തമിഴ്നാട്ടിൽ ഹിന്ദി നിരോധിക്കുന്നതിനുള്ള ബിൽ സംസ്ഥാന സർക്കാർ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി സർക്കാരിന്റെ ഔദ്യോഗിക ഫാക്ട് ചെക്കിംഗ് ഏജൻസി. സംസ്ഥാനത്തുടനീളമുള്ള സിനിമകളിലും പാട്ടുകളിലും ഹോർഡിംഗുകളിലും ഹിന്ദി ഉപയോഗിക്കുന്നത് നിരോധിക്കുന്ന ഒരു "ഹിന്ദി വിരുദ്ധ ബിൽ" ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഒരു അടിയന്തര യോഗം വിളിച്ചുചേർത്തതായി അവകാശപ്പെട്ടുകൊണ്ട്, പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് രണ്ട് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വാർത്തകൾ നൽകിയിരുന്നു.
advertisement
ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ ഡിഎംകെ പതിറ്റാണ്ടുകളായി തുടരുന്ന എതിർപ്പ് കണക്കിലെടുത്ത്, ഈ റിപ്പോർട്ടുൾ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പാർട്ടി പിന്തുണക്കാരുടെ ഒരു വിഭാഗത്തിൽ നിന്നും പെട്ടെന്ന് രൂക്ഷമായ പ്രതികരണങ്ങളുണ്ടാക്കിയിരുന്നു. എന്നാൽ ഇത്തരം കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഇങ്ങനൊരു ബില്ലിനുള്ള നിർദ്ദേശമൊന്നും ലഭിച്ചിട്ടില്ല എന്ന് നിയമസഭ സെക്രട്ടറി പറഞ്ഞതായും തമിഴ്‌നാട് ഫാക്ട് ചെക്ക് യൂണിറ്റ് പറഞ്ഞു.
വിശാഖപട്ടണത്ത് 15 ബില്യൺ ഡോളറിന്റെ എഐ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിന് ആന്ധ്രാപ്രദേശ് ഗൂഗിളുമായി കരാറിൽ ഒപ്പുവെച്ചപ്പോൾ, തമിഴ്‌നാട് മുഖ്യമന്ത്രി ഹിന്ദി നിരോധിക്കാൻ നോക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ എക്സ് പോസ്റ്റിലൂടെ സർക്കാരിനെതിരെ പരിഹസിച്ചിരുന്നു.