1935 ഒക്ടോബർ 24-ന് കൊൽക്കത്തലായിരുന്നു ടള്ളിയുടെ ജനനം.കേംബ്രിഡ്ജിലെ ട്രിനിറ്റി ഹാളിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തനത്തിലേക്ക് തിരിയുകയായിരുന്നു. മുപ്പത് വർഷത്തോളം ബിബിസിയിൽ ജോലി ചെയ്തു. 22 വർഷം ബിബിസിയുടെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്നു.
1971-ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധം, ഭോപ്പാൽ ദുരന്തം, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ, ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധം, ബാബറി മസ്ജിദ് തകർച്ച തുടങ്ങിയ ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ എല്ലാ സംഭവങ്ങളും അദ്ദേഹം ലോകത്തിന് മുന്നിലെത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധി ഏർപ്പെടുത്തിയ സെൻസർഷിപ്പിനെത്തുടർന്ന് അദ്ദേഹത്തിന് ഇന്ത്യയിൽ നിന്ന് പുറത്തുപോകേണ്ടി വന്നിട്ടുണ്ട്.
advertisement
മികച്ചൊരു എഴുത്തുകാരൻ കൂടിയായിരുന്ന ടള്ളി 'അമൃത്സർ: മിസിസ് ഗാന്ധിസ് ലാസ്റ്റ് ബാറ്റിൽ', 'നോ ഫുൾ സ്റ്റോപ്സ് ഇൻ ഇന്ത്യ', 'ഇന്ത്യ ഇൻ സ്ലോ മോഷൻ' തുടങ്ങി ഇന്ത്യയുടെ രാഷ്ട്രീയവും സാമൂഹികവുമായ അവസ്ഥകളെ പ്രതിപാദിക്കുന്ന നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2017-ൽ പുറത്തിറങ്ങിയ 'അപ്കൺട്രി ടേൽസ്: വൺസ് അപ്പോൺ എ ടൈം ഇൻ ദി ഹാർട്ട് ഓഫ് ഇന്ത്യ' ആണ് അദ്ദേഹത്തിന്റെ അവസാന പുസ്തകം. ഉത്തരേന്ത്യൻ ഗ്രാമങ്ങളെ പശ്ചാത്തമാക്കി എഴുതിയ ഒരു കഥാസമാഹാരമാണിത്. ബിബിസി റേഡിയോയിലെ 'സംതിംഗ് അണ്ടർസ്റ്റുഡ്' എന്ന പരിപാടിയുടെ അവതാരകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മാധ്യമരംഗത്തെയും സാഹിത്യരംഗത്തെയും സമഗ്ര സംഭാവനകൾ പരിഗണിച്ച് 2002-ൽ ബ്രിട്ടൻ അദ്ദേഹത്തിന് നൈറ്റ്ഹുഡ് ബഹുമതി നൽകി ആദരിച്ചു. 2005-ൽ ഭാരത സർക്കാർ പത്മഭൂഷൺ നൽകിയും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. മാർഗരറ്റ് ആണ് ഭാര്യ. നാല് മക്കളുണ്ട്. ദീർഘകാലമായി പങ്കാളി ഗില്ലിയൻ റൈറ്റിനൊപ്പം ഇന്ത്യയിലായരുന്നു താമസം.
