സുല്‍ത്താന്‍ പൂരിലെ വിധായക് നഗറിനടുത്താണ് റാമിന്റെ ചെറിയ കട. വളരെ അപ്രതീക്ഷിതമായാണ് രാഹുല്‍ തന്റെ കടയിലേക്ക് എത്തിയതെന്ന് റാം പറയുന്നു. അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് ശേഷം നിരവധി സര്‍ക്കാരുദ്യോഗസ്ഥര്‍ തന്റെ കടയിലേക്ക് എത്താറുണ്ടെന്നും എന്തൊക്കെ പ്രശ്‌നങ്ങളാണ് താന്‍ നേരിടുന്നതെന്ന് ചോദിക്കാറുണ്ടെന്നും റാം പറഞ്ഞു. ജൂലൈ 26നാണ് രാഹുല്‍ ഗാന്ധി റാമിന്റെ കടയിലേക്ക് എത്തിയത്. റാമിന്റെ കുടുംബത്തെപ്പറ്റിയും അദ്ദേഹത്തിന്റെ തൊഴില്‍പ്രശ്‌നങ്ങളെപ്പറ്റിയും രാഹുല്‍ ചോദിച്ച് മനസിലാക്കി. ഈയവസരത്തില്‍ ഒരു ചെരിപ്പ് തുന്നാനും ഒട്ടിക്കാനും രാഹുല്‍ റാമിനൊപ്പം കൂടുകയും ചെയ്തു.
advertisement
രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം തന്റെ ജീവിതമാകെ മാറ്റിയെന്ന് റാം പറഞ്ഞു. ഈ സംഭവത്തിലൂടെ തന്റെ പ്രശസ്തി ഉയര്‍ന്നെന്നും റാം കൂട്ടിച്ചേര്‍ത്തു. '' എന്റെ ലോകം പാടെ മാറി. മുമ്പ് എന്നെ ആര്‍ക്കും അറിയില്ലായിരുന്നു, ഇപ്പോള്‍ എന്റെ കടയിലേക്ക് ആളുകള്‍ വരുന്നുണ്ട്. പലരും എന്നോടൊപ്പം സെല്‍ഫി ചിത്രങ്ങളുമെടുക്കുന്നു,'' റാം പറഞ്ഞു.
'' രാഹുല്‍ തുന്നിയ ചെരിപ്പ് വില്‍ക്കുന്നുണ്ടോ എന്ന് ചോദിച്ച് നിരവധി പേരാണ് എന്നെ വിളിക്കുന്നത്. പത്ത് ലക്ഷം രൂപ വരെ ചിലര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതാപ്ഗഢില്‍ നിന്നൊരാള്‍ എന്നെ വിളിച്ചിരുന്നു. ചെരിപ്പിന് അഞ്ച് ലക്ഷം രൂപ തരാം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ചെരിപ്പ് വില്‍ക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ പത്ത് ലക്ഷം രൂപ തരാമെന്നായി അദ്ദേഹം. ചെരിപ്പ് വില്‍ക്കാന്‍ തയ്യാറല്ലെന്നും ആ ചെരിപ്പ് തന്റെ ഭാഗ്യമാണെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. രാഹുല്‍ തുന്നിയ ചെരിപ്പ് ഒരു ചില്ലുകൂട്ടിലാക്കി എന്റെ കടയില്‍ തന്നെ സൂക്ഷിക്കാനാണ് തീരുമാനം,'' റാം പറഞ്ഞു.
തനിക്കൊപ്പമിരുന്നു ചെരിപ്പുതുന്നിയതോടെ രാഹുലും തന്റെ കടയുടെ പങ്കാളിയായെന്നും റാം പറഞ്ഞു. രാഹുലിന്റെ സന്ദര്‍ശനത്തിന് ശേഷം തന്റെ കട സര്‍ക്കാരുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടുവെന്നും റാം പറഞ്ഞു. അപകീര്‍ത്തി കേസില്‍ എംപി-എംഎല്‍എ കോടതിയില്‍ ഹാജരാകാന്‍ വേണ്ടിയാണ് രാഹുല്‍ സുല്‍ത്താന്‍പൂരിലെത്തിയത്. 2018ല്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷായ്‌ക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളുടെ പേരില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ പ്രാദേശിക ബിജെപി നേതാവായ വിജയ് മിശ്ര പരാതി നല്‍കുകയായിരുന്നു.