ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങി രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഡെലിവറി സമയപരിധി സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനു വേണ്ടിയാണ് യോഗം വിളിച്ചത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബ്ലിങ്കിറ്റ് തങ്ങളുടെ ബ്രാന്‍ഡിംഗില്‍ നിന്ന് 10 മിനിറ്റില്‍ ഡെലിവറി എന്ന വാഗ്ദാനം നീക്കം ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ മറ്റ് കമ്പനികളും ഇത് പിന്തുടരുമെന്നാണ് പ്രതീക്ഷ.
ഗിഗ് തൊഴിലാളികള്‍ക്ക് (താല്‍ക്കാലികാടിസ്ഥാനത്തിലോ മണിക്കൂര്‍ വേതനത്തിലോ പ്രവര്‍ത്തിക്കുന്ന ഡെലിവറി ജീവനക്കാര്‍ ഫ്രീലാന്‍സര്‍മാര്‍ എന്നിവര്‍) കൂടുതല്‍ സുരക്ഷയും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ഉറപ്പാക്കാനാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
advertisement
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിലും ഗിഗ് തൊഴിലാളികളുടെ സുരക്ഷാ വിഷയം ഉന്നയിക്കപ്പെട്ടു. 10 മിനിറ്റുകൊണ്ട് ഡെലിവറി നടത്തണമെന്ന ജോലി സമ്മര്‍ദ്ദം ഇത്തരം ജീവനക്കാരെ യാഥാര്‍ത്ഥ്യബോധമില്ലാത്ത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി റോഡിലെ അപകടസാധ്യതകള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് എഎപി രാജ്യസഭ എംപി രാഘവ് ഛദ്ദ വാദിച്ചു. സൗകര്യത്തിനപ്പുറത്തേക്ക് ഈ വിഷയത്തെ നോക്കികാണാനും വേഗത്തിലുള്ള ഡെലിവറിക്ക് പകരം മനുഷ്യ ജീവന്‍ പരിഗണിക്കാനും അദ്ദേഹം സഭയോട് ആവശ്യപ്പെട്ടു.
സ്വയം ബ്ലിങ്കിറ്റ് ഏജന്റായി വേഷം ധരിച്ച് ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്ന ഒരു വീഡിയോയും ഛദ്ദ തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. ഗിഗ് തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളിലേക്ക് ശ്രദ്ധക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു അത്. ഇന്ത്യയിലെ അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയില്‍ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായുള്ള ആഹ്വാനം കൂടിയായിരുന്നു അത്. "ബോര്‍ഡ് റൂമുകളില്‍ നിന്ന് മാറി ഒരു ദിവസം താഴെത്തട്ടിലേക്കിറങ്ങി ജീവിച്ചു", എന്ന അടിക്കുറിപ്പോടെയാണ് എംപി വീഡിയോ പങ്കിട്ടത്.
നാല് തൊഴില്‍ നിയമങ്ങള്‍ക്കുള്ള കരട് നിയമങ്ങള്‍ അടുത്തിടെ കേന്ദ്ര തൊഴില്‍ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഗിഗ് തൊഴിലാളികള്‍ക്കായുള്ള ആനുകൂല്യങ്ങളും സുരക്ഷാ കവറേജുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ ഒന്നുമുതല്‍ തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നേക്കും.
കരട് നിയമങ്ങള്‍ അനുസരിച്ച് ഒരു ഗിഗ് തൊഴിലാളിക്ക് കേന്ദ്രത്തിന്റെ സാമൂഹിക സുരക്ഷാ അനുകൂല്യം ലഭിക്കുന്നതിന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 90 ദിവസമെങ്കിലും അവര്‍ കമ്പനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരിക്കണം. ഒന്നിലധികം കമ്പനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ ഈ കാലാവധി 120 ദിവസമായാണ് നിശ്ചയിച്ചിട്ടുള്ളത്.
Summary: The Centre tells no to quick service delivery platforms
