1. 1947 ഓഗസ്റ്റ് 15 ന് രാജ്യം ആദ്യത്തെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ മഹാത്മാഗാന്ധി അതിൽ പങ്കെടുത്തിരുന്നില്ല. കാരണം ബംഗാളിൽ നടന്ന ഹിന്ദു-മുസ്ലിം കലാപങ്ങൾ അവസാനിപ്പിക്കായി മഹാത്മാഗാന്ധി അന്ന് ഒരു നിരാഹാര സമരത്തിൽ പങ്കെടുക്കുകയായിരുന്നു.
2. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ഗാന്ധിയനുമായ പിംഗലി വെങ്കയ്യ ആണ് ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്തത്. മച്ചിലിപട്ടണത്ത് നിന്നുള്ള ഒരു കർഷകനായിരുന്നു അദ്ദേഹം.
3. സ്വാതന്ത്ര്യം ലഭിച്ച് മൂന്ന് വർഷത്തിന് ശേഷമാണ് ഇന്ത്യയുടെ ദേശീയ ഗാനം അംഗീകരിക്കപ്പെടുന്നത് എന്നതും മറ്റൊരു വസ്തുതയാണ്. അതായത് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യക്ക് സ്വന്തമായി ഒരു ദേശീയ ഗാനം ഉണ്ടായിരുന്നില്ല. 1911 ൽ രബീന്ദ്രനാഥ ടാഗോര്‍ രചിച്ച 'ജനഗണമന' ഔദ്യോഗികമായി അംഗീകരിച്ചതും ഇന്ത്യയുടെ ദേശീയഗാനമായി തെരഞ്ഞെടുത്തതും 1950 ജനുവരി 24-നായിരുന്നു .
advertisement
4. ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ ഓഗസ്റ്റ് 15 എന്ന തീയതി തിരഞ്ഞെടുത്തത് അവസാനത്തെ വൈസ്രോയിയും രാജ്യത്തിൻ്റെ ആദ്യത്തെ ഗവർണർ ജനറലുമായ മൗണ്ട് ബാറ്റൺ പ്രഭുവാണ്. 1948 ജൂണിൽ ഇന്ത്യക്കാർക്ക് അധികാരം കൈമാറാൻ ബ്രിട്ടീഷ് പാർലമെൻ്റ് ചുമതലപ്പെടുത്തിയിരുന്നത് അദ്ദേഹത്തിനെയായിരുന്നു.
കൂടാതെ ജപ്പാന്‍, സഖ്യസേനയ്ക്ക് മുന്നില്‍ കീഴടങ്ങിയതിന്റെ രണ്ടാം വാര്‍ഷികം ആചരിച്ചു വന്നിരുന്നത് ആഗസ്റ്റ് 15 നായിരുന്നു. അതിനാലാണ് അദ്ദേഹം ഈ ദിവസം തിരഞ്ഞെടുത്തതെന്നും പറയപ്പെടുന്നുണ്ട്.
5. പാകിസ്താന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഓഗസ്റ്റ് 14 ന് ആണ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന് ഒരു ദിവസം മുമ്പാണ് പാകിസ്ഥാൻ തങ്ങളുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചുവരുന്നത്. രണ്ട് രാജ്യങ്ങളും ഒരേ ദിവസമാണ് സ്വാതന്ത്ര്യം നേടിയതെങ്കിലും ഇരുവരുടെയും ആഘോഷചടങ്ങുകളിൽ മൗണ്ട് ബാറ്റൺ പ്രഭുവിന് പങ്കെടുക്കുന്നതിനായാണ് ഇങ്ങനെ തീരുമാനിച്ചത്. ഇന്ത്യയുടെ അവസാനത്തെ ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്നു മൗണ്ട് ബാറ്റൺ.
ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യം ആഘോഷിക്കുന്ന രാജ്യങ്ങള്‍
ഇന്ത്യയ്ക്ക് പുറമേ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 5 ലോക രാജ്യങ്ങൾ കൂടിയുണ്ട്. ബഹ്‌റൈൻ, ഉത്തര കൊറിയ, ദക്ഷിണ കൊറിയ, റിപ്പബ്ലിക് ഓഫ് കോംഗോ, ലിച്ചെൻസ്റ്റൈൻ എന്നിവയാണ് ഈ രാജ്യങ്ങൾ.