ഇത്തരത്തില്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്നും കുറയ്ക്കുന്ന തുക അവരുടെ മാതാപിതാക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും. പുതിയ ഉദ്യോഗസ്ഥരുടെ നിയമന കത്തുകള്‍ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായമായ മാതാപിതാക്കള്‍ അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും ജീവനക്കാരന്‍ മാതാപിതാക്കളെ പരിപാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അവരുടെ ശമ്പളത്തില്‍ 10-15 ശതമാനം കുറയ്ക്കുകയും ഇത് മാതാപിതാക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യും. എല്ലാ മാസവും ഒന്നാം തീയതി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതുപോലെ അവരുടെ മാതാപിതാക്കള്‍ക്കും ഇതേ ദിവസം തുക ലഭിക്കുമെന്നും ഇതുസംബന്ധിച്ച നിയമം ഉടന്‍ കൊണ്ടുവരുമെന്നും രേവന്ത് റെഡ്ഡി അറിയിച്ചു.
advertisement
ലിംഗഭേദമില്ലാതെ എല്ലാ മക്കളും മാതാപിതാക്കളോട് തുല്യ ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. "വിവാഹത്തിനുശേഷവും പെണ്‍മക്കള്‍ തങ്ങളുടെ മാതാപിതാക്കളെ പരിപാലിക്കണം. ആണ്‍മക്കള്‍ക്ക് സ്ത്രീധനം, കാറുകള്‍, ഭാര്യമാരുടെ ബന്ധുക്കള്‍ എന്നിങ്ങനെ ലഭിച്ചേക്കാം. എന്നാല്‍ ഒരിക്കലും സ്വന്തം മാതാപിതാക്കളെ ഉപേക്ഷിക്കരുത്. ഇന്ന് നിങ്ങള്‍ എന്തെങ്കിലും ആയിത്തീര്‍ന്നതിന് അവരോട് കടപ്പെട്ടിരിക്കുന്നു. പുതുതായി നിയമിക്കപ്പെട്ട ജീവനക്കാരെ കൊണ്ട് നിര്‍ദ്ദിഷ്ട ബില്‍ തയ്യാറാക്കിപ്പിക്കുകയും നിയമനിര്‍മ്മാണം നടത്തുന്നതിന് ഓഫീസര്‍മാരുടെ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ ചിഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്യും", മുഖ്യമന്ത്രി വിശദമാക്കി.
മുന്‍ ബിആര്‍എസ് സര്‍ക്കാരിനെ മുഖ്യമന്ത്രി വിമര്‍ശിക്കുകയും ചെയ്തു. പത്ത് വര്‍ഷത്തെ ഭരണത്തില്‍ തൊഴില്‍ നിയമനങ്ങള്‍ അവഗണിക്കപ്പെട്ടതായി മന്ത്രി ആരോപിച്ചു. ഈ കാലയളവില്‍ ഒരു വിജ്ഞാപനം പോലും പുറപ്പെടുവിച്ചിട്ടില്ലെന്നും അധികാരത്തിലെത്തി 18 മാസത്തിനുള്ളില്‍ ഈ വാഗ്ദാനം നിറവേറ്റിയത് ജനങ്ങളുടെ സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാന സംസ്ഥാന പദവി നേടിയത് വിദ്യാര്‍ത്ഥികളുടെയും തൊഴില്‍രഹിതരായ യുവാക്കളുടെയും ത്യാഗത്തിലൂടെയാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മുന്‍ സര്‍ക്കാര്‍ ഇവരുടെ ത്യാഗം കൊണ്ടാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും എന്നാല്‍ തൊഴിലില്ലാത്തവരുടെ അഭിലാഷങ്ങള്‍ മുന്‍ സര്‍ക്കാര്‍ മറന്നുപോയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവര്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ യുവാക്കള്‍ക്ക് എട്ട് വര്‍ഷം മുമ്പേ ജോലി ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ യുവാക്കളേക്കാള്‍ കുടുംബ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതിന് ബിആര്‍എസ് സര്‍ക്കാരിനെ അദ്ദേഹം വിമര്‍ശിച്ചു. അധികാരത്തിലെത്തിയ ഉടന്‍ തങ്ങള്‍ നിയമനങ്ങള്‍ പൂര്‍ത്തിയാക്കി എന്നും തെലങ്കാന പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകുക എന്ന ദൗത്യം ടിജിപിഎസ്‍സി ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. നിരവധി തടസങ്ങൾ നേരിട്ടിട്ടും ആദ്യത്തെ ഒരു വർഷംകൊണ്ട് 60,000 തൊഴിലവസരങ്ങൾ ഈ സർക്കാർ സൃഷ്ടിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില ബിആർഎസ് നേതാക്കൾ അധികാരം വീണ്ടെടുക്കാൻ വൈകാരികത ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. അസംതൃപ്തരായ ഇത്തരം രാഷ്ട്രീയ ശക്തികളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Summary: The Telangana government is preparing legislation to mandate salary cuts for government employees who fail to care for their elderly parents. Chief Minister A Revanth Reddy announced on Saturday that a law would be introduced to deduct the salaries of officials neglecting their parents by 10 to 15 percent.