മൂന്നാം റാങ്കുകാരിയായ അനന്യ റെഡ്ഡിയുടെ വീഡിയോയും എക്സിൽ വൈറലായിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയാണ് തൻെറ പ്രചോദനമെന്നാണ് വീഡിയോയിൽ അനന്യ പറയുന്നത്. അനന്യയുടെ ഒരു അഭിമുഖത്തിൽ നിന്നുള്ള ചെറിയ ഭാഗമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
“വിരാട് കോലിയാണ് എൻെ പ്രചോദനം. അദ്ദേഹമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട കായികതാരം. ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന മനോഭാവമാണ് കോലിക്കുള്ളത്. അതിനാൽ തന്നെ കോലി ഞാനടക്കം പലർക്കും പ്രചോദനമാവുന്നുണ്ട്,” അനന്യ പറഞ്ഞു. അച്ചടക്കവും കഠിനാധ്വാനവുമാണ് കോലിയിൽ നിന്നും മാതൃകയാക്കേണ്ട കാര്യങ്ങളെന്നും അനന്യ വീഡിയോയിൽ പറയുന്നു.
advertisement
“വിരാട് കോലിയാണ് തൻെറ പ്രചോദനമെന്ന് യുപിഎസ‍്‍സി ടോപ്പർ പറയുന്നു,” എന്ന ക്യാപ്ഷനോടെ മുഫദ്ദൽ വോഹ്റ എന്ന പ്രൊഫൈലാണ് എക്സിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡീയോ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ലൈക്കുകളും ധാരാളം കമൻറുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
വിരാട് കോലി എല്ലാവർക്കും പ്രചോദനമാണെന്ന് മറ്റൊരു എക്സ് യൂസറുടെ കമൻറ്. “വിരാട് കോഹ്ലിയും സച്ചിനും ധോണിയും കോടിക്കണക്കിന് ആളുകൾക്കാണ് പ്രചോദനം ആയിരിക്കുന്നത്,” മറ്റൊരാളുടെ കമൻറ് ഇങ്ങനെയാണ്. “കായിക രംഗത്തിന് പുറത്തും വിരാട് പ്രചോദനമാണ്,” മറ്റൊരാൾ പറഞ്ഞു.
സിവിൽ സർവീസിലെ ടോപ്പർമാർ
ഉത്തർപ്രദേശുകാരനായ ആദിത്യ ശ്രീവാസ്തവയാണ് ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശിയായ പി.കെ സിദ്ധാർത്ഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാർത്ഥിന്റെ നാലാമത്തെ സിവിൽ സർവീസ് നേട്ടമാണിത്. 2022 ൽ 121-ാം റാങ്കാണ് സിദ്ധാർത്ഥ് നേടിയത്. നിലവിൽ ഐപിഎസ് ട്രെയിനിങ്ങിലാണ്. അച്ഛന്‍ രാംകുമാര്‍ ചിന്മയ കോളേജിലെ റിട്ടയേര്‍ഡ് പ്രിന്‍സിപ്പിലാണ്. സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈക്കോടതിയില്‍ വക്കീലാണ്.
സിവിൽ സർവീസിൽ 1105 തസ്തികകളിലേക്കാണ് യുപിഎസ‍്‍സി ഇത്തവണ അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്നു പ്രിലിംസ് പരീക്ഷ. സെപ്റ്റംബറില്‍ മെയിന്‍ പരീക്ഷ നടന്നു. മെയിന്‍സ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.