ഓണ്‍ലൈന്‍ മണി ഗെയിമും ഓണ്‍ലൈന്‍ ഗെയിമിംഗ് സേവനവും നല്‍കുന്ന ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തം നിരോധിക്കുകയാണ് ഇതിനോടുള്ള സര്‍ക്കാരിന്റെ സമീപനമെന്ന് ലഭ്യമായ കുറിപ്പില്‍ പറയുന്നു. ഈ നിരോധനം ഓപ്പറേറ്റര്‍മാര്‍ക്ക് അപ്പുറത്തേക്കും വ്യാപിക്കുന്നതാണ്. കൂടാതെ എല്ലാ തരത്തിലുമുള്ള പ്രമോഷനെയും ഇത് വ്യക്തമായി ലക്ഷ്യമിടുന്നു.
ആരെയെങ്കിലും ഓണ്‍ലൈന്‍ മണി ഗെയിം കളിക്കാനോ ഓണ്‍ലൈന്‍ മണി ആപ്പില്‍ ഏര്‍പ്പെടാനോ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഏതെങ്കിലും മാധ്യമത്തിലോ ആശയവിനിമയത്തിലോ ആരെങ്കിലും പ്രവര്‍ത്തിക്കുകയോ, സൃഷ്ടിക്കാന്‍ ശ്രമിക്കുകയോ, സഹായിക്കുകയോ, പ്രേരിപ്പിക്കുകയോ ചെയ്യരുത് എന്ന് ബില്ലില്‍ പറയുന്നു. ഇതില്‍ സെലിബ്രിറ്റികളുടെയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍മാരുടെയും അംഗീകാരങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നതും ഉള്‍പ്പെടുന്നു.
advertisement
നിയമം ലംഘിച്ചാല്‍ കഠിനമായ ശിക്ഷകളാണ് ലഭിക്കുകയെന്നും ബില്ലില്‍ പറയുന്നു. ഓണ്‍ലൈന്‍ മണി ഗെയിമിംഗ് സേവനം വാഗ്ദാനം ചെയ്യുന്ന ഏതൊരാള്‍ക്കും അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. സെലിബ്രിറ്റികള്‍, ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ടാല്‍ അവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും 50 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. അതേസമയം, വിനോദത്തിനായി മാത്രം ഉപയോഗിക്കുന്ന ഗെയിമിംഗ് ആപ്പുകളെ ഈ നിയന്ത്രണങ്ങള്‍ ബാധിക്കില്ലെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ഗെയിമിംഗ് വ്യവസായം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരമൊരു ഇടപെടല്‍ അത്യാവശ്യമാണെന്ന് സര്‍ക്കാരിനുള്ളില്‍ ശക്തമായ വികാരമുണ്ട്. പണത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിമിംഗിന്റെ അനിയന്ത്രിതമായ വളര്‍ച്ച യുവതലമുറയില്‍ ഗണ്യമായ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നു. ഈ ഗെയിമുകള്‍ ആസക്തി സ്വാഭാവം പ്രകടിപ്പിക്കുമെന്നും സാമ്പത്തിക അപകടങ്ങള്‍ ഉണ്ടാക്കിയേക്കുമെന്നും വിലയിരുത്തുന്നു. ഈ മേഖലയെയും ഇ-സ്‌പോര്‍ട്‌സിനെയും വേര്‍തിരിച്ചറിയാനും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നു.
ഒരു സേവനം പൂര്‍ണമായി നിരോധിക്കുന്നത് പോലെയുള്ള കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഉപയോക്താക്കളെ കരിഞ്ചന്തയിലേക്ക് തള്ളിവിടുമെന്ന് ഗെയിംഗ് വ്യവസായം ആരോപിക്കുന്നു. സര്‍ക്കാരിന്റെ നീക്കം ഉപയോക്താക്കളെ നിയമവിരുദ്ധവും വിദേശവുമായ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളിലേക്ക് തള്ളിവിടുമെന്നും ഇത് ഡാറ്റാ മോഷണം, ഹവാല ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, ഓണ്‍ലൈന്‍ വായ്പാദാതാക്കളുടെ ചൂഷണം എന്നിവയുടെ കൂടുകല്‍ സാധ്യത സൃഷ്ടിക്കുമെന്നും അവര്‍ ആരോപിച്ചു. പൂര്‍ണമായി നിരോധിക്കുന്നതിന് പകരം കെവൈസി, സാമ്പത്തിക സുരക്ഷാ നടപടികള്‍ പോലെയുള്ള നടപടികള്‍ പിന്തുടര്‍ന്ന് ദേശീയ താത്പര്യവും ഉപഭോക്തൃ ക്ഷേമവും സംരക്ഷിക്കുകയാണ് അനുയോജ്യമായ മാര്‍ഗമെന്നും അവര്‍ വാദിക്കുന്നു.