വിശാല ബെഞ്ച് രൂപീകരിച്ചാൽ സുപ്രധാന വിഷയങ്ങളിൽ മെറിറ്റിൽ തന്നെ വാദം കേൾക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
വിശാല ബെഞ്ചിന് അയക്കണമോയെന്ന വിഷയത്തിൽ കേന്ദ്രസർക്കാരിന് മറുപടി സമർപ്പിക്കാൻ തിങ്കളാഴ്ച്ച വരെ സമയം അനുവദിച്ചു. ഇനി സമയം അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് NV രമണ പറഞ്ഞു. ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് ഹർജികൾ വീണ്ടും പരിഗണിക്കും.
രാജ്യദ്രോഹക്കുറ്റത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജികളിൽ മറുപടി നൽകാൻ നേരത്തെ കേന്ദ്രസർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.സുപ്രീംകോടതിക്ക് ഇത് സംബന്ധിച്ച് അപേക്ഷ നൽകിയിരുന്നു. കരട് എതിർ സത്യവാങ്മൂലം തയാറാണെങ്കിലും, അധികൃതരുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്നായിരുന്നു സർക്കാർ അറിയിച്ചത്.
advertisement
എജിയുടെ നിലപാട് കേന്ദ്ര സർക്കാരിന്റെ നിലപാടിൽ നിന്ന് വ്യത്യസ്തമായിരിക്കാമെന്നും കേന്ദ്ര സർക്കാരിന്റെ നിലപാട് രണ്ട് ദിവസത്തിനകം സുപ്രീം കോടതിയിൽ അവതരിപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കൊളോണിയൽ കാലത്തെ ശിക്ഷാ നിയമം ദുരുപയോഗം ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ മഹാത്മാഗാന്ധിയെപ്പോലുള്ളവരെ നിശബ്ദരാക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിച്ച വ്യവസ്ഥ എന്തുകൊണ്ട് റദ്ദാക്കുന്നില്ലെന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ സുപ്രീം കോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു.
ഐപിസിയിലെ സെക്ഷൻ 124 എ (രാജ്യദ്രോഹം) ഭരണഘടനാ സാധുത ചോദ്യം ചെയ്ത് എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും മുൻ മേജർ ജനറൽ എസ് ജി വോംബത്കെരെയും സമർപ്പിച്ച ഹർജികൾ പരിശോധിക്കാൻ സമ്മതിച്ചുകൊണ്ട് സുപ്രീം കോടതി തങ്ങളുടെ പ്രധാന ആശങ്ക "നിയമത്തിന്റെ ദുരുപയോഗം" ആണെന്ന് പറഞ്ഞു.
2021 ഏപ്രിലിൽ, സെക്ഷൻ 124A ഐപിസി ചോദ്യം ചെയ്ത് രണ്ട് മാധ്യമപ്രവർത്തകർ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് യു യു ലളിതിന്റെ നേതൃത്വത്തിലുള്ള മറ്റൊരു ബെഞ്ച് നോട്ടീസ് അയച്ചിരുന്നു. ഇതേ വിഷയത്തിൽ മാധ്യമപ്രവർത്തകരായ പട്രീഷ്യ മുഖിം, അനുരാധ ഭാസിൻ എന്നിവർ നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലാണ്.
ഇന്ത്യയിൽ നിയമപ്രകാരം സ്ഥാപിതമായ സർക്കാരിനോട് വിദ്വേഷമോ അവഹേളനമോ അസംതൃപ്തിയോ ഉളവാക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരു സംസാരവും പദപ്രയോഗവും പരമാവധി ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കി മാറ്റുന്നതാണ് ഐപിസിയിലെ സെക്ഷൻ 124 എ (രാജ്യദ്രോഹം). ഇത് ജാമ്യമില്ലാ വകുപ്പാണ്.