ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന മേഖലയാണ് ലഗ്രാഞ്ച് പോയിന്റ്-1. ഈ ഭാഗത്ത് സൂര്യനും ഭൂമിയ്ക്കുമിടയിലുള്ള ഗുരുത്വാകര്‍ഷണബലം സന്തുലിതമാണെന്നാണ് ശാസ്ത്രലോകം പറയുന്നത്.
ഏഴ് പേലോഡുകളാണ് ദൗത്യത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതിലെ visible emission line coronagraph അഥവാ VELC രൂപകല്‍പ്പന ചെയ്തത് പ്രൊഫസര്‍ രമേഷ് ആറിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ്.
എന്താണ് ലഗ്രാഞ്ച് പോയിന്റ്-1? ഐഎസ്ആര്‍ഒ ഈ മേഖല തെരഞ്ഞെടുക്കാന്‍ കാരണമെന്ത്?
ഇതുവരെ ഭൂമിയില്‍ നിന്നുകൊണ്ടാണ് സൂര്യനെപ്പറ്റി ഐഎസ്ആര്‍ഒയും മറ്റ് ശാസ്ത്രജ്ഞരും പഠനം നടത്തിയത്. ഭൂമിയെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണത്തിന് ചില പരിധികളുണ്ട്. പ്രഭാതം മുതല്‍ സന്ധ്യവരെയുള്ള സമയത്ത് മാത്രമെ ഈ നിരീക്ഷണം സാധ്യമാകുകയുള്ളു. മാത്രമല്ല അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍ നിരീക്ഷണത്തെ വളച്ചൊടിക്കാനും സാധ്യതയുണ്ട്. ഈ പരിമിതികള്‍ മറികടക്കാനായി സൂര്യന്റെ ലഗ്രാഞ്ച് പോയിന്റില്‍ പേലോഡ് സ്ഥാപിക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിക്കുകയായിരുന്നു. 2013ലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്.
advertisement
“സൂര്യനും ഭൂമിയും തമ്മിലുള്ള ഗുരുത്വാകര്‍ഷണം സന്തുലിതമായിരിക്കുന്ന അഞ്ച് പോയിന്റുകളാണുള്ളത്. ഈ അഞ്ച് പോയിന്റുകളെയാണ് ലഗ്രാഞ്ച് പോയിന്റുകളെന്ന് പറയുന്നത്. ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ജോസഫ് ലഗ്രാഞ്ച് ആണ് ഈ പോയിന്റുകള്‍ കണ്ടെത്തിയത്. അതുകൊണ്ടാണ് ഇവയെ ലഗ്രാഞ്ച് പോയിന്റ് എന്ന് വിളിക്കുന്നത്. സൂര്യനും ഭൂമിയ്ക്കുമിടയിലെ നേര്‍രേഖയിലുള്ള പോയിന്റാണ് എല്‍-1. ഗുരുത്വാകര്‍ഷണ സ്ഥിരതയുള്ള പോയിന്റാണിത്. സൂര്യനെ മറ്റ് തടസ്സങ്ങളില്ലാതെ വീക്ഷിക്കാനും കഴിയും,” പ്രൊഫസര്‍ രമേഷ് പറഞ്ഞു.
സൗര ജ്വാലകളെയും കോറോണല്‍ മാസ് ഇജക്ഷനെയും പറ്റി പ്രവചിക്കാന്‍ ആദിത്യ എല്‍-1 സഹായിക്കുമോ?
1989ല്‍ സൗരക്കാറ്റിന്റെ ഫലമായുണ്ടായ ജിയോഗ്രഫിക് കൊടുങ്കാറ്റ് (geomagnetic storm) കാനഡയിലെ ക്യൂബെക് പ്രവിശ്യയിലെ വൈദ്യുത പ്രസരണത്തെ സാരമായി ബാധിച്ചിരുന്നു. സൗരക്കാറ്റുകളിലേക്കും കോറോണല്‍ മാസ് ഇജക്ഷനിലേക്കും നയിക്കുന്ന സാഹചര്യത്തെപ്പറ്റി പഠിക്കുന്നതിലൂടെ മാത്രമെ സൗരകാലാവസ്ഥയെപ്പറ്റി പ്രവചനം നടത്താനാകൂ. അതിനായുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.
“സൂര്യന്റെ അന്തരീക്ഷത്തില്‍ വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടാകും. അവ ചിലപ്പോള്‍ ഭൂമിയിലേക്കും എത്തപ്പെടാം. അതുകൊണ്ട് തന്നെ സൂര്യനെപ്പറ്റി വിശദമായി പഠിക്കുകയെന്നത് അത്യാവശ്യമാണ്. നമ്മുടെ ദൗത്യത്തിലെ പ്രാഥമിക പേലോഡ് ഇവയെപ്പറ്റിയാണ് പഠിക്കുക. പഠനത്തിന്റെ ഭാഗമായി ഓരോ മിനിറ്റിലും ഈ മേഖലയുടെ ചിത്രങ്ങളെടുക്കും. ഇത്തരത്തില്‍ ഒരുദിവസം 1440 ചിത്രങ്ങളെടുക്കാന്‍ സാധിക്കും. ശേഷം ഓരോ ചിത്രങ്ങളും നിരീക്ഷിച്ച് മാറ്റങ്ങള്‍ രേഖപ്പെടുത്തും. കാന്തിക ക്ഷേത്രത്തിലെ മാറ്റങ്ങള്‍ നിരീക്ഷിക്കാന്‍ സഹായിക്കുന്ന പോളാരിമീറ്റര്‍ എന്ന ഉപകരണവും പേലോഡില്‍ സ്ഥാപിക്കും. സൂര്യനില്‍ ഉണ്ടാകുന്ന പൊട്ടിത്തെറികളെപ്പറ്റി മുന്നറിയിപ്പ് നല്‍കാന്‍ ഇവയ്ക്ക് സാധിക്കും,” രമേഷ് പറഞ്ഞു.
സൂര്യന്റെ മധ്യഭാഗത്തുള്ള സൗരകളങ്കങ്ങള്‍ കാന്തിക ക്ഷേത്രത്തിലെ മാറ്റങ്ങള്‍ കാരണം പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ അവ സൂര്യനെയും ഭൂമിയേയും ബന്ധിപ്പിക്കുന്ന നേര്‍രേഖയിലാകും സഞ്ചരിക്കുക. ഈ സൗരകളങ്കങ്ങള്‍ കൂടുതല്‍ ജിയോ ഇഫക്ടീവാണ്. അതിനാല്‍ ആ പ്രത്യേക ഡാറ്റാബേസിനെപ്പറ്റി പഠിക്കേണ്ടതുണ്ട്,’ എന്നും അദ്ദേഹം പറഞ്ഞു.
സൗരജ്വാലകള്‍ അതിവേഗത്തില്‍ സഞ്ചരിക്കുന്നവയാണ്. വൈദ്യുത ലൈനുകള്‍, ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനക്ഷമത എന്നിവയെ സൗരജ്വാലകള്‍ സാരമായി ബാധിക്കുന്നുവെന്നും പ്രൊഫസര്‍ രമേഷ് പറഞ്ഞു.