രാജ്യത്തെ പ്രധാന മുട്ട ഉത്പാദന മേഖലയാണ് തമിഴ്നാട്ടിലെ നാമക്കല്‍. മാലയ്മലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ഈ വര്‍ഷം ജൂണില്‍ 1.20 കോടി മുട്ടകളാണ് നാമക്കലില്‍ നിന്നും യുഎസിലേക്ക് കയറ്റുമതി ചെയ്തത്. ആദ്യമായാണ് ഇത്രയധികം മുട്ടകള്‍ യുഎസിലേക്ക് അയക്കുന്നത്. ഇത് പ്രദേശത്തെ കോഴി കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായിരുന്നു. ഈ സാധ്യതയാണ് ട്രമ്പിന്റെ തീരുവ യുദ്ധത്തില്‍ ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.
നിലവിലെ കണക്കനുസരിച്ച് ഏകദേശം ഏഴ് കോടി മുട്ടകളാണ് പ്രതിദിനം നാമക്കലില്‍ ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ഏഴ് കോടി മുട്ടകള്‍ തമിഴ് നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലുമായി വിതരണം ചെയ്യുന്നു. അധികമായി ഉത്പാദിപ്പിക്കുന്ന 80 ലക്ഷം മുട്ടകള്‍ പ്രതിദിനം അറേബ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിപണികളിലേക്ക് കയറ്റി അയക്കുന്നു.
advertisement
ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തികൊണ്ടുള്ള ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രഖ്യാപനം വന്നതോടെ മുട്ട കയറ്റുമതി തിരിച്ചടി നേരിട്ടു. 20 കോടി രൂപ മൂല്യം വരുന്ന 1.20 കോടിയുടെ മുട്ട കയറ്റുമതിയാണ് ഇതോടെ നിര്‍ത്തിവെക്കേണ്ടി വന്നത്.
ഒരു മുട്ടയ്ക്ക് നാമക്കലില്‍ 4.50 രൂപയാണ് വില. യുഎസിലേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ മുട്ട ഒന്നിന് 7.50 രൂപ വില ചുമത്തുന്നു. എന്നാല്‍ യുഎസില്‍ ഇത് വില്‍ക്കുന്നത് 15 രൂപയ്ക്കാണ്. യുഎസിലേക്കുള്ള കയറ്റുമതി നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ ഈ മുട്ടകള്‍ ആഭ്യന്തര വിപണിയില്‍ തന്നെ വിറ്റഴിക്കാനുള്ള പദ്ധതിയിലാണ് മുട്ട കയറ്റുമതി വ്യവസായികളുടെ അസോസിയേഷന്‍.
ആദ്യമായാണ് യുഎസിലേക്ക് 1.20 കോടി മുട്ടകള്‍ കയറ്റി അയക്കാന്‍ അവസരം ലഭിച്ചതെന്നും പ്രതിദിന ഉത്പാദനത്തിന്റെ ചൊറിയൊരു ഭാഗം മാത്രമേ ഇത് വരുന്നുള്ളൂവെന്നും അസോസിയേഷന്‍ പ്രസിഡന്റ് വങ്ങിലി സുബ്രഹ്മണ്യം അറിയിച്ചു.