തന്റെ ശരീരത്തിൽ തൊടുന്നതോ കെട്ടിപ്പിടിക്കുകയോ ചെയ്യുന്നത് മെസ്സിക്ക് ഇഷ്ടമല്ലെന്ന് ദത്ത പറഞ്ഞതായി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). മെസിയുടെ വിദേശ സുരക്ഷാ സംഘം ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരുന്നതായും എന്നാൽ ആ മുന്നറിയിപ്പുകൾ അവഗണിച്ചതായും ദത്ത പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ആളുകളോട് സ്വയം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അത് ഫലം കണ്ടില്ല. മെസിയെ ആളുകൾ വളഞ്ഞതും ആലിംഗനം ചെയ്ത രീതിയും അദ്ദേഹത്തിന് പൂർണമായും അസ്വീകാര്യമായിരുന്നുവെന്നും ദത്ത വെളിപ്പെടുത്തി.
advertisement
പശ്ചിമബംഗാൾ കായികമന്ത്രി അരൂപ് ബിശ്വാസ് മെസിയോട് ചേർന്ന് നിൽക്കുന്നതും ഫോട്ടോകൾക്കായി നിൽക്കുമ്പോൾ മെസിയെ പിന്നിൽ നിന്ന് പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തന്റെ ബന്ധുക്കൾക്കും പരിചയക്കാർക്കും ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിച്ചുവെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ബിശ്വാസ് കായികമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
മെസിയ്ക്ക് ഏർപ്പെടുത്തിയ സുരക്ഷ എങ്ങനെയാണ് പൂർണമായും തകർന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്. തുടക്കത്തിൽ 150 ഗ്രൗണ്ട് പാസുകൾ മാത്രമാണ് നൽകിയിരുന്നതെന്ന് ദത്ത അവകാശപ്പെട്ടു. എന്നാൽ സ്വാധീനമുള്ള ഒരാൾ വന്ന് ഇത് റദ്ദാക്കിയതായും തുടർന്ന് ഗ്രൗണ്ട് പാസുകളുടെ എണ്ണം മൂന്നിരട്ടിയായതായും ദത്ത വ്യക്തമാക്കി. ആ വ്യക്തി സ്റ്റേഡിയത്തിൽ എത്തിയതോടെ പരിപാടി പൂർണമായും തടസ്സപ്പെട്ടതായും ദത്ത പറഞ്ഞതായി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
മെസ്സിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ സാമ്പത്തിക വിവരങ്ങളും ദത്ത വെളിപ്പെടുത്തി. മെസിക്ക് 89 കോടി രൂപ നൽകിയതായും 11 കോടി രൂപ നികുതിയായി നൽകിയതായും ദത്ത അവകാശപ്പെട്ടു. പരിപാടിയുടെ മൊത്തം ചെലവ് 100 കോടി രൂപയാണെന്നും ദത്ത അറിയിച്ചു. ഏകദേശം ചെലവിന്റെ 30 ശതമാനം സ്‌പോൺസർമാരിൽ നിന്നും മറ്റൊരു 30 ശതമാനം ടിക്കറ്റ് വിൽപ്പനയിലൂടെയുമാണ് കണ്ടെത്തിയതെന്ന് ദത്ത പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
എസ്‌ഐടി ദത്തയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. അക്കൗണ്ടുകളിൽ നിന്ന് 20 കോടി രൂപയിലധികം കണ്ടെത്തുകയും ചെയ്തു. ദത്തയുടെ വസതിയിൽ നടത്തിയ റെയ്ഡുകളിൽ ചില രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ടിക്കറ്റ് വിൽപ്പനയിൽ നിന്നും സ്‌പോൺസർഷിപ്പുകളിൽ നിന്നുമാണ് പണം ലഭിച്ചതെന്ന് ദത്ത അവകാശപ്പെട്ടു. ഈ അവകാശവാദത്തിൽ അന്വേഷണം നടന്നുവരികയാണ് ഇപ്പോൾ.
ആരാധകർ മൈതാനത്തേക്ക് ഒഴുകിയെത്തിയതോടെ മെസിയെ സ്റ്റാൻഡുകളിൽ നിന്ന് പോലും കാണാൻ കഴിയാതെയായി. കോപാകുലരായ ആരാധകർ പിന്നീട് സ്റ്റേഡിയത്തിന്റെ ചില ഭാഗങ്ങൾ നശിപ്പിക്കുകയും ചെയ്തു.
Summary: Arrested organiser Shatadru Dutta said that Argentine footballer Lionel Messi, who arrived at the Salt Lake Stadium in Kolkata on December 13, felt uneasy after seeing the chaotic crowd and then cut short his participation in the event in Kolkata. Dutta revealed this to the Special Investigation Team
