സൈന്യത്തെ തെരഞ്ഞെടുപ്പ് ലാഭത്തിനായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് സായുധ സേനയിലെ മുൻ ഉദ്യോഗസ്ഥർ രംഗത്തെത്തിയത്. യോഗി ആദിത്യനാഥ് അടക്കമുള്ളവർ സൈന്യത്തിന്റെ പേരിൽ വോട്ടു തേടുന്നതിനായി നടത്തുന്ന പ്രസ്താവനകൾ തടയണമെന്നാവശ്യപ്പെട്ട് ഇവർ രാഷ്ട്രപതിക്ക് കത്തയയ്ക്കുകയായിരുന്നു. സൈന്യവുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കാൻ പാർട്ടികൾക്ക് നിർദ്ദേശം നൽകണമെന്നാണ് കത്തിലെ ആവശ്യം. 156 മുൻ സൈനിക ഉദ്യോഗസ്ഥരാണ് കത്തിൽ ഒപ്പ് വച്ചത്. കത്തിന്റെ പകർപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയിട്ടുണ്ട്.
advertisement
അതിർത്തി കടന്നുള്ള ആക്രമണങ്ങളുടെ ഉൾപ്പടെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന തരത്തിലാണ് ചില രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പാകിസ്ഥാനിൽനിന്ന് മടങ്ങിയെത്തിയ എയർഫോഴ്സ് വിങ് കമാൻഡർ അഭിനന്ദൻ വർധമാൻ ഉൾപ്പടെയുള്ളവരുടെ ചിത്രം ഉപയോഗിച്ച് വോട്ട് തേടുന്ന പ്രവണതയും വർദ്ധിച്ചുവരുന്നുണ്ടെന്ന് പരാതിയിൽ പറയുന്നു.
