TRENDING:

ഈ കോഴിയുടെ കഴുത്തിൽ ഇന്ത്യൻ സൈന്യം ശക്തി കൂട്ടുന്നത് എന്തുകൊണ്ട് ?

Last Updated:

ഇന്ത്യയുടെ ഭൗമരാഷ്ട്രീയ സുരക്ഷാ ഭൂപ്രകൃതിയില്‍ ഈ ഇടനാഴി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗ്ലാദേശിലെ പുതിയ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കും ചൈനയില്‍ നിന്നുയരുന്ന ഭീഷണികള്‍ക്കുമിടയില്‍ ഇന്ത്യന്‍ സൈന്യം പശ്ചിമബംഗാളിലെ സിലിഗുരി ഇടനാഴിയില്‍ സൈനിക ശക്തി കൂട്ടുകയാണ്. രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലകളിലൊന്നായ സിലിഗുരി ഇടനാഴിയില്‍ മൂന്ന് പുതിയ കാവല്‍ സൈനിക കേന്ദ്രങ്ങളാണ് ഇന്ത്യ വിന്യസിപ്പിച്ചിട്ടുള്ളത്. 'ചിക്കന്‍സ് നെക്ക് ഓഫ് ഇന്ത്യ' (Chickens Neck Of India) അഥവാ 'കോഴിയുടെ കഴുത്ത്' എന്നാണ് ഈ ഇടനാഴി അറിയപ്പെടുന്നത്.
News18
News18
advertisement

പുതിയ സൈനികശക്തി കേന്ദ്രങ്ങളെ വിന്യസിപ്പിച്ചത് കോഴിയുടെ കഴുത്തില്‍ സുരക്ഷ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെയാണ് സൂചിപ്പിക്കുന്നത്. പശ്ചിമബംഗാളിലെ ചോപ്ര, ബീഹാറിലെ കിഷന്‍ഗഞ്ച്, അസമിലെ ധുബ്രി എന്നിവിടങ്ങളിലാണ് പട്ടാള ഗാരിസണുകള്‍ ഒരുക്കിയിട്ടുള്ളത്. സിലിഗുരി ഇടനാഴി സുരക്ഷിതമാക്കുക എന്നതാണ് ലക്ഷ്യം.

എന്താണ് സിലിഗുരി ഇടനാഴി അഥവാ കോഴിയുടെ കഴുത്ത് ?

പശ്ചിമബംഗാളിന്റെ വടക്ക് ഭാഗത്ത് ഡാര്‍ജിലിംഗ് ജില്ലയിലെ സിലിഗുരി നഗരത്തിന് സമീപം സ്ഥിതിചെയ്യുന്ന പ്രദേശത്തെയാണ് 'ചിക്കന്‍സ് നെക്ക് ഓഫ് ഇന്ത്യ' (ഇന്ത്യയുടെ കോഴിക്കഴുത്ത്) എന്ന് വിളിക്കുന്നത്. ഇന്ത്യയുടെ പ്രധാന ഭൂപ്രദേശവും എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും കര മാര്‍ഗത്തില്‍ ബന്ധിപ്പിക്കുന്ന ഏക പ്രദേശമെന്ന സവിശേഷതയും ഈ പാതയ്ക്കുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടതും ഭൂമിശാസ്ത്രപരവുമായ സവിശേഷതകളിലൊന്നാണ് ഈ പ്രദേശം.

advertisement

നിരവധി അന്താരാഷ്ട്ര അതിര്‍ത്തികള്‍ക്ക് അടുത്തായാണ് ഈ മേഖല. അതിന്റെ ഇടുങ്ങിയ രൂപവും സ്ഥാനവും കാരണവും ഇന്ത്യയുടെ ദേശീയ സുരക്ഷ, കണക്റ്റിവിറ്റി, ഭൂരാഷ്ട്രീയ എന്നിവയില്‍ ഇത് നിര്‍ണായക പങ്കുവഹിക്കുന്നു.

ഏകദേശം 200 കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ചുകിടക്കുന്നതാണ് സിലിഗുരി ഇടനാഴി അഥവാ 'ചിക്കന്‍സ് നെക്ക് ഓഫ് ഇന്ത്യ'. പാതയുടെ ഏറ്റവും ഇടുങ്ങിയ ഭാഗത്ത് വീതി വെറും 20-22 കിലോമീറ്ററാണ്. ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലന്‍ഡ്, സിക്കിം, ത്രിപുര എന്നിവയുമായി ഈ പ്രദേശം ബന്ധിപ്പിക്കുന്നു.

advertisement

കിഴക്കന്‍ ഹിമാലയത്തിന്റെ താഴ്‍വരയിലാണ് ഈ ഇടനാഴി സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറ് നേപ്പാള്‍, വടക്ക് ഭൂട്ടാന്‍, തെക്കും കിഴക്കും ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായും ഈ പ്രദേശം അതിര്‍ത്തി പങ്കിടുന്നു. ഭൂപടത്തില്‍ അതിന്റെ ഇടുങ്ങിയതും ദുര്‍ബലവുമായ ഘടന ഒരു കോഴിയുടെ കഴുത്തിനോട് സാമ്യമുള്ളതാണ്. അതുകൊണ്ട് പ്രദേശം ആ പേരില്‍ അറിയപ്പെടുന്നത്.

അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ (ഐസിടി) മുന്‍ പ്രാധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിലാണ് ഇന്ത്യ സിലിഗുരി ഇടനാഴിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ വേഗതയിലും ഇന്ത്യ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നതിന്റെ സൂചനയാണിത്. അരുണാചല്‍പ്രദേശിനടുത്തുള്ള നിയന്ത്രണ രേഖയില്‍ ചൈന ശക്തമായ ഘടനകള്‍ സ്ഥാപിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങളും വെളിപ്പെടുത്തുന്നുണ്ട്.

advertisement

സിലിഗുരി മേഖലയില്‍ ഇതിനകം തന്നെ ശക്തമായ സുരക്ഷാ സജ്ജീകരണങ്ങളാണ് ഉള്ളത്. ത്രിശക്തി കോര്‍പ്‌സിനാണ് ഇടനാഴിയുടെ സുരക്ഷാ ചുമതല. ബ്രഹ്മോസ് മിസൈലുകളും റഫേല്‍ യുദ്ദവിമാനങ്ങളും നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങളുമടങ്ങുന്നതാണ് മേഖലയിലെ സുരക്ഷാ സജ്ജീകരണങ്ങള്‍. കൂടാതെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മിസൈല്‍ സിസ്റ്റം അടക്കമുള്ളവയും അവിടെ വിന്യസിച്ചിട്ടുണ്ട്.

കോഴിയുടെ കഴുത്ത് എന്ന് പേര് വന്നത് ഇങ്ങനെ 

ഇടുങ്ങിയ കുപ്പിക്കഴുത്ത് പോലുള്ള ആകൃതിയില്‍ നിന്നാണ് പ്രദേശത്തിന് ഈ പേര് ലഭിച്ചത്. ഇന്ത്യയുടെ ഭൂപടമെടുത്ത് നേക്കിയാല്‍ കോഴിയുടെ ഇടുങ്ങിയ കഴുത്ത് പോലിരിക്കുന്ന ഇടനാഴി കാണാം. ഇന്ത്യയുടെ പ്രധാന ഭൂപ്രദേശങ്ങളുമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിലും രാജ്യത്തിന്റെ പ്രാദേശിക ബന്ധം നിലനിര്‍ത്തുന്നതിലും സിലിഗുരി ഇടനാഴി ഒരു വലിയ പങ്ക് വഹിക്കുന്നു. വടക്കുകിഴക്കന്‍ മേഖലയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന ഏക കര മാര്‍ഗമാണിത്. ഇവിടെ ഉണ്ടാകുന്ന ഏതൊരു തടസ്സവും ഭൂമിശാസ്ത്രപരമായി വടക്കുകിഴക്കന്‍ മേഖലയെ ഒറ്റപ്പെടുത്തും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഐക്യം നിലനിര്‍ത്തുന്നതില്‍ ഇടനാഴി സുപ്രധാനമാണ്.

advertisement

സിലിഗുരി ഇടനാഴിയുടെ ചരിത്രപരമായ പ്രാധാന്യം 

സിലിഗുരി ഇടനാഴിയുടെ ചരിത്രപരമായ പ്രാധാന്യം കൊളോണിയല്‍ കാലഘട്ടം മുതലുള്ളതാണ്. ബ്രിട്ടീഷുകാര്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിയന്ത്രണം വ്യാപിപ്പിച്ചപ്പോള്‍ മുതല്‍. 1947-ല്‍ ഇന്ത്യാ വിഭജനത്തിനുശേഷം ബംഗാളിന്റെ വലിയ ഭാഗങ്ങള്‍ കിഴക്കന്‍ പാക്കിസ്ഥാന്റെ (ഇപ്പോള്‍ ബംഗ്ലാദേശ്) ഭാഗമായി മാറിയപ്പോഴും ഇടനാഴി കൂടുതല്‍ പ്രാധാന്യം നേടി. ഈ വിഭജനം ഇന്ത്യയ്ക്ക് വടക്കുകിഴക്കന്‍ മേഖലയിലേക്കുള്ള പ്രവേശനത്തിന് ഇടുങ്ങിയ കരമാര്‍ഗം മാത്രം അവശേഷിപ്പിച്ചു.

1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിനുശേഷവും മേഖലയുടെ തന്ത്രപരമായ പ്രാധാന്യം കൂടുതല്‍ ഉയര്‍ന്നുവന്നു. ഇത് പ്രദേശത്തിന് ചുറ്റമുള്ള അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനും പ്രതിരോധ ആസൂത്രണം മെച്ചപ്പെടുത്തുന്നതിനും കാരണമായി.

ചൈന, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്നു

ഇന്ത്യയുടെ ഭൗമരാഷ്ട്രീയ, സുരക്ഷാ ഭൂപ്രകൃതിയില്‍ സിലിഗുരി ഇടനാഴി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചുംബി താഴ്‍വരയുമായും ചൈന, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് അതിര്‍ത്തികളുമായുള്ള സാമീപ്യവും പ്രദേശത്തെ വളരെ സെന്‍സിറ്റീവ് ആക്കുന്നു. ഇന്ത്യയുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും നിലനിര്‍ത്തുന്നതിന് ഈ ഇടനാഴിയുടെ നിയന്ത്രണം നിര്‍ണായകമാണ്. സൈനിക സംഘര്‍ഷമോ ഭൗമരാഷ്ട്രീയ സംഘര്‍ഷമോ ഉണ്ടായാല്‍ വഴക്കുകിഴക്കന്‍ മേഖലയിലെ സൈനികരുടെ ദ്രുത വിന്യാസം, പ്രതിരോധ സംവിധാനങ്ങളുടെ ക്രമീകരണം, ദേശീയ സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഏകോപനം എന്നിവയ്ക്ക് ഇടനാഴി അനിവാര്യമായിത്തീരുന്നു.

ഇടനാഴിയുടെ വ്യാപാര പ്രാധാന്യം

ഇന്ത്യയുടെ സാമ്പത്തിക, വ്യാപാര ബന്ധങ്ങളിലും സിലിഗുരി ഇടനാഴി ഒരു പ്രധാന പങ്കുവഹിക്കുന്നു. പ്രധാന ഹൈവേകള്‍, റെയില്‍വേ ലൈനുകള്‍, എണ്ണ പൈപ്പ് ലൈനുകള്‍, ആശയവിനിമയ ശൃംഖലകള്‍ എന്നിവ ഇതുവഴി കടന്നുപോകുന്നു. ഇത് വഴക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിനുകീഴില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള വാണിജ്യ കവാടമായി ഇടനാഴി പ്രവര്‍ത്തിക്കുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവയുമായുള്ള അതിർത്തി കടന്നുള്ള വ്യാപാരത്തിനും ഇടനാഴി സഹായിക്കുന്നു.

ഇടനാഴിയെ കുറിച്ചുള്ള രസകരമായ ചില വസ്തുതകള്‍ ഇതാ 

1. വടക്കുകിഴക്കന്‍ ഇന്ത്യയിലേക്കും ഹിമാലയത്തിലേക്കുമുള്ള കവാടമാണ് സിലിഗുരി ഇടനാഴി. ഡാര്‍ജിലിംഗ്, കലിംപോംഗ്, സിക്കിം എന്നീ ഹിമാലയന്‍ കുന്നിന്‍ പ്രദേശങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇത് ഒരു പ്രധാന ട്രാന്‍സിറ്റ് പോയിന്റ് കൂടിയാണ്.

2. പശ്ചിമബംഗാളിലെ അതിവേഗം വളരുന്ന നഗര കേന്ദ്രങ്ങളില്‍ ഒന്നാണിത്. കിഴക്കന്‍ ഇന്ത്യയിലെ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളിലൊന്നാണ് സിലിഗുരി. ദ്രുതഗതിയിലുള്ള നഗരവത്കരണവും അടിസ്ഥാനസൗകര്യ വികസനവും മേഖലയെ വ്യത്യസ്ഥമാക്കുന്നു. കൊല്‍ക്കത്ത കഴിഞ്ഞാല്‍ പശ്ചിമബംഗാളിലെ രണ്ടാമത്തെ വലിയ നഗരമാണിത്. ഒരു പ്രധാന വാണിജ്യ, വിദ്യാഭ്യാസ, ഗതാഗത കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കുന്നു.

3. നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട തന്ത്രപ്രധാനമായ കേന്ദ്രം.

4. ഇന്ത്യയുടെ നിരവധി ഭാഗങ്ങളെയും അയല്‍ രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന റെയില്‍വേ, റോഡ്, വ്യോമ കേന്ദ്രമാണ് സിലിഗുരി. കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ ന്യൂ ജല്‍പായ്ഗുരി റെയില്‍വേ സ്റ്റേഷനും ഈ മേഖലയെ പ്രധാന ഇന്ത്യന്‍ നഗരങ്ങളുമായും അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്ന ബാഗ്‌ഡോഗ്ര അന്താരാഷ്ട്ര വിമാനത്താവളവും ഇവിടെയുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

5. ഡാര്‍ജിലിംഗ് തേയിലയിലേക്കും ഡൂര്‍സ് വനങ്ങളിലേക്കുമുള്ള കവാടം കൂടിയാണിവിടം. ലോകപ്രശസ്തമായ ഡാര്‍ജിലിംഗ് തേയിലയുടെ ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് ഈ നഗരം. സമ്പന്നമായ ജൈവവൈവിധ്യത്തിനും ദേശീയ ഉദ്യാനങ്ങള്‍ക്കും തേയിലത്തോട്ടങ്ങള്‍ക്കും പേരുകേട്ട ഡൂര്‍സ് മേഖല പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു താവളമായി ഇത് പ്രവര്‍ത്തിക്കുന്നു. തേയില വ്യവസായത്തിന്റെ കയറ്റുമതി, വ്യാപാര ശൃംഖലകളില്‍ സിലിഗുരി ഒരു പ്രധാന പങ്ക് വഹിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
ഈ കോഴിയുടെ കഴുത്തിൽ ഇന്ത്യൻ സൈന്യം ശക്തി കൂട്ടുന്നത് എന്തുകൊണ്ട് ?
Open in App
Home
Video
Impact Shorts
Web Stories