സമാധാനവും സാമുദായിക ഐക്യവുമാണ് ഇപ്പോൾ അയോധ്യയിലുള്ളതെന്ന് ബാബറി മസ്ജിദ് കേസിലെ മുൻ ഹർജിക്കാരൻ ഇഖ്ബാൽ അൻസാരി. നഗരത്തിലെ വികസനവും സഹവർത്തിത്വവും എടുത്തു പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2019 ലെ സുപ്രീം കോടതി വിധി രാജ്യമെമ്പാടുമുള്ള മുസ്ലീങ്ങൾ ബഹുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
"രാജ്യമെമ്പാടുമുള്ള മുസ്ലീങ്ങൾ തീരുമാനത്തെ ബഹുമാനിച്ചു. ഇന്ന് അയോധ്യയിൽ സമാധാനമുണ്ട്. ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ തർക്കമില്ല, പ്രതിഷേധങ്ങളില്ല, അശാന്തിയുമില്ല. അയോധ്യ ഒരു മതസ്ഥലമാണ്, ഇവിടെ സാഹോദര്യമുണ്ട്. ക്ഷേത്രം നിർമ്മിച്ചിരിക്കുന്നു, ഓരോ മുസ്ലീമും ഈ തീരുമാനം ഐക്യത്തോടെ സ്വീകരിച്ചു. നമ്മുടെ രാഷ്ട്രം വളരണമെന്നും നമ്മുടെ രാജ്യത്ത് സമാധാനം ഉണ്ടാകണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു."-ഇഖ്ബാൽ അൻസാരി പറഞ്ഞു.
സുപ്രീം കോടതി വിധിക്ക് ശേഷമുള്ള നഗരത്തിന്റെ വികസനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അയോധ്യയിൽ ഇപ്പോൾ വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, നല്ല റോഡുകൾ, കുളങ്ങൾ, പാർക്കുകൾ എന്നിവയുണ്ടെന്നും കൂടുതൽ തൊഴിലവസരങ്ങളുണ്ടെന്നും നഗരം ഗണ്യമായി പുരോഗമിച്ചെന്നും അദ്ദേഹം പറഞ്ഞു.
1992 ഡിസംബർ ആറിനായിരുന്നു ബാബറി മസ്ജിദ് തകർക്കപ്പെട്ടത്. ഇതിന്റെ വാർഷികത്തോടനുബന്ധിച്ച് ശനിയാഴ്ച ഉത്തർപ്രദേശിലുടനീളം സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. അയോധ്യയും മഥുരയും അതീവ ജാഗ്രതയിലാണ്. ബാരിക്കേഡുകൾ, സിസിടിവി നിരീക്ഷണം, ഡ്രോൺ നിരീക്ഷണം എന്നിവയുൾപ്പെടെ ബഹുതല സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
മഥുരയിൽ, ശ്രീകൃഷ്ണ ജന്മഭൂമി സമുച്ചയവും ഷാഹി ഈദ്ഗാഹ് മസ്ജിദും കർശന സുരക്ഷയിലാണ്. നിരീക്ഷണത്തിനായി സോണുകളും സൂപ്പർ സോണുകളും ആയി മേഖലയെ തിരിച്ചിട്ടുണ്ട്.. വൃന്ദാവനത്തിലെ ബങ്കെ ബിഹാരി ക്ഷേത്രം, പ്രേം മന്ദിർ, മറ്റ് പ്രമുഖ ക്ഷേത്രങ്ങൾ എന്നിവയും കർശന നിരീക്ഷണത്തിലാണ്. പൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പിഎസി), റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്) എന്നിവയുടെ ഉദ്യോഗസ്ഥരെയും യൂണിറ്റുകളെയും സജ്ജരാക്കിയിട്ടുണ്ട്.
2019 നവംബർ 9 ന് സുപ്രീം കോടതി തർക്ക ഭൂമി രാം ലല്ല വിരാജ്മാന് നൽകുകയും സുന്നി വഖഫ് ബോർഡിന് അഞ്ച് ഏക്കർ അനുവദിക്കാൻ നിർദ്ദേശിക്കുകയും ചെയ്തതോടെയാണ് ബാബറി മസ്ജിദ്-രാം മന്ദിർ തർക്കം ഒരു പ്രധാന വഴിത്തിരിവിലെത്തിയത്. തുടർന്ന് 2020 ഓഗസ്റ്റ് 5 ന് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടന്നു.
2025 നവംബർ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിൽ കാവി ധർമ്മ ധ്വജം ഉയർത്തിയതോടെ ക്ഷേത്രം പൂർണ്ണമായും പൂർത്തിയായതായി പ്രഖ്യാപിക്കപ്പെട്ടു.
