സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ജഡ്ജിമാരുടെ ബെഞ്ചിന് മുമ്പാകെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിശദമായ മറുപടി നല്‍കാന്‍ സുപ്രീം കോടതി കേന്ദ്രത്തിന് ഏഴ് ദിവസം സമയം അനുവദിച്ചു. അതിന് ശേഷം അഞ്ച് ദിവസത്തിനുള്ളില്‍ പുനഃപരിശോധന ഹര്‍ജികള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കി. ''അടുത്ത വാദം കേള്‍ക്കുന്ന ദിവസം വരെ വഖഫ്-ബൈ യൂസര്‍ ഉള്‍പ്പെടെയുള്ള വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യില്ല. കളക്ടറെ മാറ്റുകയുമില്ല,'' ബെഞ്ച് രേഖപ്പെടുത്തി.
advertisement
വിഷയത്തില്‍ കോടതി തീരുമാനമെടുക്കുന്നത് വരെ വഖഫ് ബോര്‍ഡുകളിലേക്ക് അമുസ്ലിമുകളെ നിയമിക്കുകയോ നിലവിലുള്ള വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യുകയോ ഇല്ലെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിക്ക് ഉറപ്പ് നല്‍കി.
2025ലെ വഖഫ് ഭേദഗതി നിയമം അനുസരിച്ച് കേന്ദ്ര വഖഫ് കൗണ്‍സിലിലേക്ക് സര്‍ക്കാര്‍ ഒരു നിയമവും നടത്തില്ലെന്നും വഖഫ് ബൈ യൂസറായി ഇതിനോടകം പ്രഖ്യാപിച്ച സ്വത്തുക്കളും 1995 ലെ നിയമത്തില്‍ രജിസ്റ്റര്‍ ചെയ്തതുമായ സ്വത്തുക്കളില്‍ മാറ്റമുണ്ടാകില്ലെന്നും തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.
1995ലെ വഖഫ് നിയമത്തില്‍ കാര്യമായ മാറ്റം വരുത്തുന്ന 2025ലെ വഖഫ്(ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യന്ന ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്. വഖഫ് ഭേദഗതി നിയമത്തിലൂടെ വഖഫ് സ്വത്തുക്കളുടെമേലുള്ള സര്‍ക്കാരിന്റെ നിയന്ത്രണം കര്‍ശനമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് വിവിധ കോണുകളില്‍ നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
പുതിയ നിയമം മുസ്ലീങ്ങളോട് കാണിക്കുന്ന വിവേചനമാണെന്നും സമുദായത്തിന്റെ മതപരമായ ആചാരങ്ങളിലും വഖഫ് സ്വത്തുക്കളുടെ ഇടപാടുകളിലും സര്‍ക്കാര്‍ ഇടപെടുകയാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ബിജെപി ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളും ഭേദഗതിയെ പിന്തുണച്ചുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇത് കേസിന്റെ രാഷ്ട്രീയ പ്രധാന്യം എടുത്ത് കാണിക്കുന്നു.
അതേസമയം, ഇത്രയധികം ഹര്‍ജികള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും അഞ്ചെണ്ണത്തില്‍ മാത്രമെ വാദം കേള്‍ക്കുകയുള്ളൂവെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഖന്ന വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ക്ക് മറുപടി നല്കാന്‍ ഒരാഴ്ച സമയം അനുവദിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി മറുപടി ലഭിച്ചുകഴിഞ്ഞാല്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനിടെ കേന്ദ്ര വഖഫ് കൗണ്‍സിലിലേക്കോ സംസ്ഥാന വഖഫ് ബോര്‍ഡുകളിലേക്കോ പുതിയ നിയമനങ്ങള്‍ നടത്തരുതെന്നും ബെഞ്ച് നിര്‍ദേശിച്ചു.
1995ലെ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത വഖഫ് സ്വത്തുക്കള്‍ തടസ്സമില്ലാതെ തുടരുമെന്നും ചീഫ് ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. മേയ് അഞ്ചിന് കേസില്‍ അടുത്ത വാദം കേള്‍ക്കും. അടുത്ത തീയതിയിലെ വാദം കേള്‍ക്കള്‍ ഇടക്കാല ഉത്തരവുകള്‍ക്കും നിര്‍ദേശം നല്‍കുന്നതിനും മാത്രമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.