ജനുവരി 3-ന് സുഭാഷ് കുമാറും കുടുംബവും ഖാട്ടുശ്യാംജി സന്ദർശിക്കാൻ പോയ സമയത്താണ് മോഷണശ്രമം നടന്നത്. പുലർച്ചെ ഒരു മണിയോടെ സുഭാഷിന്റെ ഭാര്യ വീട്ടിൽ തിരിച്ചെത്തി മുൻവാതിൽ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. അടുക്കളയിലെ എക്സോസ്റ്റ് ഫാൻ ഘടിപ്പിക്കുന്ന ഇടുങ്ങിയ ദ്വാരത്തിൽ പകുതി ശരീരം കുടുങ്ങിയ നിലയിലായിരുന്നു കള്ളൻ. അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ഭിത്തിയിലെ ദ്വാരത്തിൽ കുടുങ്ങിയത്.
കള്ളൻ കുടുങ്ങിയ വിവരം അറിഞ്ഞ് പരിസരവാസികൾ തടിച്ചുകൂടി. ഏകദേശം ഒരു മണിക്കൂറോളം ഈ അവസ്ഥയിൽ തുടർന്ന ഇയാളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഏറെ പാടുപെട്ടാണ് ഇയാളെ പുറത്തെടുത്തത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതി ബഹളം കേട്ട് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
advertisement
പിടിക്കപ്പെടാതിരിക്കാൻ പൊലീസ് സ്റ്റിക്കർ പതിപ്പിച്ച കാറിലാണ് പ്രതികൾ എത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവസ്ഥലത്തുനിന്ന് ഓടിപ്പോയ കൂട്ടുപ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പിടിയിലായ പ്രതിക്ക് മറ്റ് മോഷണക്കേസുകളിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
