പോലീസ് സംരക്ഷണത്തില്‍ പുരാതന ദീപത്തൂണ്‍ സ്തംഭത്തില്‍ ആചാരപരമായ വിളക്ക് കൊടുത്താന്‍ അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരേയാണ് ഹര്‍ജി.
അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്ന അഭ്യര്‍ത്ഥന എതിര്‍ത്ത എതിര്‍കക്ഷി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്ന് പറഞ്ഞു. സുപ്രീം കോടതിയുടെ മുമ്പാകെ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയെ അറിയിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
തിരുപ്പരന്‍കുണ്ഡ്രം ദീപം കോടതിയലക്ഷ്യ കേസില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അപ്പീല്‍ വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമപോരാട്ടം ശക്തമായത്.
advertisement
മതപരമായി ഏറെ പ്രധാന്യമുള്ള ഒരു ആചാരമായ കുന്നിന്‍ മുകളിലുള്ള സ്തംഭത്തില്‍ കാര്‍ത്തികദീപം തെളിയിക്കാന്‍ ഹര്‍ജിക്കാരനെ അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ഡിഎംകെയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. കൂടാതെ നിയമവ്യവസ്ഥ സംസ്ഥാനത്തിന്റെ അധികാരങ്ങളെ ബഹുമാനിക്കണമെന്നും വാദിച്ചു.
പുരാതന സ്തംഭത്തില്‍ വിളക്ക് കൊളുത്താനുള്ള കോടതിയുടെ ഡിസംബര്‍ 1ലെ നിര്‍ദേശം നടപ്പാക്കിയിട്ടില്ലെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. സിഐഎസ്എഫിന്റെ സുരക്ഷാ അകമ്പടിയോടെ ആചാരവുമായി മുന്നോട്ട് പോകാന്‍ ഹര്‍ജിക്കാരനെ അനുവദിക്കുകയും ചെയ്തു. സര്‍ക്കാര്‍ വിഷയം കൈകാര്യംചെയ്ത രീതിയെയും ബെഞ്ച് ചോദ്യം ചെയ്തു. ഇത് കോടതിയലക്ഷ്യ നടപടിക്ക് കാരണമായി.
ആചാരപരമായ അവകാശങ്ങളെച്ചൊല്ലി പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന തര്‍ക്കം
ആറുപടൈ വീട് എന്നറിയപ്പെടുന്ന തമിഴ്നാട്ടിലെ ആറ് പ്രധാന മുരുകന്‍ ക്ഷേത്രങ്ങളില്‍ ഒന്നാണ് ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച തിരുപ്പരന്‍കുണ്ഡ്രം മുരുകക്ഷേത്രം. മധുര മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഭാഗമായ തിരുപ്പരന്‍കുണ്ഡ്രം മലയുടെ മേലെയാണ് മുകളിലാണ് ഹസ്രത്ത് സുല്‍ത്താന്‍ സിക്കന്ദര്‍ ബദുഷയുടെ ദര്‍ഗയും സ്ഥിതി ചെയ്യുന്നത്.
അന്ധകാരത്തിനു മേൽ പ്രകാശം വെളിച്ചം നേടിയ വിജയത്തെ പ്രതീകപ്പെടുത്തിയാണ് കാര്‍ത്തികദീപ സമയത്ത് സുബ്രഹ്‌മണ്യ സ്വാമീ ക്ഷേത്രത്തില്‍ വിളക്ക് കൊളുത്തുന്നത്. ഇത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യമാണ്.
കുന്നിന്റെ മുകളിലുള്ള ഒരു ദര്‍ഗയില്‍ നിന്ന് കേവലം 15 മീറ്റര്‍ മാത്രം അകലെയായാണ് ദീപത്തൂണ്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇവിടേക്കുള്ള പ്രവേശന അവകാശങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ബ്രിട്ടീഷ് കാലഘട്ടം മുതല്‍ക്കേ നിലനില്‍ക്കുന്നു.
ദര്‍ഗ പ്രദേശവും നെല്ലിത്തോപ്പ് എന്നറിയപ്പെടുന്ന ഭാഗവും ഒഴികെ കുന്നിന്റെ ഉടമസ്ഥാവകാശം ക്ഷേത്രത്തിനാണെന്ന് പ്രൈവി കൗണ്‍സില്‍(Privy Council) നേരത്തെ വിധിച്ചിരുന്നു.
1862 മുതല്‍ ഉച്ചിപ്പില്ല്യാര്‍ ക്ഷേത്രത്തിന് സമീപം താഴ്ന്ന പ്രദേശത്താണ് വിളക്ക് തെളിയിക്കുന്നത്.
ദീപത്തൂണ്‍ സ്തംഭത്തിന് മുകളില്‍ വിളക്ക് തെളിയിക്കുന്നത് 2014ല്‍ മദ്രാസ് ഹൈക്കോടതി വിലക്കിയിരുന്നു. എന്നാല്‍ പഴയരീതി പുനരുജ്ജീവിപ്പിക്കാന്‍ അനുമതി തേടി വിശ്വാസികള്‍ ഈ വര്‍ഷം പുതിയ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. മദ്രാസ് ഹൈക്കോടതി ഇത് അനുവദിക്കുകയും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ ക്ഷേത്ര അധികാരികളോട് നിര്‍ദേശിക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് താഴ്ന്ന സ്ഥലത്ത് തന്നെയാണ് വിളക്ക് കത്തിച്ചത്. ക്ഷേത്ര ഭരണകൂടത്തിന്റെ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. കോടതിയലക്ഷ്യ ഹര്‍ജി ശനിയാഴ്ച വീണ്ടും പരിഗണിക്കും.
