2000 മുതല്‍ കൃഷ്ണ ഗോദാവരി ബേസിനിലെ (KG-D6) എണ്ണപ്പാടത്തിന്റെ നടത്തിപ്പുകാരായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള സുപ്രധാനമായ അന്താരാഷ്ട്ര തര്‍ക്കം അന്തിമഘട്ടത്തിലേക്ക്. കെജിഡി6 ബ്ലോക്കില്‍ നിന്ന് 247 ഡോളറിന്റെ അധിക ലാഭവിഹിതം ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കാരിന്റെ അവകാശവാദമാണ് തര്‍ക്കത്തിന്റെ കാതല്‍.
ഈ ദീര്‍ഘകാല തര്‍ക്കത്തിന് 2026ല്‍ ഒരു തീര്‍പ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കോര്‍പ്പറേറ്റ് ഭീമനും സര്‍ക്കാരും തമ്മിലുള്ള നിയമയുദ്ധം എന്നതിലുപരി, ഇന്ത്യയുടെ ഊര്‍ജ്ജമേഖലയിലെ നിക്ഷേപങ്ങളുടെ ഭാവിയെയും കരാറുകളുടെ നൈതികതയെും സംബന്ധിച്ച സുപ്രധാനമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഒന്നാണ് കെജി ബേസിന്‍ തര്‍ക്കം.
advertisement
എന്താണ് പ്രശ്‌നം?
സമുദ്രത്തിലെ എണ്ണപ്രകൃതിവാതക പര്യവേക്ഷണങ്ങള്‍ ഉയര്‍ന്ന സാമ്പത്തിക നഷ്ടസാധ്യതകള്‍ നിറഞ്ഞതാണ്. ഇത്തരം പദ്ധതികളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി, പുതിയ പര്യവേക്ഷണ ലൈസന്‍സിംഗ് നയത്തിന് (NELP) കീഴില്‍ രൂപീകരിച്ച ഉല്‍പ്പാദന പങ്കാളിത്ത കരാറുകള്‍ (Production Sharing Cotnract - PSC), കമ്പനികള്‍ക്ക് അവര്‍ മുടക്കിയ പണം തിരിച്ചുപിടിക്കാന്‍ അവസരം നല്‍കുന്നു. റിലയന്‍സും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിന്റെ അടിസ്ഥാന കാരണവും ഈ 'ചെലവ് തിരിച്ചുപിടിക്കല്‍' വ്യവസ്ഥയുമായി ബന്ധപ്പെട്ടാണ്.
പ്രതീക്ഷിച്ചതിലും കുറഞ്ഞ പ്രകൃതിവാതക ഉല്‍പ്പാദനം നടന്നപ്പോള്‍, ആര്‍ഐഎല്‍, ബിപി പിഎല്‍സി, നിക്കോ റിസോഴ്‌സസ് എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യം ഇതിനകം മുടക്കിയ മൂലധനച്ചെലവിന്റെ ഒരു ഭാഗം തിരിച്ചുപിടിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടത്. കണ്‍സോര്‍ഷ്യം അംഗീകരിച്ച ചെലവുകള്‍ ഏകപക്ഷീയമായി തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് റിലയന്‍സ് അന്താരാഷ്ട്ര ട്രൈബ്യൂണലിനെ സമീപിച്ചത്. റിലയന്‍സിന്റെ വാദങ്ങളുടെയെല്ലാം അടിസ്ഥാനം, സര്‍ക്കാര്‍ ഈ നടപടിയിലൂടെ കരാര്‍ ലംഘനം നടത്തി എന്നതാണ്.
കരാര്‍ വ്യവസ്ഥകളും റിലയന്‍സിന്റെ വാദങ്ങളും
വന്‍കിട പശ്ചാത്തല സൗകര്യ വികസന പദ്ധതികളിലേക്ക് അന്താരാഷ്ട്ര നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ കരാറിന്റെ സാധുത ഒരു നിര്‍ണ്ണായക ഘടകമാണ്. സര്‍ക്കാര്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് സ്ഥാപിക്കുന്ന നിരവധി വാദങ്ങളാണ് റിലയന്‍സ് മുന്നോട്ടുവെക്കുന്നത്. ഇവയുടെ നിയമപരമായ അടിത്തറയാണ് തര്‍ക്കത്തില്‍ കമ്പനിക്ക് മുന്‍തൂക്കം നല്‍കുന്നത്.
സര്‍ക്കാര്‍ അംഗീകരിച്ച ചെലവുകള്‍ പിന്നീട് തടഞ്ഞുവെക്കാനുള്ള തീരുമാനം ഉല്‍പ്പാദന പങ്കാളിത്ത കരാറിലെ വ്യവസ്ഥകള്‍ക്കും അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട കീഴ്‌വഴക്കങ്ങള്‍ക്കും എതിരാണെന്ന് പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതാണ് റിലയന്‍സും വാദിക്കുന്നത്. പദ്ധതിയുടെ എല്ലാ ചെലവുകളും നിരീക്ഷിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനുമായി ഒരു മാനേജ്‌മെന്റ് കമ്മിറ്റിയുണ്ട്. വീറ്റോ അധികാരമുള്ള രണ്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ ഈ കമ്മിറ്റിയിലെ അംഗങ്ങളാണ്. ഈ കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഒരു രൂപ പോലും ചെലവഴിക്കാന്‍ കണ്‍സോര്‍ഷ്യത്തിന് കഴിയില്ല. റിലയന്‍സ് എല്ലാ നടപടിക്രമങ്ങളും പാലിച്ച്, ആവശ്യമായ എല്ലാ സര്‍ക്കാര്‍ അനുമതികളും നേടിയ ശേഷമാണ് പണം മുടക്കിയത് എന്നതും കമ്പനിയുടെ പ്രധാന വാദമാണ്.
ചെലവുകള്‍ അംഗീകരിച്ച്, പണം മുടക്കിയതിന് ശേഷം ഏകപക്ഷീയമായി അത് തടഞ്ഞുവെക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഒരു വ്യവസ്ഥയും ഉല്‍പ്പാദന പങ്കാളിത്ത കരാറില്‍ ഇല്ലെന്നാണ് വിദഗ്ധരുടെ പക്ഷം. മാത്രമല്ല, ഈ പദ്ധതിക്കായി സര്‍ക്കാര്‍ ഒരു രൂപ പോലും നിക്ഷേപിച്ചിട്ടില്ല. അതിനാല്‍ സര്‍ക്കാരിന് സാമ്പത്തികമായ യാതൊരു നഷ്ടസാധ്യതയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിനകം തന്നെ ലാഭവിഹിതം, റോയല്‍റ്റി, നികുതികള്‍ എന്നിവയിലൂടെ സര്‍ക്കാരിന് വലിയൊരു തുക ലഭിച്ചിട്ടുമുണ്ട്.
സര്‍ക്കാരിന്റെ സ്വന്തം പ്രതിനിധികള്‍ വീറ്റോ അധികാരം ഉപയോഗിച്ച് അംഗീകരിച്ച ചെലവുകളാണ് പിന്നീട് സര്‍ക്കാര്‍ ഏകപക്ഷീയമായി തടഞ്ഞുവെച്ചത് എന്നതാണ് ഈ വാദങ്ങളിലെ ഏറ്റവും നിര്‍ണ്ണായകമായ വൈരുദ്ധ്യം.
നിക്ഷേപകരെ ബാധിക്കും
ഈ നിയമയുദ്ധം റിലയന്‍സിനും സര്‍ക്കാരിനും ഇടയിലുള്ള ഒരു തര്‍ക്കം എന്നതിലുപരി, ഇന്ത്യയുടെ വിശാലമായ സാമ്പത്തിക സാഹചര്യങ്ങളിലും ഊര്‍ജ്ജ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തിലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കണ്‍സോര്‍ഷ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു 'ഇരട്ട പ്രഹരമാണ്'. കാരണം, കരാറിലെ രണ്ട് സുപ്രധാന വ്യവസ്ഥകളാണ് ഇവിടെ ലംഘിക്കപ്പെട്ടത്. ഒന്നാമതായി, നിക്ഷേപിച്ച മൂലധനച്ചെലവ് തിരിച്ചുപിടിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. രണ്ടാമതായി, ഉല്‍പ്പന്നത്തിന് വിപണി വില ഉറപ്പുനല്‍കുന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ട്, ഉല്‍പ്പാദിപ്പിച്ച പ്രകൃതിവാതകം വിപണി വിലയേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍ വില്‍ക്കാന്‍ കമ്പനി നിര്‍ബന്ധിതരായി. ഇത് കരാറിന്റെ മറ്റൊരു ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പല വിദഗ്ദ്ധരുടെയും അഭിപ്രായത്തില്‍, സര്‍ക്കാര്‍ നടപടി 'കരാര്‍ സാധുതയെ ഹനിക്കുന്നതും രാജ്യത്തിന്റെ നിക്ഷേപ കാഴ്ചപ്പാടിനെ പ്രതികൂലമായി ബാധിക്കുന്നതുമാണ്'. ഇന്ത്യയുടെ ഊര്‍ജ്ജ ഇറക്കുമതി ആശ്രിതത്വം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, 'ഊര്‍ജ്ജ ആത്മനിര്‍ഭരത' കൈവരിക്കുന്നതിന് കൂടുതല്‍ നിക്ഷേപം അത്യന്താപേക്ഷിതമാണ്. ഈ ഘട്ടത്തില്‍ നിക്ഷേപകരില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നത് രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമാണ്.
കെജി ബേസിന്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള വൈരുദ്ധ്യം നിറഞ്ഞ നയങ്ങളുടെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട നയങ്ങള്‍ കൂടുതല്‍ പരിശോധിക്കേണ്ടതുണ്ടെന്ന ആവശ്യമാണുയരുന്നത്.
റിലയന്‍സിന്റെ കെജിഡി6 ബ്ലോക്ക് ഇന്ത്യയിലെ ഏറ്റവും വിജയകരമായ ആഴക്കടല്‍ ബ്ലോക്ക് ആയിരുന്നിട്ടും നടപടി നേരിടേണ്ടി വന്നു എന്നതാണ് ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വൈരുദ്ധ്യം. അതേസമയം, കെജി ബേസിനില്‍ മറ്റ് കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കുന്നതും ഡി6 ബ്ലോക്കിനേക്കാള്‍ മോശം പ്രകടനം കാഴ്ചവെച്ചതുമായ മറ്റ് ബ്ലോക്കുകള്‍ക്കെതിരെ സര്‍ക്കാര്‍ സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
നിലവില്‍ ഈ തര്‍ക്കം അതിന്റെ അന്തിമഘട്ടത്തിലാണ്. കരാര്‍പരമായ ബാധ്യതകളും സര്‍ക്കാരിന്റെ ഏകപക്ഷീയമായ നടപടികളും തമ്മിലുള്ള പോരാട്ടത്തിന്റെ അന്തിമ വിധി 2026ല്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഊര്‍ജ്ജ ആത്മനിര്‍ഭരത എന്ന ലക്ഷ്യത്തെയും ഭാവിയിലെ നിക്ഷേപങ്ങളെയും ദീര്‍ഘകാലത്തേക്ക് സ്വാധീനിക്കാന്‍ പോകുന്ന ഒന്നായിരിക്കും കേസിലെ വിധി എന്നത് തീര്‍ച്ചയാണ്. അതിനാല്‍ തന്നെ ഊര്‍ജ്ജ, വ്യവസായ മേഖലകള്‍ ഈ വിധിക്കായി അതീവ താല്‍പ്പര്യത്തോടെയാണ് കാത്തിരിക്കുന്നത്.
