സസ്പെൻഡ് ചെയ്തതിന് പിന്നാലെ ഡിസംബര്‍ 22നകം മോസ്‌കിന്റെ ശിലാസ്ഥാപന പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും കബീര്‍ പ്രഖ്യാപിച്ചു. ബംഗാളില്‍ അടുത്ത വര്‍ഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ബെര്‍ഗാംപൂരില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഒരു റാലിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് കബീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിവരം അദ്ദേഹത്തെ അറിയിച്ചത്. സംഭവത്തില്‍ കബീറിന്റെ പേര് പറയാതെ മമത ദുഃഖം പ്രകടിപ്പിച്ചു. ''ഒരു നെല്ല് ചീഞ്ഞുപോയാല്‍ അത് നീക്കം ചെയ്യണം. അല്ലാത്തപക്ഷം ബാക്കിയുള്ളവ കൂടി കേടാകും. ചില പ്രാണികളും കീടങ്ങളും കടന്നുവരും. അവ അവിടെയുണ്ടാകും. എന്നാല്‍ നമ്മള്‍ അവയെ കണ്ടെത്തുമ്പോള്‍ അവയെ നീക്കം ചെയ്യുകയും നമ്മുടെ ജോലി തുടരുകയും ചെയ്യും. ഹിന്ദുക്കളും മുസ്ലീങ്ങളും ഇവിടെ ഐക്യത്തോടെ ജീവിക്കും,'' മമത പറഞ്ഞു.
advertisement
കൊല്‍ക്കത്ത മേയറും ടിഎംസിയുടെ മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കിം കബീറിന്റെ സസ്‌പെന്‍ഷന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കബീറിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം മുഖ്യമന്ത്രി അംഗീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ഇനി മുതല്‍ അദ്ദേഹത്തിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ല. ആര്‍ക്കും ഒരു പള്ളി പണിയാം. എന്നാല്‍ വര്‍ഗീയമായ രീതിയില്‍ പ്രകോപനം നടത്തരുത്,'' ഹക്കീം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് സമാധാനം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന സമയത്ത് ടിഎംസി വര്‍ഗീയ പ്രകോപനത്തില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്ത പ്രവൃത്തി 'മനഃപൂര്‍വം അപമാനിക്കുന്ന'താണെന്ന് കബീര്‍ പറഞ്ഞു. ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം. താന്‍ അറസ്റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്താലും മുര്‍ഷിദാബാദിലെ ബെല്‍ദംഗയില്‍ മോസ്‌ക് സ്ഥാപിക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് കബീര്‍ പ്രഖ്യാപിച്ചു.
ഭരത്പൂര്‍ എംഎല്‍എ സ്ഥാനം രാജിവെച്ച് സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 135 സീറ്റുകളിലേക്ക് മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
