തന്റെ കാമുകനെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പ്രിയ സേത്ത് ആണ് വധു. മറ്റൊരു കൊലക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഹനുമാൻ പ്രസാദ് എന്ന ജാക്കിനെയാണ് പ്രിയ വിവാഹം കഴിക്കുന്നത്. തന്നേക്കാൾ പത്ത് വയസ്സ് പ്രായക്കൂടുതലുള്ള കാമുകിയും തായ്‌ക്കൊണ്ടോ താരവുമായ സന്തോഷ് ശർമ്മയ്‌ക്കൊപ്പം ചേർന്ന്, അവളുടെ ഭർത്താവിനെയും കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജാക്ക്.
സാധാരണ ജയിലുകളെ അപേക്ഷിച്ച് തടവുകാർക്ക് കൂടുതൽ സ്വാതന്ത്ര്യവും പരസ്പരം ഇടപഴകാൻ അവസരവുമുള്ള ജയ്പൂരിലെ തുറന്ന ജയിൽ സൗകര്യത്തിലാണ് ഇരുവരെയും പാർപ്പിച്ചിരുന്നത്. അവിടെ വെച്ചാണ് ഇവർ പ്രണയത്തിലായത്. ആറ് മാസത്തോളം ഇവർ ഒരുമിച്ച് താമസിക്കുകയും ഇപ്പോൾ വിവാഹിതരാകാൻ തീരുമാനിക്കുകയുമായിരുന്നു.
advertisement
2018 മെയിലെ ദുഷ്യന്ത് കൊലക്കേസിൽ ശിക്ഷിക്കപ്പെടുന്നതിന് മുമ്പ്, പ്രിയ സേത്ത് തന്റെ മുൻ കാമുകൻ ദീക്ഷാന്ത് കമ്രയ്‌ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഈ കേസിലെ കൂട്ടുപ്രതിയായ ദീക്ഷാന്തും ഇപ്പോൾ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.
അതേസമയം, കാമുകിയായ സന്തോഷ് ശർമ്മയുടെ വാക്ക് കേട്ട് 2017 ഒക്ടോബറിൽ അവളുടെ ഭർത്താവിനെയും കുട്ടികളെയും കൊന്ന ഹനുമാൻ പ്രസാദ്, ഇപ്പോൾ അവളുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് പ്രിയ സേത്തിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഈ കൊലക്കേസിലെ കൂട്ടുപ്രതിയായ സന്തോഷ് ശർമ്മയും ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. തങ്ങളുടെ പഴയ പങ്കാളികളെ ഉപേക്ഷിച്ചാണ് ഈ രണ്ട് പ്രതികൾ ഇപ്പോൾ ഒന്നാകുന്നത്.
പ്രിയാ സേത്തിനെതിരായ കേസ്
2018-ൽ രാജസ്ഥാനെ നടുക്കിയ ദുഷ്യന്ത് ശർമ എന്ന യുവാവിന്റെ കൊലപാതകക്കേസിലെ പ്രതിയാണ് പ്രിയ സേത്ത്. ടിൻഡർ എന്ന ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ദുഷ്യന്തിനെ പ്രിയ തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് യുവാവിനെ തടങ്കലിലാക്കി പിതാവിനോട് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇതിൽ 3 ലക്ഷം രൂപ ലഭിച്ചു. അതിനിടെ ദുഷ്യന്തിന്റെ ഡെബിറ്റ് കാർഡുമായി പുറത്തുപോയ പ്രിയ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ച് വലിയ അബന്ധം ചെയ്തു. താൻ പിടിക്കപ്പെടുമെന്ന് തോന്നിയപ്പോൾ കൂട്ടാളികളുമായി ചേർന്ന് ദുഷ്യന്തിനെ കൊന്ന് ശരീരം വെട്ടി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ നിറച്ച് ഡൽഹിയിൽ വിജനമായ പ്രദേശത്ത് ഉപേക്ഷിച്ചു. കാമുകനായ ദിക്ഷന്ത് കമ്രയുടെ കടബാധ്യത തീർക്കാനായിരുന്നു ഇവർ ദുഷ്യന്തിനെ ബന്ധിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടത്.
ഹനുമാൻ പ്രസാദിനെതിരായ കേസ്
ഒരു കുടുംബത്തിലെ അഞ്ച് പേരെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഹനുമാൻ പ്രസാദ് ജയിലിൽ കിടക്കുന്നത്. തന്നേക്കാൾ 10 വയസ് മുതിർന്ന തായ്‌ക്വോണ്ടോ താരമായ സന്തോഷ് ശർമ എന്ന കാമുകിയുടെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയത്. 2017 ഒക്ടോബർ 2-ന് രാത്രി, ഇവർ ഭർത്താവിനെ കൊല്ലാൻ പ്രസാദിനെ വീട്ടിലേക്ക് വിളിച്ചു. പ്രസാദ് ഒരു സഹായിയുമായി അവിടെയെത്തുകയും കശാപ്പ് കത്തി ഉപയോഗിച്ച് സന്തോഷിന്റെ ഭർത്താവ് ബൻവാരി ലാലിനെ കൊലപ്പെടുത്തുകയും ചെയ്തു. സന്തോഷിന്റെ മൂന്ന് കുട്ടികളും അവരോടൊപ്പം താമസിച്ചിരുന്ന ഒരു ബന്ധുവും ഈ കൊലപാതകത്തിന് സാക്ഷിയായി. പിടിപെടുമെന്ന് ഭയന്ന സന്തോഷ്, തന്റെ കുട്ടികളെയും ബന്ധുവിനെയും കൂടി കൊല്ലാൻ ആവശ്യപ്പെട്ടു. പ്രസാദ് അതെല്ലാം അനുസരിക്കുകയും ചെയ്തു. ആൽവാറിനെ ഞെട്ടിച്ച കൂട്ടക്കൊലപാതകമായിരുന്നു അത്.
