ഈ വര്‍ഷം ഏപ്രില്‍ 22-ന് നടന്ന 24-ാമത് വിദൂര വിദ്യാഭ്യാസ ബ്യൂറോ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തിലെ ശുപാര്‍ശകള്‍ പാലിച്ചാണ് ഈ ഉത്തരവ്. ജൂലായ് 23-ന് നടന്ന യുജിസിയുടെ 592-ാമത് യോഗത്തില്‍ തീരുമാനം അംഗീകരിക്കപ്പെട്ടു.
2021-ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഫഷന്‍സ് (എന്‍സിഎഎച്ച്പി) നിയമത്തിനുകീഴില്‍ വരുന്ന വിഷയങ്ങളാണ് നിരോധിച്ചത്. സൈക്കോളജി, മൈക്രോബയോളജി, ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ സയന്‍സ്, ബയോടെക്‌നോളജി, ക്ലിനിക്കല്‍ ന്യൂട്രീഷന്‍, ഡയറ്റെറ്റിക്‌സ് എന്നീ വിഷയങ്ങളാണ് ഇതില്‍പ്പെടുന്നത്. ഈ വിഷയങ്ങളിൽ കോഴ്‌സുകള്‍ ഇനി ഓണ്‍ലൈന്‍ ആയോ വിദൂര വിദ്യാഭ്യസ രീതിയിലൂടെയോ പഠിക്കാന്‍ കഴിയില്ല. ഈ വിഷയങ്ങളില്‍ റെഗുലര്‍ കോഴ്‌സുകള്‍ മാത്രമേ ഉണ്ടാകുകയുള്ളു.
advertisement
2025 ജൂലായ്-ആഗസ്റ്റ് അധ്യയന വര്‍ഷം മുതല്‍ കോഴ്‌സുകള്‍ ലഭ്യമാകില്ല. 2025-26 അധ്യയന വര്‍ഷം മുതല്‍ അത്തരം കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കരുതെന്ന് കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും യുജിസി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം കോഴ്‌സുകള്‍ നല്‍കാന്‍ നിലവില്‍ അംഗീകാരമുള്ള സ്ഥാപനങ്ങള്‍ക്ക് യുജിസി ഇത് പിന്‍വലിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
ഇംഗ്ലീഷ്, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, സോഷ്യോളജി അല്ലെങ്കില്‍ സൈക്കോളജി എന്നിങ്ങനെ ഒന്നിലേറെ വിഷയങ്ങള്‍ മേജറായുള്ള ബിരുദ കോഴ്‌സുകള്‍ ആണെങ്കില്‍ അതില്‍ നിന്ന് ആരോഗ്യവുമായി ബന്ധപ്പെട്ട സ്‌പെഷ്യലൈസ്ഡ് വിഷയം മാത്രം നീക്കിയാല്‍ മതിയാകും. അതേ ബിരുദത്തിനു കീഴില്‍ വരുന്ന ആരോഗ്യ ഇതര വിഷയങ്ങള്‍ തുടരാനാകും.
പ്രൊഫഷണല്‍ ട്രെയിനിംഗിലെ ഗുണനിലവാരം സംബന്ധിച്ച ആശങ്കകള്‍ക്കിടെയാണ് തീരുമാനം. സമീപ വര്‍ഷങ്ങളിൽ സൈക്കോളജി വിഭാഗത്തില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഇതുകാരണം നിരവധി പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ കോഴ്‌സ് നല്‍കാന്‍ തുടങ്ങിയെന്നും മുംബൈ സര്‍വകലാശാലയിലെ സൈക്കോളജി വിഭാഗം മുന്‍ മേധാവിയും പ്രൊഫസറുമായ സതീഷ്ചന്ദ്ര പറഞ്ഞു. എന്നാല്‍ രാജ്യത്തിന്റെ പലഭാഗങ്ങളിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നിലനിര്‍ത്തുന്നതില്‍ പരാജയം സംഭവിച്ചതായും അത്തരം രീതികള്‍ തടയാന്‍ യുജിസി തീരുമാനം സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹത്തിന് മൊത്തത്തില്‍ ഗുണം ചെയ്യുന്ന സ്വാഗതാര്‍ഹമായ നടപടിയാണിതെന്ന് മുംബൈ സര്‍വകാലാശാല സൈക്കോളജി വിഭാഗം മേധാവി വിവേക് ബെല്‍ഹേക്കര്‍ പറഞ്ഞു. ക്ലിനിക്കല്‍ സൈക്കോളജി പഠിക്കാന്‍ കര്‍ശനമായ പ്രായോഗിക പരിശീലനം ആവശ്യമാണ്. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 2:1 വിദ്യാര്‍ത്ഥി- അധ്യാപക അനുപാതം ആവശ്യമാണ്. വിദൂര വിദ്യാഭ്യാസ രീതിയില്‍ അത്തരം പരിശീലനം സാധ്യമല്ലെന്നും യുജിസി തീരുമാനത്തെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
അതേസമയം, രാജ്യത്ത് ഈ വിഷയം പഠിക്കാന്‍ ലഭ്യമായിട്ടുള്ള പരിമിതമായ സീറ്റുകളുടെ വെല്ലുവിളിയും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിന്റെ വര്‍ദ്ധിച്ച ആവശ്യകത കണക്കിലെടുക്കുമ്പോള്‍ യുജിസി അല്ലെങ്കില്‍ ഉന്നത ബോഡി സര്‍വകലാശാലകള്‍ക്കുകീഴിൽ സീറ്റുകള്‍ കൂട്ടാന്‍ അനുവദിച്ചുകൊണ്ടുള്ള പരിഹാരം കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.