തിരുപ്പതിയിലേക്ക് നെയ്യ് വിതരണം ചെയ്ത ബോലെ ബാബാ ഡയറിയുടെ ഡയറക്ടര്‍മാരായ പോമിന്‍ ജയിന്‍, ബിപിന്‍ ജയിന്‍ എന്നിവരുമായി ചേര്‍ന്ന് അജയ് കുമാര്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചതായും തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് (ടിടിഡി) സ്വകാര്യ ഡയറി ലേബലുകള്‍ക്ക് കീഴില്‍ വിതരണം ചെയ്യുന്ന നെയ്യില്‍ മായം ചേര്‍ക്കാനുള്ള രാസവസ്തുക്കള്‍ ഇയാള്‍ നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. രാസവസ്തുക്കളുടെ വിതരണവുമായി ബന്ധപ്പെട്ട രേഖകളും കത്തിടപാടുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.
നെയ്യുടെ ഘടന വ്യാജമായി തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഇയാള്‍ വിതരണം ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. പാം ഓയില്‍ സംസ്‌കരണത്തില്‍ ഉപയോഗിക്കുന്ന മോണോഗ്ലിസറൈഡുകള്‍, അസറ്റിക് ആസിഡ്, എസ്റ്ററുകള്‍ എന്നിവ ഏഴ് വര്‍ഷമായി ബോലെ ബാബാ ഡയറിക്ക് അജയ് കുമാര്‍ വിതരണം ചെയ്യുന്നുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ രാസവസ്തുക്കള്‍ ദക്ഷിണകൊറിയയില്‍ നിന്നും ഇറക്കുമതി ചെയ്തവയാണ്. ഇവ ഡല്‍ഹി ആസ്ഥാനമായുള്ള ഒരു ശൃംഖല വഴിയാണ് വിതരണം ചെയ്യുന്നത്. ഇത് അജയ് കുമാറിന്റെ കമ്പനി വാങ്ങി ഡയറി ഉത്പാദന യൂണിറ്റുകള്‍ക്ക് കൈമാറുകയായിരുന്നുവെന്നും എസ്‌ഐടി പറയുന്നു.
advertisement
ശുദ്ധമായ നെയ്യുടെ ഘടനയും സുഗന്ധവും അതേപടി ലഭിക്കുന്നതിനായി പാം ഓയിലും രാസവസ്തുക്കളും ചേര്‍ത്ത് നിര്‍മ്മിച്ച വ്യാജ നെയ്യ് വൈഷ്ണവി, എആര്‍ ഡയറി എന്നീ ബ്രാന്‍ഡുകളില്‍ വിതരണം ചെയ്തതായും പിന്നീട് പുണ്യ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവില്‍ ഉപയോഗിച്ചതായും അന്വേഷണ സംഘം ആരോപിക്കുന്നു.
തിരുപ്പതി ലഡ്ഡുവില്‍ ഉപയോഗിക്കുന്ന നെയ്യില്‍ 90 ശതമാനത്തിലധികവും മായം കലര്‍ന്നതായാണ് കണ്ടെത്തല്‍. ഇതില്‍ പാം ഓയിലും രാസപദാര്‍ത്ഥങ്ങളും കലര്‍ത്തിയതായി എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തി. ഫോറന്‍സിക് സംഘങ്ങള്‍ നടത്തിയ പരിശോധനയില്‍ പാലില്‍ നിന്നും വേര്‍തിരിക്കുന്ന നെയ്യുമായി പൊരുത്തപ്പെടാത്ത സിന്തറ്റിക് സംയുക്തങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചു. സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുന്ന ഒന്നിലധികം വിതരണശൃംഖലകള്‍ ഉള്‍പ്പെട്ട വിശാലമായ തട്ടിപ്പിലേക്കാണ് ഈ കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നത്.
തിരുപ്പതി ലഡ്ഡുവില്‍ മായം കണ്ടെത്തിയത് രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു. മുന്‍ സര്‍ക്കാര്‍ ടിടിഡി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയ നെയ്യ് ഉപയോഗിക്കാന്‍ അനുവദിച്ചതായി 2024 സെപ്റ്റംബറില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ആരോപിച്ചതോടെയാണ് ഈ അഴിമതി പുറത്തുവന്നത്. സംഭവം പൊതുജന പ്രതിഷേധത്തിന് കാരണമാകുകയും വിഷയം അന്വേഷിക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ എസ്‌ഐടി രൂപീകരിക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമാവുകയും ചെയ്തു.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നിലെ ഗുണനിലവാര നിയന്ത്രണത്തെയും മതപരമായ ഭക്ഷണ പവിത്രതയെയും കുറിച്ച് ഗുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയ കേസില്‍ ഉള്‍പ്പെട്ട വിതരണക്കാരെയും സാമ്പത്തിക പിന്തുണക്കാരുടെയും കണ്ണികളെ കുറിച്ച് എസ്‌ഐടി അന്വേഷണം തുടരുകയാണ്.
