ഇന്ത്യൻ ഭരണഘടനയിലുൾക്കൊള്ളുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ നമ്മുടെ ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്ന നാല് സ്തംഭങ്ങളാണ്. ഇവയുടെയെല്ലാം കാതൽ, മനുഷ്യന്റെ അന്തസ്സിനെക്കുറിച്ചുള്ള ആശയമാണ്. എല്ലാ മനുഷ്യരും തുല്യരാണ്, എല്ലാവരും മാന്യമായി പരിഗണിക്കപ്പെടാൻ അർഹരാണ്. ആരോഗ്യ സംരക്ഷണത്തിലും വിദ്യാഭ്യാസത്തിലും എല്ലാവർക്കും തുല്യ പ്രവേശനം ഉണ്ടായിരിക്കണം. എല്ലാവർക്കും തുല്യ അവസരം ലഭിക്കണം- രാഷ്ട്രപതി പറഞ്ഞു. ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
കഴിഞ്ഞ സാമ്പത്തിക വർഷം 6.5 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്കോടെ, ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ മാറി. ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന സമ്മർദ്ദങ്ങൾക്കിടയിലും, ആഭ്യന്തര ആവശ്യകത ഉയരുകയാണ്. പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്. കയറ്റുമതി ഉയരുകയാണ്. എല്ലാ പ്രധാന സൂചകങ്ങളും സമ്പദ്‌വ്യവസ്ഥ ആരോഗ്യത്തിന്റെ കൊടുമുടിയിലാണെന്ന് കാണിക്കുന്നു. ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്ത പരിഷ്‌ക്കാരങ്ങളും സൂക്ഷ്മമായ സാമ്പത്തിക മാനേജ്മെന്റും നമ്മുടെ തൊഴിലാളികളുടെയും കർഷകരുടെയും കഠിനാധ്വാനവും സമർപ്പണവും മൂലമാണ് ഇത് സാധ്യമാകുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.
advertisement
കശ്മീരിൽ അവധി ആഘോഷിക്കാനെത്തിയ പൗരന്മാർക്ക് നേരെ നടന്ന ഭീകരാക്രമണം അങ്ങേയറ്റം മനുഷ്യത്വരഹിതമായ സംഭവമായിരുന്നെന്ന് രാഷ്ട്രപതി പറഞ്ഞു. എന്നാൽ ഇന്ത്യ ഇന്ത്യ ഉറച്ച ദൃഢനിശ്ചയത്തോടെ കൃത്യമായി പ്രതികരിച്ചു. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിനായി, ഏത് സാഹചര്യത്തെയും നേരിടാൻ നമ്മുടെ സായുധ സേന സജ്ജമാണെന്ന് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു. ഭീകരതയ്‌ക്കെതിരായ മനുഷ്യരാശിയുടെ പോരാട്ടത്തിന്റെ ഒരു ഉദാഹരണമായി ഓപ്പറേഷൻ സിന്ദൂർ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്നും രാഷ്ട്രപതി ദ്രൌപതി മുർമു പറഞ്ഞു.