പ്രിയങ്കയുടെ പ്രചരണം ഉപകാരപ്പെട്ടുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 52 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് ഇത്തവണ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റ് നേടി സ്ഥിതി മെച്ചപ്പെടുത്തി. ഈ വിജയത്തിന് പിന്നിലെ ചാലകശക്തിയും പ്രിയങ്കയായിരുന്നുവെന്നാണ് വിലയിരുത്തുന്നത്.
advertisement
1972 ജനുവരി 12നാണ് പ്രിയങ്ക ഗാന്ധി ജനിച്ചത്. ന്യൂഡല്‍ഹിയിലെ മോഡേണ്‍ സ്‌കൂള്‍, കോണ്‍വെന്റ് ജീസസ് ആന്‍ഡ് മേരി എന്നിവിടങ്ങളിലായിട്ടായിരുന്നു പ്രിയങ്ക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള ജീസസ് ആന്‍ഡ് മേരി കോളേജില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദം നേടിയ പ്രിയങ്ക ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.
ഗാന്ധി കുടുംബത്തിലെ എംപിമാര്‍
ലോക്‌സഭയിലേക്ക് ആറ് തവണ തെരഞ്ഞെടുക്കപ്പെട്ടയാളാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗമായ സോണിയാ ഗാന്ധി. 5 തവണ റായ്ബറേലിയില്‍ നിന്നും ഒരുതവണ അമേഠിയില്‍ നിന്നുമാണ് സോണിയ ലോക്‌സഭയിലേക്കെത്തിയത്. അഞ്ച് തവണ പാര്‍ലമെന്റ് അംഗമായ രാഹുല്‍ ഗാന്ധി മൂന്ന് തവണ അമേഠി മണ്ഡലത്തില്‍ നിന്നും ഒരു തവണ വയനാട്ടില്‍ നിന്നുമാണ് പാര്‍ലമെന്റിലെത്തിയത്. നിലവില്‍ അദ്ദേഹം റായ്ബറേലി മണ്ഡലത്തെയാണ് ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്.
കോണ്‍ഗ്രസ് എംപിമാരായ നെഹ്‌റു-ഗാന്ധി കുടുംബത്തിലെ അംഗങ്ങള്‍: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു (1952-1964, ഫൂല്‍പൂര്‍), വിജയലക്ഷ്മി പണ്ഡിറ്റ് (1964-69 ഫൂല്‍പൂര്‍), ഉമ നെഹ്‌റു(1952-62,1963 സീതാപൂര്‍), ഇന്ദിരാ ഗാന്ധി (1964-84 റായ്ബറേലി, ചിക്കമംഗളരു, മേഡക്), ഫിറോസ് ഗാന്ധി(1952-60 റായ്ബറേലി), ശ്യാം കുമാരി നെഹ്‌റു (1963-69 രാജ്യസഭ),അരുണ്‍ നെഹ്‌റു(1980-89 റായ്ബറേലി, ബില്‍ഹാപൂര്‍), രാജീവ് ഗാന്ധി(1981-91, അമേഠി),സഞ്ജയ് ഗാന്ധി (1980 അമേഠി). അതേസമയം ബിജെപി എംപിമാരായ രണ്ട് പേര്‍ കൂടി ഗാന്ധി കുടുംബത്തിലുണ്ട്. മനേക ഗാന്ധി (1989-91,1996-2024 പീലിഫിത്ത്, സുല്‍ത്താന്‍പൂര്‍), വരുണ്‍ ഗാന്ധി (2009-2024 സുല്‍ത്താന്‍പൂര്‍, പീലിഫിത്ത് ) എന്നിവരാണവര്‍.
പാര്‍ലമെന്റിലെ മറ്റ് എംപി കുടുംബങ്ങള്‍
നിലവില്‍ ലോക്‌സഭയിലും രാജ്യസഭയിലും അംഗങ്ങളുള്ള നിരവധി രാഷ്ട്രീയ കുടുംബങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
കോണ്‍ഗ്രസ് : മുന്‍ ധനകാര്യവകുപ്പ് മന്ത്രി പി. ചിദംബരം നിലവില്‍ രാജ്യസഭാ എംപിയാണ്. അദ്ദേഹത്തിന്റെ മകനായ കാര്‍ത്തി ചിദംബരം നിലവില്‍ ലോക്‌സഭാംഗമാണ്. കോണ്‍ഗ്രസ് സഖ്യകക്ഷിയായ ഡിഎംകെയെ ലോക്‌സഭയില്‍ നയിക്കുന്നത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സഹോദരിയായ കെ. കനിമൊഴിയാണ്. തൂത്തുക്കുടി ലോക്‌സഭാ സീറ്റില്‍ നിന്നുമാണ് കനിമൊഴി പാര്‍ലമെന്റിലെത്തിയത്. എംകെ സ്റ്റാലിന്റെ ബന്ധുവായ ദയാനിധി മാരന്‍ ചെന്നൈ സെന്‍ട്രല്‍ മണ്ഡലത്തെയാണ് ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. അന്തരിച്ച ഡിഎംകെ സ്ഥാപകന്‍ എം. കരുണാനിധിയുടെ അനന്തരവനാണ് ദയാനിധി മാരന്റെ പിതാവായ മുരസൊലി മാരന്‍.
സമാജ്‌വാദി പാര്‍ട്ടി(എസ്പി): പാര്‍ലമെന്റില്‍ നിരവധി തെരഞ്ഞെടുക്കപ്പെട്ട എംപിമാരുള്ള കുടുംബമാണ് യാദവ് കുടുംബം. സമാജ് വാദി പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവ് കനൗജില്‍ നിന്നുമാണ് ലോക്‌സഭയിലെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയായ ഡിമ്പിള്‍ യാദവ് മെയിന്‍പുരി മണ്ഡലത്തില്‍ നിന്നുമാണ് ലോക്‌സഭയിലെത്തിയത്. എസ്പി സ്ഥാപകനായ മുലായംസിംഗ് യാദവിന്റെ ഇളയ സഹോദരങ്ങളുടെ മക്കളായ ധര്‍മ്മേന്ദ്ര യാദവ്, ആദിത്യ യാദവ് എന്നിവര്‍ യഥാക്രമം അസംഗഢ്, ബദൗന്‍ എന്നീ മണ്ഡലങ്ങളെയാണ് ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നത്. മുലായംസിംഗ് യാദവിന്റെ ബന്ധുവായ രാം ഗോപാല്‍ യാദവ് രാജ്യസഭാംഗമാണ്. അദ്ദേഹത്തിന്റെ മകനായ അക്ഷയ് യാദവ് ഫിറോസാബാദില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി): ശരദ് പവാറിന്റെ കുടുംബത്തില്‍ നിന്ന് മൂന്ന് പേരാണ് പാര്‍ലമെന്റിലെത്തിയത്. നിലവില്‍ ശരദ് പവാര്‍ രാജ്യസഭാംഗമാണ്. അദ്ദേഹത്തിന്റെ മകളായ സുപ്രിയ സുലെ ബാരമതി ലോക്‌സഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. അദ്ദേഹത്തിന്റെ അനന്തരവനും നിലവില്‍ മറുചേരിയില്‍ നിലയുറപ്പിച്ചയാളുമാണ് അജിത്ത് പവാര്‍. അജിത്ത് പവാറിന്റെ ഭാര്യയായ സുനേത്ര പവാറും രാജ്യസഭാ അംഗമാണ്.
ജനതാദള്‍ (സെക്കുലര്‍): കര്‍ണാടകയിലെ ഗൗഡ കുടുംബത്തിന് രണ്ട് എംപിമാരാണുള്ളത്. മുന്‍ പ്രധാനമന്ത്രിയായ എച്ച്ഡി ദേവഗൗഡ നിലവില്‍ രാജ്യസഭാ എംപിയാണ്. അദ്ദേഹത്തിന്റെ മകനും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് ലോക്‌സഭയിലെത്തിയത്. നിലവില്‍ അദ്ദേഹം കേന്ദ്രമന്ത്രി കൂടിയാണ്.
രാഷ്ട്രീയ ജനതാദള്‍: ലോക്‌സഭയിലും രാജ്യസഭയിലും അംഗമായിരുന്ന വ്യക്തിയായിരുന്നു ആര്‍ജെഡി അധ്യക്ഷനായ ലാലു പ്രസാദ് യാദവ്. അദ്ദേഹത്തിന്റെ ഭാര്യയായ രാബ്‌റി ദേവി ബീഹാര്‍ നിയമസഭാംഗമാണ്. മക്കളായ തേജസ്വി യാദവും തേജ് പ്രതാപ് യാദവും ബീഹാര്‍ നിയമസഭാംഗമാണ്.
ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ്: നാല് തവണ എംപിയായ ഫാറൂഖ് അബ്ദുള്ള ജമ്മുകശ്മീരിലെ സര്‍വ്വസമ്മതനായ നേതാവാണ്. അദ്ദേഹത്തിന്റെ മകനായ ഒമര്‍ അബ്ദുള്ള നിലവില്‍ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ടിക്കുന്നു. 1998 മുതല്‍ 2009 വരെ ഒമര്‍ അബ്ദുള്ള ലോക്‌സഭാംഗമായിരുന്നു.
അതേസമയം, രാജേഷ് യാദവ് എന്ന പപ്പു യാദവ് നിലവില്‍ ലോക്‌സഭാംഗമാണ്. ബീഹാറില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ഭാര്യയായ രഞ്ജീത് രഞ്ജന്‍ രാജ്യസഭാംഗം കൂടിയാണ്.
സിന്ധ്യ കുടുംബത്തിന് പാര്‍ലമെന്റില്‍ രണ്ട് അംഗങ്ങളാണുള്ളത്. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മകനായ ദുഷ്യന്ത് സിംഗ് ജലാവാര്‍-ബാരനില്‍ നിന്നുള്ള എംപിയാണ്. വസുന്ധര രാജെയുടെ അനന്തരവനായ ജ്യോതിരാദിത്യ സിന്ധ്യ ഗുണ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് ലോക്‌സഭയിലെത്തിയത്. കൂടാതെ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി കൂടിയാണ് ഇദ്ദേഹം.