വൈഎസ്ആര്‍സിപിയുടെ വിജയസായി റെഡ്ഡി രാജസഭാംഗത്വം രാജിവെച്ച് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി അറിയിച്ചിരുന്നു. 2028 ജൂണ്‍ വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്. വൈഎസ്ആര്‍സിപിയില്‍ നിന്നുള്ള രണ്ട് രാജ്യസഭാ എംപിമാര്‍ രാജിവെച്ചതിനെ തുടര്‍ന്ന് സൃഷ്ടിക്കപ്പെട്ട ഒഴിവുകളിലേക്ക് ടിഡിപി അവകാശവാദം ഉന്നയിച്ചിരുന്നു.
വിജയ്‌സായിയുടെ രാജിയെ തുടര്‍ന്ന് ഒഴിവുവന്ന മൂന്നാമത്തെ സീറ്റിലേക്ക് ബിജെപി അവകാശവാദം ഉന്നയിച്ചേക്കും. മേയ് 9നാണ് തിരഞ്ഞെടുപ്പ് നടക്കുക. മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈയെയും ഈ സീറ്റിലേക്ക് പരിഗണിക്കുന്നവരില്‍ ഉള്‍പ്പെടുന്നതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
advertisement
2024ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയിൽ മുന്‍ ലോക്‌സഭാ എംപിയായ സ്മൃതി ഇറാനി കോണ്‍ഗ്രസിന്റെ കിഷോരി ലാല്‍ ശര്‍മയോട് 1.6 ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി അമേഠി സീറ്റ് പിടിച്ചെടുത്തിരുന്നു. അതിനാല്‍ തന്നെ അവരെ ഇപ്പോഴും സ്വാധീനമുള്ള നേതാവായാണ് കാണുന്നത്.
തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷനായിരുന്നു അണ്ണാമലൈ. ജനങ്ങള്‍ക്കിടയില്‍ ബിജെപിയുടെ സ്വീകാര്യത മെച്ചപ്പെടുത്തുന്നതില്‍ അണ്ണാമലൈ പങ്കുവഹിച്ചിട്ടുണ്ട്. ബിജെപിയില്‍ ചേരാന്‍ വേണ്ടി ഐപിഎസ് ഉപേക്ഷിച്ച അണ്ണാമലൈ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി ബന്ധം സ്ഥാപിക്കാന്‍ ബിജെപിയെ സഹായിച്ച യുവ നേതാവായാണ് കണക്കാക്കപ്പെടുന്നത്.
അടുത്തിടെയാണ് ബിജെപി അധ്യക്ഷസ്ഥാനം ഉപേക്ഷിക്കാന്‍ അണ്ണാമലൈയോട് പാര്‍ട്ടിനേതൃത്വം ആവശ്യപ്പെട്ടത്. ബിജെപിയുമായുള്ള സഖ്യത്തിന് അണ്ണാഡിഎംകെ മുന്നോട്ട് വെച്ച നിബന്ധനകളിലൊന്ന് അണ്ണാമലൈയെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുക എന്നതായിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മേയ് 9ന് നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 29നാണ്.