അതേസമയം, ആഗസ്ത് അവസാനത്തോടെ അറബിക്കടലിൽ ഉണ്ടായ അസ്ന ചുഴലിക്കാറ്റിന് ശേഷം രണ്ട് മാസത്തിനുള്ളിൽ വടക്കേ ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഡാന. ഇതിന് അറബിയിൽ "ഉദാരത" എന്നാണ് അർത്ഥം. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾക്ക് പേരിടുന്നതിനുള്ള സ്റ്റാൻഡേർഡ് കൺവെൻഷൻ അനുസരിച്ച് ഖത്തർ ആണ് ഈ പേര് നിർദേശിച്ചിരിക്കുന്നത്. ഇനി എങ്ങനെയാണ് ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത് എന്ന് നോക്കാം.
ആരാണ് ചുഴലിക്കാറ്റുകൾക്ക് പേര് നൽകുന്നത്?
വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനും (WMO) യുണൈറ്റഡ് നേഷൻസ് എക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് പസഫികും (ESCAP) ചേർന്നാണ് ലോകത്തിന്റെ വിവിധ മേഖലകളിൽ വീശുന്ന ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്. ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്ഥാൻ, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവ ഉൾപ്പെടുന്നതാണ് എസ്‌കാപ്പ്. ഇതിനുപുറമേ ഇറാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ , യെമൻ എന്നീ അഞ്ച് രാജ്യങ്ങളെ കൂടി ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2000ത്തിന് ശേഷമാണ് ചുഴലിക്കാറ്റുകള്‍ക്ക് പേരുകള്‍ നൽകി തുടങ്ങിയത്.
advertisement
2020 ഏപ്രിലിൽ കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പട്ടികയിൽ 169 ചുഴലിക്കാറ്റുകളുടെ പേരുകൾ നിർദ്ദേശിച്ചത് ഈ 13 രാജ്യങ്ങളാണ്.
എന്തുകൊണ്ടാണ് ചുഴലിക്കാറ്റുകൾക്ക് പേരിടുന്നത്?
ചുഴലിക്കാറ്റുകൾക്ക് പേരുകൾ നൽകുന്നത് ഓരോ ചുഴലിക്കാറ്റിനെയും ഓർത്തിരിക്കാൻ ആളുകളെ സഹായിക്കുന്നു. പ്രത്യേകിച്ച് ശാസ്ത്രജ്ഞർ, ദുരന്തനിവാരണ രംഗത്തുള്ളവർ, മാധ്യമങ്ങൾ, പൊതുജനങ്ങൾ എന്നിങ്ങനെ വിവിധ മേഖലയിലുള്ളഴർക്ക് ഓരോ
ചുഴലിക്കാറ്റിനെയും തിരിച്ചറിയാൻ ഈ പേരുകൾ സഹായിക്കും. കൂടാതെ ഒരേ സമയം ഒരു പ്രദേശത്ത് ഒന്നിലേറെ ചുഴലിക്കാറ്റുകള്‍ രൂപപ്പെടാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഓരോ ചുഴലിക്കാറ്റിനെയും തിരിച്ചറിയാനും ഇവയെ നിരീക്ഷിക്കുന്നതിലും മുന്നറിയിപ്പുകള്‍ നല്‍കുന്നതിലുമൊക്കെ ഉണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാനും കൂടിയാണ് പേര് നൽകുന്നത്.
ചുഴലിക്കാറ്റിന് പേര് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചുഴലിക്കാറ്റുകൾക്ക് പേരിടാനുള്ള നിർദ്ദേശങ്ങൾ അയയ്ക്കുമ്പോൾ, രാജ്യങ്ങൾ ചില അടിസ്ഥാന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. അവ താഴെ കൊടുക്കുന്നു.
1. ജാതി, രാഷ്ട്രീയ, മത, വർഗ, വർണ, ലിംഗ വേർതിരിവുകൾ ഇല്ലാത്ത പേരുകൾ നിർദ്ദേശിച്ചുകൊണ്ട് നിഷ്പക്ഷമായ ഒരു പേര് തെരഞ്ഞെടുക്കണം.
2. ലോകത്തെ ഒരു ജനവിഭാഗത്തിന്റെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുന്നതാകരുത്.
3. വളരെ പരുഷവും ക്രൂരവുമായ വാക്കുകൾ പ്രയോഗിക്കരുത്.
4. ചെറുതും എളുപ്പത്തില്‍ ഉച്ചരിക്കാന്‍ കഴിയുന്നതും വെറുപ്പുളവാക്കാത്തതും ആയ പേര് വേണം നിര്‍ദേശിക്കാൻ.
5. പരമാവധി 8 അക്ഷരങ്ങൾ മാത്രം ഉപയോഗിക്കുക.
6. നിര്‍ദേശിക്കുന്ന പേരിന്റെ ഉച്ചാരണം വാക്കായും ശബ്ദരേഖയായും നല്‍കണം. ഇതിന് പുറമെ മുൻപ് ഉപയോഗിച്ച പേരുകൾ ആവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം.
രാജ്യങ്ങളെ അക്ഷരമാല ക്രമത്തിൽ ക്രമീകരിച്ചുകൊണ്ടായിരിക്കും നിർദ്ദേശിച്ച പേരുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത്. മുകളിൽ വിവരിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും പേരുകൾ നൽകുന്നത്. ചുഴലിക്കാറ്റുകളുടെ പട്ടികയിൽ ആദ്യ സ്ഥാനം പിടിച്ച നിസർഗ ചുഴലിക്കാറ്റിന് ആ പേരിട്ടത് ബംഗ്ലാദേശ് ആയിരുന്നു. ഇത് മഹാരാഷ്ട്രയില്‍ ആഞ്ഞടിച്ചിരുന്നു. ഗതിയാണ് ഇന്ത്യ തെരഞ്ഞെടുത്ത ചുഴലിക്കാറ്റിന്റെ പേര്. നിവാർ ചുഴലിക്കാറ്റിന് ആ പേര് നൽകിയത് ഇറാനാണ്.