കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർട്ടിലെ തേജസ്വിയുടെ സ്വാധീനം വളരെ ശക്തമായിരുന്നു. സ്ഥാനാർത്ഥി നിർണ്ണയം, പാർട്ടി ചിഹ്നം, പതാക എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ തീരുമാനമെടുക്കാൻ കഴിഞ്ഞ വർഷം ദേശീയ എക്സിക്യൂട്ടീവ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു. വരാനിരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികൾ നേരിടാൻ പാർട്ടിയുടെ നേതൃത്വ നിര കൂടുതൽ ശക്തവും വ്യക്തവുമാക്കുന്നതുമായി ബന്ധപ്പെട്ട നീക്കമായാണ് തേജസ്വി യാദവിന്റെ നിയമനത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
യാദവ് കുടുംബത്തിനുള്ളിലെ അസ്വാരസ്യങ്ങൾക്കിടയിലാണ് ഈ നിയമനം എന്നത് ശ്രദ്ധേയമാണ്. ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് മുന്നോടിയായി തേജസ്വിയുടെ മൂത്ത സഹോദരി രോഹിണി ആചാര്യ സോഷ്യൽ മീഡിയയിലൂടെ പാർട്ടി നേതൃത്വത്തിനെ പരോക്ഷമായ വിമർശിച്ചിരുന്നു. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിന് പകരം പാർട്ടി നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. ലാലു പ്രസാദ് യാദവിന്റെ പ്രത്യയശാസ്ത്രത്തോട് കൂറുള്ളവർക്ക് പാർട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ അവകാശമുണ്ടെന്നും അവർ എക്സിൽ കുറിച്ചു.
advertisement
രാഷ്ട്രീയ എതിരാളികൾ പാർട്ടിയെ തകർക്കാൻ അയച്ച ചാരന്മാരും ഗൂഢാലോചനക്കാരുമാണ് ഇപ്പോൾ ആർ.ജെ.ഡിയിൽ സ്വാധീനം ചെലുത്തുന്നതെന്ന് അവർ ആരോപിച്ചിരുന്നു. കഴിഞ്ഞ വർഷം നടന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി നേരിട്ട കനത്ത തിരിച്ചടിയ്ക്ക് പിന്നാലെയായിരുന്നു രോഹിണിയുടെ ഈ പ്രതികരണങ്ങൾ വന്നത്.
തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ താൻ രാഷ്ട്രീയം വിടുകയാണെന്ന് രോഹിണി പ്രഖ്യാപിക്കുകയും തേജസ്വിയുടെ അടുത്ത സഹായികളെ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു. രോഹിണിക്ക് പിന്നാലെ മൂത്ത സഹോദരനും മുൻ മന്ത്രിയുമായ തേജ് പ്രതാപ് യാദവും തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.
