കേന്ദ്ര സർക്കാർ അംഗീകരിച്ച പുതിയ നിയമ പ്രകാരം ഇനി മുൻകൂറായി രണ്ട് മാസത്തെ വാടക മാത്രമേ വാങ്ങാൻ പാടുള്ളു. അതേസമയം താമസ ആവശ്യത്തിനല്ലാത്ത കെട്ടിടങ്ങൾക്ക് ആറ് മാസത്തെ വാടക വരെ ഈടാക്കാമെന്നും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച നിയമം അനുശാസിക്കുന്നു. രാജ്യത്തുടനീളമുള്ള വാടക ഭവനങ്ങളുമായി ബന്ധപ്പെട്ട നിയമപരമായ ചട്ടക്കൂട് മാറ്റാൻ നിയമം സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാർ കണക്ക് കൂട്ടുന്നു.
രാജ്യത്ത് ഊർജ്ജസ്വലവും സുസ്ഥിരവും സമഗ്രവുമായ വാടക ഭവന വിപണി സൃഷ്ടിക്കുകയാണ് മാതൃകാ നിയമത്തിന്റെ ലക്ഷ്യമെന്ന് സർക്കാർ വ്യക്തമാക്കുന്നു. എല്ലാ വരുമാനക്കാർക്കും മതിയായ വാടക ഭവനങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നതിനും അതുവഴി ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കുന്നതിനും ഇത് ഉപകാരപ്പെടും. ഭവന നിർമ്മാണത്തെ ഔപചാരിക വിപണിയിലേക്ക് കാലോചിതമായി മാറ്റുന്നതിലൂടെ, വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളെ സ്ഥാപനവൽക്കരിക്കാൻ മാതൃകാ വാടക നിയമം സഹായിക്കുമെന്നും നഗരകാര്യ മന്ത്രാലയം പ്രതീക്ഷിക്കുന്നു.
advertisement
വാടക ഭവന ആവശ്യങ്ങൾക്കായി ഒഴിഞ്ഞ വീടുകൾ തുറന്നു കൊടുക്കുന്നതിന് ഈ മാതൃകാ നിയമം ഉപകാരപ്പെടുമെന്നും സർക്കാർ വൃത്തങ്ങൾ ചൂണ്ടികാണിക്കുന്നു. വൻതോതിലുള്ള ഭവന ക്ഷാമം പരിഹരിക്കുന്നതിനുള്ള ഒരു ബിസിനസ് മാതൃകയായി വാടക ഭവനങ്ങളിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു.
ഔപചാരിക വാടക ഉടമ്പടി നടത്തേണ്ടതിന്റെ ആവശ്യകത, എത്ര സുരക്ഷാ നിക്ഷേപം നൽകണം, വാടക വർദ്ധിപ്പിക്കാവുന്ന പരിധി, കുടിയൊഴിപ്പിക്കാനുള്ള അടിസ്ഥാനം തുടങ്ങിയ ഘടകങ്ങളെ മാതൃക വാടക നിയമം എടുത്തു കാണിക്കുകയും ചെയ്യുന്നു.