''കാബൂള്‍-ഡല്‍ഹി സെക്ടറിലും കാബൂള്‍-അമൃത്സര്‍ റൂട്ടുകളിലും വ്യോമ ചരക്ക് ഇടനാഴി സജീവമാക്കിയിട്ടുണ്ടെന്നും ഈ മേഖലകളിലെ ചരക്ക് വിമാനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്,'' കേന്ദ്ര വിദേശകാര്യ ജോയിന്റ് സെക്രട്ടറി(പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍) ആനന്ദ് പ്രകാശ് പറഞ്ഞു. ഉഭയകക്ഷി വ്യാപാര സഹകരണത്തിന് മേല്‍നോട്ടം വഹിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പരസ്പരം എംബസികളില്‍ ഒരു വ്യാപാരെ അറ്റാഷയെ കൈമാറാനും ഇരുവരും സമ്മതിച്ചതായും ആനന്ദ് പ്രകാശ് കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായും വാണിജ്യ, വ്യവസായ സഹമന്ത്രിയുമായും അസീസി കൂടിക്കാഴ്ച നടത്തിയിരുന്നു.
advertisement
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി അടച്ചിരുന്നു. എന്നാല്‍ അഫ്ഗാന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചിട്ടില്ലാത്തതിനാല്‍ അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ് ഡല്‍ഹിയിലേക്ക് യാത്രാ സര്‍വീസ് നടത്തുന്നുണ്ട്.
രണ്ട് പതിറ്റാണ്ടോളം നീണ്ട ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് 2021ല്‍ മുന്‍ റിപ്പബ്ലിക്കന്‍ സര്‍ക്കാരിനെ താഴെ ഇറക്കി താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തത്. ഇന്ത്യ അഫ്ഗാന്‍ സര്‍ക്കാരിനെ ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. എന്നാല്‍, ഇന്ത്യ കാബൂളിലെ എംബസി വീണ്ടും തുറന്നിരുന്നു. താലിബാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്താഖി കഴിഞ്ഞ മാസം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യ താലിബാന്‍ മന്ത്രിയാണ് മുത്താഖി.
''കയറ്റുമതി(കാബൂളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ളത്) വിമാന ചരക്ക് കിലോയ്ക്ക് 1 ഡോളറും ഇറക്കുമതി(ഡല്‍ഹിയില്‍നിന്ന് കാബൂളിലേക്കുള്ളത്) ഒരു കിലോഗ്രാമിന് 80 സെന്റ്(യുഎസ്) കുറച്ചിരിക്കുന്നു. താരിഫുകളും കുറയ്ക്കും,'' അസീസി വെള്ളിയാഴ്ച പറഞ്ഞു. ''രണ്ട് കാര്യങ്ങള്‍ പ്രവര്‍ത്തന ക്ഷമമാക്കാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്, ഒന്ന് വ്യോമ ഇടനാഴി, രണ്ട് ഇറാനിലെ ചബഹാറില്‍ നിന്ന് അഫ്ഗാനിസ്ഥാനിലെ സരഞ്ചിലേക്കുള്ള ഹൈവേ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കാനും തടസ്സങ്ങള്‍ നീക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' അസീസി പറഞ്ഞു.
യുഎസ് ഉപരോധങ്ങള്‍ നിലനില്‍ക്കുമ്പോഴും അഫ്ഗാനിസ്ഥാനെ അതീജീവിക്കാന്‍ സഹായിച്ചതിന് അഫ്ഗാന്‍ മന്ത്രി ഇന്ത്യയോട് നന്ദി പറഞ്ഞു. അഫ്ഗാനില്‍ നിന്ന് പാലായനം ചെയ്ത ന്യൂനപക്ഷങ്ങളോട് രാജ്യത്തേക്ക് മടങ്ങാനും അസീസി അഭ്യര്‍ത്ഥിച്ചു.
''ഞങ്ങളുടെ 9.3 ബില്ല്യണ്‍ ഡോളര്‍ യുഎസ് മരവിപ്പിച്ചു. എന്നാല്‍ ആ ദുഷ്‌കരമായ സമയത്ത് ഇന്ത്യയില്‍ നിന്ന് നേരിട്ട് അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് കൊണ്ടുപോകുന്നതിന് ഇന്ത്യന്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കിയത് ഞങ്ങള്‍ ശ്രദ്ധിച്ചു,'' അസീസി പറഞ്ഞു.
''എങ്കിലും വ്യവസായികളും വ്യാപാരികളും ഉള്‍പ്പെടെ ഇന്ത്യന്‍ സമൂഹത്തിലെ എല്ലാവരും അഫ്ഗാന്‍ സന്ദര്‍ശിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇല്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന സിഖ്, ഹിന്ദുസമൂഹങ്ങളെങ്കിലും. ദയവായി അവരെ ഞങ്ങള്‍ക്ക് തിരികെ തരൂ. അഫ്ഗാനിസ്ഥാനിലേക്ക് വന്ന് അഫ്ഗാന്‍ സ്വകാര്യമേഖലയുമായും അഫ്ഗാന്‍ ജനതയുമായും ചേര്‍ന്ന് ഒരിക്കല്‍ കൂടി അഫ്ഗാന്‍ നിര്‍മിക്കാന്‍ ഞങ്ങള്‍ അവരെ ക്ഷണിക്കുന്നു,'' അസീസി പറഞ്ഞു. ''ഒരു വശത്ത് പാകിസ്ഥാന്‍ ഞങ്ങളുടെ റോഡ് തടയുന്നു. മറുവശത്ത് അമേരിക്ക നമ്മുടെ പണം തടയുന്നു. അതിനാല്‍ ഇന്ത്യ ഈ റോഡ് തുറന്നിടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. മറ്റ് മാര്‍ഗങ്ങളേക്കാള്‍ മത്സരാധിഷ്ഠിതമായും വിലകുറഞ്ഞതുമായി മാറുന്നതിന് സ്വകാര്യമേഖല ഇതില്‍ വന്‍തോതില്‍ നിക്ഷേപം നടത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,'' അസീസി പറഞ്ഞു.
അഫ്ഗാനിലെ വടക്കന്‍ ഫരിയാബ് പ്രവിശ്യയില്‍ നിന്നുള്ള പരവതാനി വില്‍പ്പനക്കാരനായ ഹൂമയൂണ്‍ നൂര്‍ നാല് വര്‍ഷത്തെ നിരന്തരമായ ശ്രമങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് വിസ നേടിയിരുന്നു.
