''ദേവേന്ദ്ര ഫഡ്‌നാവിസ് മുമ്പ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കാന്‍ ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇന്നും അദ്ദേഹം മുഖ്യമന്ത്രിയാണെങ്കിലും അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ചിട്ടില്ല. അപ്പോള്‍ സവര്‍ക്കറെക്കുറിച്ച് സംസാരിക്കാന്‍ ബിജെപിക്ക് അവകാശമില്ല. രാജ്യത്തിന്റെ പരമോന്നത ബഹുമതി സവര്‍ക്കര്‍ക്ക് നല്‍കണമെന്ന എന്റെ ആവശ്യം ഞാന്‍ ആവര്‍ത്തിക്കുന്നു,'' ഉദ്ധവ് പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്‌റുവിനെയും വിനായക് സവര്‍ക്കറെയും ചുറ്റിപ്പറ്റിയുള്ള ചരിത്രപരമായ സംവാദങ്ങള്‍ക്ക് അപ്പുറത്തേക്ക് നീങ്ങാന്‍ ബിജെപിയോടും കോണ്‍ഗ്രസിനോടും ആവശ്യപ്പെട്ട അദ്ദേഹം രാജ്യത്തെ ബാധിക്കുന്ന നിര്‍ണായകമായ വികസന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അഭ്യര്‍ത്ഥിച്ചു. ''നെഹ്‌റുവും സവര്‍ക്കറും തങ്ങളുടേതായ സംഭാവനകള്‍ സമൂഹത്തിന് നല്‍കിയ ചരിത്രപുരുഷന്മാരാണ്. വികസനം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, തൊഴിലില്ലായ്മ പരിഹരിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇന്ന് നമുക്ക് വേണ്ടത്, അദ്ദേഹം പറഞ്ഞു.
advertisement
നാഗ്പുരിലെ നിയമസഭാ വളപ്പിനുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഓഫീസിലെത്തിയ ഉദ്ധവ് താക്കറെ അദ്ദേഹത്തെ കാണുകയും അഭിനന്ദിക്കുകയും ചെയ്തു. ശിവസേന നേതാക്കളായ ആദിത്യ താക്കറെ, അനില്‍ പരബ്, വരുണ്‍ സര്‍ദേശായി, അംബഡാസ് ഡാന്‍വെ തുടങ്ങിയവര്‍ ഫഡ്‌നാവിസിനെ സന്ദര്‍ശിക്കുകയും തിരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഇതിന് ശേഷം ഉദ്ധവും ഫഡ്‌നാവിസും രഹസ്യ ചര്‍ച്ച നടത്തി. ഇത് ഏകദേശം 15 മിനിറ്റോളം നീണ്ടതായി ശിവസേന നേതാക്കള്‍ അറിയിച്ചു. സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെയും ഉദ്ധവ് സന്ദര്‍ശിച്ചു. നിയമസഭയില്‍ പ്രതിപക്ഷ സ്ഥാനം ശിവസേന(യുബിടി)ക്ക് നല്‍കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അഭ്യൂഹമുയര്‍ന്നു. 20 എംഎല്‍എമാരുടെ ശിവസേനയാണ് പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ പാര്‍ട്ടി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ഫഡ്‌നാവിസിന്റെയും ഉദ്ധവിന്റെയും ആദ്യ കൂടിക്കാഴ്ചയാണിത്.
''മഹാരാഷ്ട്രയില്‍ സംസ്‌കാര പൂര്‍ണമായ ഒരു രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വിജയിക്കാനായില്ല. അവര്‍ വിജയിക്കുകയും സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ താത്പര്യത്തിന് അനുസരിച്ച് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ബാക്കി ചോദ്യങ്ങള്‍ ജനങ്ങളുടെ മനസ്സിലുണ്ട്. അതെക്കുറിച്ച് ഞങ്ങള്‍ ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും,'' ഉദ്ധവ് പറഞ്ഞു.
''ഞങ്ങള്‍ മുഖ്യമന്ത്രി ഫഡ്‌നാവിസിനെ കണ്ടിരുന്നു. അടുത്ത അഞ്ച് വര്‍ഷം സംസ്ഥാനത്തിന്റെ താത്പര്യമനുസരിച്ചുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനമാണ് ഞങ്ങള്‍ക്ക് ആവശ്യം. അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. ഞങ്ങള്‍ക്ക് രാഷ്ട്രീയപരമായി ഭിന്നാഭിപ്രായം ഉണ്ട്. എന്നാല്‍ വ്യക്തിപരമായി ശത്രുതയില്ല'', ആദിത്യ താക്കറെ പറഞ്ഞു.
ഉദ്ധവിന്റെ ആവശ്യത്തില്‍ നിശബ്ദത പാലിച്ച് കോണ്‍ഗ്രസ്
വീര്‍ സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കണമെന്ന ഉദ്ധവിന്റെ ആവശ്യത്തോട് കോണ്‍ഗ്രസ് നിശബ്ദത പാലിക്കുകയാണ്. വിഷയത്തില്‍ സഖ്യകക്ഷിയുടെ ആവശ്യത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. സവര്‍ക്കറുടെ ഭരണഘടനയെക്കുറിച്ചുള്ള വീക്ഷണങ്ങളെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് ഉദ്ധവിന്റെ ഭാരത് രത്‌ന ആവശ്യമെന്നതും ശ്രദ്ധേയമാണ്.