2003 ലാണ് വ്യത്യസ്ത ജാതി വിഭാഗത്തിൽ പെട്ട കണ്ണകി(22). മുരുഗേഷനും(25) പ്രണയിച്ച് വിവാഹം കഴിക്കുന്നത്. ഇരുവരേയും കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുട ബന്ധുക്കളായ പതിനൊന്ന് പേരും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും എസ്.സി/എസ്.ടി നിയമപ്രകാരം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രണ്ട് പേരെ വെറുതെ വിട്ടു.
അണ്ണാമലൈ സർവകലാശാലയിൽ വിദ്യാർത്ഥികളായിരിക്കേയാണ് മുരുഗേഷനും കണ്ണകിയും പ്രണയത്തിലാകുന്നത്. കെമിക്കൽ എഞ്ചിനീയറായിരുന്നു മുരുഗേഷൻ. കണ്ണകി കൊമേഴ്സിൽ ഡിപ്ലോമ വിദ്യാർത്ഥിനിയുമായിരുന്നു. ദളിത് വിഭാഗത്തിൽ പെട്ട മുരുഗേഷനും വണ്ണിയാർ വിഭാഗത്തിൽപെട്ട കണ്ണകിയും വിവാഹത്തിന് വീട്ടുകാർ എതിർക്കുമെന്നതിനാൽ രഹസ്യമായി വിവാഹം കഴിക്കാൻ തീരുമാനിച്ചു.
advertisement
Also Read-തമിഴ്നാട് സർക്കാർ ഒരു ലക്ഷം കർഷകർക്ക് സൗജന്യ വൈദ്യുത കണക്ഷൻ നൽകി
ഇതുപ്രകാരം 2003 മെയിൽ ഇരുവരും രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു. മുരുഗേഷന് ജോലി ലഭിക്കുന്നത് വരെ വിവാഹം രഹസ്യമാക്കി വെക്കാനായിരുന്നു ഇരുവരുടേയും തീരുമാനം. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും വിവാഹിതരായ വാർത്ത കണ്ണകിയുടെ വീട്ടുകാർ അറിഞ്ഞു.
ഈ സമയം തിരുപ്പൂരിൽ ജോലി ശരിയായ മുരുഗേഷൻ കണ്ണകിയെ വീട്ടിൽ നിന്നും ഇറക്കി ബന്ധുവിന്റെ വീട്ടിൽ രഹസ്യമായി താമസിപ്പിച്ചു. എന്നാൽ 2003 ജുലൈ ഏഴിന് കണ്ണകിയുടെ പിതാവ് സി ദുരൈസാമിയും മൂത്ത സഹോദരനും ചില ബന്ധുക്കളും ചേർന്ന് മുരുഗേഷനെ ക്രൂരമായി മർദിച്ചു. കണ്ണകിയെ താമസിപ്പിച്ചത് എവിടെയാണെന്ന് അറിയാനായിരുന്നു ഇത്.
Also Read-വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറാന്‍ ജ്യോതിഷം ഒരു ഒഴിവുകഴിവല്ല; ബോംബെ ഹൈക്കോടതിയുടെ നിർണ്ണായക വിധി
പിന്നാലെ കണ്ണകിയേയും മുരുഗേഷനേയും പുതുക്കൂറായ്‌പേട്ട് ഗ്രാമത്തിൽ എത്തിച്ചു. ശേഷം 300 ഓളം ഗ്രാമീണർക്ക് മുന്നിൽ വെച്ച് ഇരുവരെ കൊണ്ടും നിർബന്ധിച്ച് വിഷം കുടിപ്പിക്കുകയായിരുന്നു. മരിച്ചു വീണ പ്രണയിനികളുടെ മൃതദേഹം കത്തിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ നടന്ന അന്വേഷണത്തിൽ ആത്മഹത്യയാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം.
ശേഷം കേസ് സിബിഐ ഏറ്റെടുത്തു. 2009 ലാണ് 690 പേജുള്ള കുറ്റപത്രം സിബിഐ സമർപ്പിച്ചത്. എന്നാൽ 81 സാക്ഷികളിൽ 36 പേർ കൂറുമാറി. സിബിഐയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ 15 പേരെ അറസ്റ്റ് ചെയ്തു. ആരോപണവിധേയരായ രണ്ട് പേരെ വെറുതേ വിട്ടു.
ഇന്നലെയാണ് കേസിൽ തമിഴ്നാട്ടിലെ പ്രമാദമായ കണ്ണകി-മുരുഗേഷൻ ദുരഭിമാനക്കൊലക്കേസിൽ പ്രത്യേക കോടതി വിധി പ്രഖ്യാപിക്കുന്നത്. കേസിൽ കണ്ണകിയുടെ മൂത്ത സഹോദരൻ മരുദുപാണ്ഡ്യനാണ് പ്രധാനപ്രതി. ഇയാൾക്ക് വധശിക്ഷ വിധിച്ചു. കണ്ണകിയുടെ പിതാവ് ദുരൈസാമി അടക്കം 11 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയുമാണ് വിധിച്ചത്. ജീവപര്യന്തം ശിക്ഷ ലഭിച്ചവരിൽ ചെല്ലമുത്തു, തമിഴ്മാരൻ എന്നിവർ പൊലീസ് ഉദ്യോഗസ്ഥരാണ്. ആ സമയത്ത് ഇൻസ്പെക്ടറായിരുന്ന ചെല്ലമുത്തു ഡെപ്യൂട്ടി സൂപ്രണ്ടന്റ് ആയാണ് വിരമിച്ചത്. തമിഴ്മാരനും പിന്നീട് പ്രമോഷമൻ ലഭിച്ചെങ്കിലും കൈക്കൂലി കേസിൽ പിന്നീട് സസ്പെൻഷനിലായി. ഇരുവരും ചേർന്ന് കൊലപാതകം ആത്മഹത്യയാക്കി തീർക്കാൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തിയത്.
കൊലപാതകം ക്രൂരവും മനുഷ്യത്വത്തിനെതിരായതും എന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്ക് നൽകിയ ശിക്ഷ ഇതര ജാതി വിദ്വേഷങ്ങൾക്കെതിരെയുള്ള ശക്തമായ സന്ദേശമാണെന്നും വ്യക്തമാക്കി.
