ഈ പ്രദേശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ഹോളി ആഘോഷിക്കരുതെന്നും അഭ്യര്‍ത്ഥിച്ച് ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ബോല്‍പൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ കുമാര്‍ പറഞ്ഞു. കൂടാതെ ആഘോഷങ്ങളുടെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിരോധനം നടപ്പിലാക്കുന്നതിന് പൊലീസിന്റെയും സര്‍ക്കാര്‍ അധികൃതരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്‍പ്പെട്ടതിനാല്‍ ഹോളി ആഘോഷങ്ങള്‍ക്കായി ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ കഴിയില്ലെന്ന് വിശ്വഭാരതി സര്‍വകലാശാല വക്താവ് അറിയിച്ചു.
സോനാജ്ഹുരിയിലെ വനപ്രദേശത്ത് ഹോളി ആഘോഷിക്കുന്നതില്‍ വിശദീകരണവുമായി ഡിഎഫ്ഒയും രംഗത്തെത്തി. '' ഞങ്ങള്‍ ഒരു ഉത്തരവുകളും പുറപ്പെടുവിക്കുന്നില്ല. ദോല്‍ യാത്ര ദിവസമായ മാര്‍ച്ച് 14ന് വലിയ കൂട്ടമായി ആളുകള്‍ സോനാജ്ഹുരി ഖൊവായ് ബെല്‍റ്റിലേക്ക് നടന്നുനീങ്ങുന്നത് തടയും,'' ഡിഎഫ്ഒ പറഞ്ഞു.
advertisement
'' ഹോളി ദിനത്തില്‍ പച്ചപ്പ് നിറഞ്ഞ പ്രദേശത്തേക്ക് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നിറങ്ങള്‍ കലര്‍ത്തിയ വെള്ളം തളിക്കുന്നത് മരങ്ങള്‍ക്ക് കേടുപാട് വരുത്തും. മാര്‍ച്ച് പതിനാലിന് സോനാജ്ഹുരിയെ പരിസ്ഥിതി നാശത്തില്‍ നിന്ന് രക്ഷിക്കുമെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കണം,'' അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് വനംവകുപ്പ് സോനാജ്ഹുരി ഹാത്തില്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പദവി ലഭിച്ചതിനാല്‍ ബസന്ത് ഉത്സവിനായി സര്‍വകലാശാല ക്യാംപസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കില്ലെന്ന് വിശ്വഭാരതി വക്താവ് അറിയിച്ചു.
അതേസമയം നിരോധനത്തിന് പിന്നില്‍ ചില നിഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
'' ഒരു സ്ഥലത്ത് മാത്രമല്ല ഇത് സംഭവിച്ചത്. മറ്റ് സമുദായങ്ങളുടെ പരിപാടികള്‍ നടക്കുമ്പോള്‍ പൊലീസ് ഏകോപന പരിപാടികള്‍ സംഘടിപ്പിക്കുന്നു. സിപിഎമ്മിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഭരണകാലത്ത് ഇത് നാം കണ്ടു. എന്നാല്‍ 2025ല്‍ ആദ്യമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഹോളിയ്ക്കായി മീറ്റിംഗുകള്‍ നടന്നു. എന്തായിരുന്നു യോഗത്തിലെ പ്രശ്‌നം. മറ്റ് ചില സമുദായങ്ങള്‍ക്ക് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ മാസമാണിത്. മാത്രമല്ല ഇത്തവണ ഹോളി വെള്ളിയാഴ്ചയാണ്. അതുകൊണ്ട് നിറങ്ങള്‍ ഉപയോഗിക്കരുതെന്ന് പരസ്യമായി പറഞ്ഞിരുന്നു,'' സുവേന്ദു അധികാരി പറഞ്ഞു.
'' ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അറസ്റ്റുണ്ടാകും. വെള്ളിയാഴ്ച ആയതിനാല്‍ ശാന്തിനികേതനിലെ ഹോളി ആഘോഷങ്ങള്‍ രാവിലെ പത്ത് മണിയോടെ അവസാനിപ്പിക്കണമെന്ന് ബിര്‍ഭും അഡീഷണല്‍ എസ്പി പറഞ്ഞു. ബംഗാളില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്. മമത ബാനര്‍ജിയുടെ ഭരണകൂടം ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം കളിക്കുന്നു. പ്രീണന രാഷ്ട്രീയമാണ് അവര്‍ പിന്തുടരുന്നത്,'' സുവേന്ദു അധികാരി കൂട്ടിച്ചേര്‍ത്തു.