കുടുംബത്തോടൊപ്പം ഡൽഹി വിമാനത്താവളത്തിലെ ടെർമിനൽ 3ൽ നിന്ന് ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെ ഇമിഗ്രേഷൻ വിഭാഗം ഇയാളെ തടയുകയും ഡൽഹി പോലീസിന് കൈമാറുകയുമായിരുന്നു. ഇമ്രാൻ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നേരത്തെ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി മിർസാപൂർ എസ്എസ്പി സോമെൻ ബർമ അറിയിച്ചു. ഇയാളെ പിടികൂടുന്നവർക്ക് 25,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
ഇമ്രാനെതിരെ നിലവിൽ 65ഓളം കേസുകളുണ്ട്, ഇതിൽ ഭൂരിഭാഗവും തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്. ജിമ്മിന്റെ മറവിൽ നടന്ന ഈ ക്രൂരതയുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഭദോഹി ജില്ലയിൽ ജോലി ചെയ്തിരുന്ന ഒരു ജിആർപി കോൺസ്റ്റബിളും ഉൾപ്പെടുന്നു. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
advertisement
ജനുവരി 20ന് രണ്ട് യുവതികൾ മിർസാപൂരിലെ കോട്‌വാലി ദേഹത് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. കേസ് അന്വേഷണത്തിനായി നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. നിലവിൽ ഇമ്രാന്റെ ഉടമസ്ഥതയിലുള്ള നാല് ജിമ്മുകൾ പോലീസ് സീൽ ചെയ്തു. ജില്ലയിൽ പ്രവർത്തിക്കുന്ന മറ്റ് 47 ജിമ്മുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിമ്മുകളുടെ ഉടമസ്ഥാവകാശം, ട്രെയിനർമാരുടെ പശ്ചാത്തലം തുടങ്ങിയവ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
യുവതികളുടെ പരാതിയും അറസ്റ്റും
ജിമ്മുമായി ബന്ധപ്പെട്ടവർ തങ്ങളെ പ്രലോഭിപ്പിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും മതം മാറാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി യുവതികൾ ആരോപിച്ചു. മുഹമ്മദ് ഷെയ്ഖ് അലി ആലം, ഫൈസൽ ഖാൻ, സഹീർ, സാദാബ് എന്നിവരാണ് ആദ്യം പിടിയിലായത്. നാലുപേരെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഈ ശൃംഖലയിലെ മുഖ്യസൂത്രധാരനടക്കമുള്ളവരെയാണ് ഇപ്പോൾ പിടികൂടിയത്.
എഫ്ഐആർ പ്രകാരം, ജിം ട്രെയിനറായ ഷെയ്ഖ് അലി വർക്കൗട്ട് സമയത്ത് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് നിർബന്ധപൂർവ്വം ബന്ധത്തിന് പ്രേരിപ്പിക്കുകയും ചെയ്തതായി ഒരു യുവതി പരാതിപ്പെട്ടു. ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയും മോശമായ രീതിയിലുള്ള ചിത്രങ്ങളും വീഡിയോകളും രഹസ്യമായി പകർത്തി പണം തട്ടാൻ ഉപയോഗിക്കുകയും ചെയ്തു. ഭീഷണിപ്പെടുത്തി യുവതിയുടെ പേരിൽ ലോണുകൾ എടുപ്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ബുർഖ ധരിക്കാനും നിത്യവും നിസ്കരിക്കാനും ദർഗകളിൽ പോകാനും തന്നെ നിർബന്ധിച്ചതായും മതപരമായ വചനങ്ങൾ ചൊല്ലാൻ സമ്മർദ്ദം ചെലുത്തിയതായും യുവതി പോലീസിനോട് പറഞ്ഞു. ഇതിനെ എതിർത്തപ്പോൾ വീഡിയോകൾ പ്രചരിപ്പിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. സമാനമായ രീതിയിൽ മറ്റ് പല യുവതികളെയും ഇവർ ലക്ഷ്യമിട്ടിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തി.
പരാതിയെത്തുടർന്ന് മിർസാപൂർ പോലീസ് കേസെടുക്കുകയും കെജിഎൻ ജിം, ബി-ഫിറ്റ് ജിം ഉൾപ്പെടെ അഞ്ച് കേന്ദ്രങ്ങൾ സീൽ ചെയ്യുകയും ചെയ്തു. നിർബന്ധിത മതപരിവർത്തനത്തിനായി ജിമ്മുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് മിർസാപൂർ ബിജെപി എംഎൽഎ രത്നാകർ മിശ്ര പറഞ്ഞു.
