ഇസ്ലാമാബാദും ലഹോറും ഉൾപ്പെടെ അഞ്ച് പാക്കിസ്ഥാൻ നഗരങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഇസ്ലാമാബാദ്, ലഹോർ, ഷോർകോട്ട്, ഝാങ്, റാവൽപിണ്ടി എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഷോർകോട്ടിലെ റഫീഖി വ്യോമതാവളത്തിനു സമീപം സ്ഫോടനം നടന്നതായാണ് വിവരം. റാവൽപിണ്ടി വ്യോമതാവളത്തിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതായും പാക്കിസ്ഥാൻ സൈന്യം ആരോപിച്ചു.
യാത്രാ വിമാനങ്ങളെ മറയാക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണത്തെ തുടർന്ന് വ്യോമാതിർത്തി പൂർണമായും അടക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി. എല്ലാ വ്യോമഗതാഗതവും പാക്കിസ്ഥാനിൽ നിർത്തിവച്ചിരിക്കുകയാണ്. ഡ്രോൺ ആക്രമണങ്ങൾക്കായി യാത്രാ വിമാനങ്ങളെ മറയാക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം ഉയർന്ന് മണിക്കൂറുകൾക്കുള്ളിലാണ് പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചത്.
advertisement
കഴിഞ്ഞ ദിവസം രാത്രി ഇന്ത്യയുടെ 26 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിനു പിന്നാലെയാണ് വ്യോമാതിർത്തി അടച്ച പാക്കിസ്ഥാന്റെ നീക്കം. വടക്ക് ലേ മുതൽ തെക്ക് സിർ ക്രീക്ക് വരെയുള്ള സൈനിക കേന്ദ്രങ്ങളെ അടക്കം ലക്ഷ്യം വച്ചാണ് പാക്കിസ്ഥാൻ ശക്തമായ ഡ്രോൺ ആക്രമണം നടത്തിയത്. എന്നാൽ ഇന്ത്യ ഈ ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു. ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ കൃത്യമായി തകർത്താണ് തിരിച്ചടിച്ചത്
മെയ് 8,9 തിയതികളിലായി രാത്രിയിൽ 300 മുതൽ 400 ഡ്രോണുകളാണ് പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ പ്രയോഗിച്ചത്. ഇവ തുർക്കി നിർമ്മിത അസിസ്ഗാർഡ് സോംഗർ മോഡലുകളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബരാക്-8, എസ്-400 ട്രയംഫ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും മറ്റും ഉപയോഗിച്ചാണ് ഇന്ത്യ ഡ്രോൺ ആക്രമണത്തെ തകർത്തത്. ശ്രീനഗർ വിമാനത്താവളം, അവന്തിപോര വ്യോമതാവളം, നഗ്രോട്ട, ജമ്മു, പത്താൻകോട്ട്, ഫാസിൽക്ക, ജയ്സാൽമീർ എന്നിവയായിരുന്നു പാക്കിസ്ഥാൻ ലക്ഷ്യമിട്ടിരുന്നത്.
Summary: Two Pakistan Air Force Jets Shot Down After Missiles Launched From Srinagar.