160ൽ അലധികം സീറ്റുകൾ നേടി ബിഹാർ തിരഞ്ഞെടുപ്പിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബീഹാറിലെ ആദ്യ ഘട്ട വോട്ടെടുപ്പിന് പിന്നാലെ ന്യൂസ് 18 നോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ തവണ എൻഡിഎ ഭൂരിപക്ഷത്തോടെ വിജയിച്ചെന്നും ഇത്തവണയും അതിലും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അതിന്റെ പാതയിലാണെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബിജെപിയുടെ പ്രചാരണത്തിന്റെ കേന്ദ്ര വിഷയങ്ങളിലൊന്ന് അതിർത്തി ജില്ലകളിലെ കുടിയേറ്റവും പൗരത്വ അവകാശവാദങ്ങളുമാണെന്ന് മന്ത്രി പറഞ്ഞു. പശ്ചിമ ബംഗാൾ, നേപ്പാൾ എന്നിവയുമായി അതിർത്തി പങ്കിടുന്ന ബീഹാറിന്റെ വടക്കുകിഴക്കൻ മേഖലയായ സീമാഞ്ചലിലെ ജനങ്ങൾ നുഴഞ്ഞുകയറ്റക്കാരില്ലാത്ത ഒരു സംസ്ഥാനം ആഗ്രഹിക്കുന്നു എന്ന് ഷാ പറഞ്ഞു. വോട്ടർ പട്ടികയിലെ തിരുത്തലുകൾ തുടരുമെന്നും പേരുകൾ നീക്കം ചെയ്യുന്നവർ ഇന്ത്യൻ പൗരന്മാരല്ലെന്നും അദ്ദേഹം കൂട്ടച്ചേർത്തു.
advertisement
ഇന്ത്യൻ പൗരന്മാരല്ലാത്തവരുടെ പേരുകൾ വെട്ടിക്കളയുംമെന്നും അതേസമയം രാഹുലും ലാലുവും അത്തരക്കാരെ രക്ഷിക്കാൻ ആഗ്രഹിക്കുന്നു എന്നും അമിത് ഷാ പറഞ്ഞു. ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തെ എതിർത്ത കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ആഭ്യന്തരമന്ത്രി നേരത്തെ വിമർശിച്ചിരുന്നു.അനധികൃത കുടിയേറ്റക്കാർക്കായി രാഹുൽ ഗാന്ധി പ്രചാരണം നടത്തുന്നു എന്നായിരുന്നു അമിത്ഷായുടെ വിമർശനം
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന നവംബർ 14 ന് ബീഹാറിലെ ജനങ്ങൾ യഥാർത്ഥ ദീപാവലി ആഘോഷിക്കുമെന്നും ആർജെഡിയും സഖ്യകക്ഷികളും അപമാനകരമായ പരാജയത്തിന് സാക്ഷ്യം വഹിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
