കാര്‍ട്ടൂണിസ്റ്റുകളും സ്റ്റാന്‍ഡ് അപ് കോമേഡിയന്‍മാരും ഉള്‍പ്പെടെയുള്ള ചില കലാകാരന്മാര്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നതായി കോടതി നിരീക്ഷിച്ചു. അപകീർത്തി കേസിൽ അറസ്റ്റ് ഒരു ദിവസത്തേക്കെങ്കിലും തടയാന്‍ ഇടക്കാല ഉത്തരവിറക്കാനും കോടതി തയ്യാറായില്ല. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ജൂലായ് 15-ലേക്ക് മാറ്റി.
ആവിഷ്‌കാര സ്വതാന്ത്ര്യത്തിന്റെ പേരില്‍ നടത്തുന്ന അപകീര്‍ത്തികരമായ പദപ്രയോഗങ്ങളെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ അന്ധമായി സംരക്ഷിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നേരത്തെ ജൂലായ് മൂന്നിന് മധ്യപ്രദേശ് ഹൈക്കോടതി ഹേമന്ത് മാല്‍വ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തുവെന്നും വിവാദം സൃഷ്ടിക്കുന്ന കാരിക്കേച്ചര്‍ സൃഷ്ടിക്കുന്നതില്‍ വിവേചനാധികാരം ഉപയോഗിക്കുന്നതില്‍ പരാജയപ്പെട്ടതായും മധ്യപ്രദേശ് ഹൈക്കോടതി നിരീക്ഷിച്ചു.
advertisement
കോവിഡ് 19 മഹാമാരിയുടെ പ്രത്യാഘാതം അതിരൂക്ഷമായിരുന്ന സമയത്താണ് കാര്‍ട്ടൂണ്‍ ആദ്യം പ്രസിദ്ധീകരിച്ചതെന്ന് മാല്‍വ്യ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കി. വാക്‌സിന്‍ സുരക്ഷയെ കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ജനങ്ങള്‍ വളരെയധികം ഉത്കണ്ഠപ്പെടുകയും ചെയ്തിരുന്ന സമയമായിരുന്നു അതെന്നും ഈ സാഹചര്യത്തെ വരച്ചുക്കാട്ടാന്‍ ലക്ഷ്യമിട്ടുള്ള ആക്ഷേപഹാസ്യ സാമൂഹിക വ്യാഖ്യാനമാണ് കാര്‍ട്ടൂണ്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു. കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അഭാവമുണ്ടായിട്ടും ചില വാക്‌സിനുകളെ സുരക്ഷിതമായ വെള്ളവുമായി താരതമ്യപ്പെടുത്തികൊണ്ടുള്ള പൊതു പരാമര്‍ശങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കാനാണ് കാര്‍ട്ടൂണ്‍ ഉപയോഗിച്ചതെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു.
ഒരു രാഷ്ട്രീയ നേതാവ് ഒരു പൗരന് വാക്‌സിനേഷന്‍ നല്‍കുന്ന സാങ്കല്‍പ്പിക സാഹചര്യമാണ് കലാകാരന്‍ കാരിക്കേച്ചറില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും നാല് വര്‍ഷത്തിലേറെയായി അത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടെന്നും മാല്‍വിയ വാദിച്ചു.