സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയതിനെ സിപിഎം എതിർക്കുന്നു.സ്റ്റാർലിങ്കിന്റെ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ദോഷം ചെയ്യുമെന്നും സർക്കാർ ഉടൻ തന്നെ തീരുമാനം പിൻവലിക്കണമെന്നും സിപിഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ പ്രവർത്തിക്കാൻ സ്റ്റാർലിങ്കിന് അനുമതി നൽകിയതിന്റെ മുഴുവൻ പ്രക്രിയയിലും സുതാര്യതയില്ല. സ്റ്റാർലിങ്ക് ഒരു വിദേശ കോർപ്പറേഷനാണ്, ഇന്ത്യയുടെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ വിദേശ കൈകൾക്ക് കൈമാറുന്നത് ഗുരുതരമായ സുരക്ഷാ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഇത് യുഎസ് ഏജൻസികൾക്ക് നമ്മുടെ ടെലികോം സംവിധാനത്തിലേക്കും തന്ത്രപരമായ ആശയവിനിമയങ്ങളിലേക്കും പിൻവാതിൽ തുറന്ന് നൽകും.
advertisement
സ്റ്റാർലിങ്കിന് ഒരിക്കൽ അനുവദിച്ച സാറ്റലൈറ്റ് സ്പോട്ടുകളുടെ എണ്ണം, പ്രത്യേകിച്ച് ലോ എർത്ത് ഓർബിറ്റ് സ്പോട്ടുകൾ, തിരിച്ചെടുക്കാൻ കഴിയില്ല. ഇത് ഇന്ത്യയുടെ ബഹിരാകാശ വിഭവങ്ങൾ വിദേശ സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുന്നതിലേക്കും രാജ്യത്തിന്റെ താൽപ്പര്യങ്ങൾ ബലികഴിക്കുന്നതിലേക്കും നയിക്കും.
രാജ്യത്തിന്റെ സ്വാശ്രയ ശേഷി വികസിപ്പിക്കുന്നതിൽ സർക്കാരിന് ശരിക്കും താൽപ്പര്യമുണ്ടെങ്കിൽ ISRO യുടെ സേവനങ്ങൾ ഉപയോഗിക്കാമെന്നും SATCOM മേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകാനുള്ള കഴിവ് ഇന്ത്യയ്ക്ക്, പ്രത്യേകിച്ച് DoT, C-DOT എന്നിവയ്ക്ക് ഉണ്ടെന്നും അതിലൂടെ ഇന്ത്യൻ പൊതുമേഖലയെ ശക്തിപ്പെടുത്തുകയും സുരക്ഷയും ഡിജിറ്റൽ പരമാധികാരവും സംരക്ഷിക്കുകയും ചെയ്യാമായിരുന്നു എന്നും സിപിഎം പ്രസ്താവനയിൽ പറഞ്ഞു.