സൈന്യത്തിലെ ഒഴിവുകള്‍ പുരുഷന്മാര്‍ക്കായി സംവരണം ചെയ്തുള്ള നടപടിയെ ചോദ്യം ചെയ്ത് രണ്ട് സ്ത്രീകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. ജെഎജി (ഇന്ത്യന്‍ ആര്‍മി) എന്‍ട്രി സ്‌കീം തസ്തികയിലേക്ക് നിയമനം ആവശ്യപ്പെട്ടാണ് പരാതിക്കാര്‍ ഹര്‍ജി നല്‍കിയത്.
ജെഎജി വകുപ്പില്‍ ഹര്‍ജിക്കാരില്‍ ഒരാളെ നിയമിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഏകപക്ഷീയമായ സംവരണം പോലുള്ള നയങ്ങള്‍ നടപ്പാക്കിയാല്‍ ഒരു രാജ്യവും സുരക്ഷിതമാകില്ലെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരില്‍ ഒരാളെ ഉള്‍പ്പെടുത്തി സ്ത്രീക്കും പുരുഷനും തുല്യ പങ്കാളിത്തം ഉറപ്പാക്കി റിക്രൂട്ട്‌മെന്റ് നടത്താനും എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കുമായി സംയോജിത മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
advertisement
ജസ്റ്റിസ് മന്‍മോഹന്‍ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഒന്നാം ഹര്‍ജിക്കാരിയെ ജെഎജി വകുപ്പില്‍ നിയമിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. അതേസമയം, രണ്ടാമത്തെ ഹര്‍ജിക്കാരിക്ക് ആശ്വാസത്തിന് വകയില്ല.
"പുരുഷന്മാര്‍ക്ക് മാത്രമായി ഒഴിവുകള്‍ സംവരണം ചെയ്യാന്‍ കഴിയില്ല. പുരുഷന്മാര്‍ക്ക് ആറ് സീറ്റുകളും സ്ത്രീകള്‍ക്ക് മൂന്നു സീറ്റുകളുമെന്ന തീരുമാനം ഏകപക്ഷീയമാണ്. ഇത് അനുവദിക്കാന്‍ കഴിയില്ല", ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു. കേന്ദ്രം ഏറ്റവും യോഗ്യതയുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കണം എന്നതാണ് ലിംഗ നിഷ്പക്ഷതയുടെയും 2023-ലെ നിയമങ്ങളുടെയും യഥാര്‍ത്ഥ അര്‍ത്ഥമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ത്രീകളുടെ സ്ഥാനങ്ങള്‍ നിയന്ത്രിക്കുന്നത് സമത്വത്തിനുള്ള അവകാശം ലംഘിക്കുന്നതുപോലെയാണെന്നും സുപ്രീം കോടതി ബെഞ്ച് കൂട്ടിച്ചേര്‍ത്തു.