'തിരുമല തിരുപ്പതി ദേവസ്ഥാനത്തേക്ക് നെയ് വിതരണം ചെയ്യുന്നത് അമുല്‍ ആണെന്ന് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടു. ഞങ്ങള്‍ ഇതുവരെ ക്ഷേത്രത്തിലേക്ക് നെയ് വിതരണം ചെയ്തിട്ടില്ല,' അമുല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
'ഗുണമേന്മയുള്ള പാലില്‍ നിന്നാണ് ഞങ്ങള്‍ നെയ് ഉല്‍പ്പാദിപ്പിക്കുന്നത്. ഞങ്ങളുടെ പ്ലാന്റുകളിലേക്ക് എത്തുന്ന പാല്‍ നിരവധി ഗുണനിലവാര പരിശോധനകള്‍ക്ക് ശേഷമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ അമുലിനെതിരെ ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്,' പ്രസ്താവനയില്‍ പറയുന്നു.
തിരുപ്പതി ക്ഷേത്രത്തിലേക്ക് നെയ് വിതരണം ചെയ്യുന്നത് അമുല്‍ ആണെന്ന് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി അമുല്‍ രംഗത്തെത്തിയത്.
എന്താണ് തിരുപ്പതി ലഡു വിവാദം ?
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞതോടെയാണ് വിവാദം ആളിക്കത്തിയത്.
'തിരുപ്പതി ലഡുപോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ കൊണ്ടാണ് തയ്യാറാക്കിയത്. ലഡു തയ്യാറാക്കുന്നതിന് നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചത്,' എന്നായിരുന്നു നായിഡുവിന്റെ ആരോപണം.
ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയും രംഗത്തെത്തി. തന്റെ സര്‍ക്കാരിന്റെ കാലത്ത് യാതൊരു ചട്ടലംഘനവും നടന്നിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.
ചന്ദ്രബാബു നായിഡു ദൈവത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്‍എബിഎല്‍(National Accreditaion Board For Testing And Calibration Laborataries) അംഗീകൃത കമ്പനികളില്‍ നിന്നെത്തുന്ന നെയ്യ് ആണ് ലഡു ഉണ്ടാക്കാനായി ഉപയോഗിച്ചതെന്നും അവ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഉപയോഗിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവാദമുയര്‍ന്നതോടെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും കത്തയയ്ക്കുമെന്നും ജഗന്‍ പറഞ്ഞു. ചന്ദ്രബാബു നായിഡു ആരോപണങ്ങള്‍ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രിയുടെയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ലഡു പ്രസാദവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ പരാതിയുമായി വൈഎസ്ആര്‍സിപി നേതാവ് വൈ വി സുബ്ബ റെഡ്ഡി ആന്ധ്രാപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. ആരോപണത്തിന്റെ സത്യാവസ്ഥ തെളിയിക്കപ്പെടണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചത്.