150 കിലോ സ്ഫോടകവസ്തുക്കൾ നിറച്ച കാറുമായി രണ്ടുപേർ രാജസ്ഥാനിൽ പിടിയിൽ. ടോങ്ക് ജില്ലയിലാണ് സംഭവം. ബുണ്ടി ജില്ലയിൽ നിന്നുള്ള സുരേന്ദ്ര പട്‌വ, സുരേന്ദ്ര മോച്ചി എന്നിവരെയാണ് ടോങ്ക് ജില്ലാ പോലീസ് പ്രത്യേക സംഘം (ഡിഎസ്ടി) ബുധനാഴ്ച അറസ്റ്റ് ചെയ്യതത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബറോണി പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിൽ കാറിൽ നിന്നും യൂറിയ വളത്തിന്റെ ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ 150 കിലോ അമോണിയം നൈട്രേറ്റ് കണ്ടെടുത്തതായി ഡിഎസ്പി മൃത്യുഞ്ജയ് മിശ്ര പറഞ്ഞു.
advertisement
പ്രതികൾ ബുണ്ടിയിൽ നിന്ന് ടോങ്കിലേക്ക് സ്ഫോടകവസ്തുക്കൾ വിതരണത്തിനായി കൊണ്ടുപോയതായാണ് പൊലീസ് നിഗമനം.അമോണിയം നൈട്രേറ്റിന് പുറമേ, ഏകദേശം 1,100 മീറ്റർ നീളമുള്ള സേഫ്റ്റി ഫ്യൂസ് വയറും 200 കാട്രിഡ്ജുകളും പോലീസ് പിടിച്ചെടുത്തു. പ്രത്യേക രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നായിരുന്നു പൊലീസിന്രെ പരിശോധന. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കളുടെ ഉറവിടം, ഉദ്ദേശിച്ച ഉപയോഗം, സാധ്യമായ ബന്ധങ്ങൾ എന്നിവ കണ്ടെത്തുന്നതിന് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും മിശ്ര പറഞ്ഞു.
പ്രതികളെ ചോദ്യം ചെയ്യുന്നുണ്ടെന്നും ഖനനം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണോ ഈ സാധനങ്ങൾ കൊണ്ടുവന്നതെന്ന് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുവർഷത്തലേന്ന് വലിയ അളവിൽ സ്ഫോടകവസ്തുക്കൾ പിടികൂടിയത് ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്
