പ്രതിഷേധക്കാര്‍ വലിയ തോതിലുള്ള അക്രമങ്ങളാണ് ലഡാക്കിൽ അഴിച്ചുവിട്ടത്. കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നേരെ തീവെയ്പ്പുകളും തെരുവു സംഘര്‍ഷങ്ങളുമുണ്ടായി. പ്രതിഷേധക്കാര്‍ ബിജെപി ഓഫീസ് നശിപ്പിക്കുകയും നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ പൊലീസ് വെടിവെയ്പ്പും കണ്ണീര്‍വാതക പ്രയോഗവും നടത്തിയതോടെയാണ് സംഘര്‍ഷം കനത്തത്. ഇതോടെ അഞ്ചോ അതിലധികോ ആളുകള്‍ കൂടുന്നതും യോഗം ചേരുന്നതും ഒഴിവാക്കാന്‍ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 163 പ്രകാരം കേന്ദ്ര ണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു.
സംഘർഷം കനത്തതോടെ ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടും ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ ലഡാക്കിലേക്ക് നീട്ടുന്നതിനുമായി രണ്ടാഴ്ചയോളമായി നിരാഹാരം നടത്തിയിരുന്ന കാലാവസ്ഥ പ്രവര്‍ത്തകന്‍ സോനം വാങ് ചുക് സമരം പിന്‍വലിച്ചു. കൂടാതെ നിരാഹാര സമരം നടന്ന സ്ഥലത്ത് പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവും ഫണ്ട്‌സോഗ് സ്റ്റാന്‍സിന്‍ സെപാഗിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
advertisement
എന്തിനാണ് സംഘര്‍ഷം ?
സെപ്റ്റംബര്‍ 10 മുതല്‍ 35 ദിവസമായി നിരാഹാര സമരത്തിലായിരുന്ന 15 പേരില്‍ രണ്ടുപേരുടെ ആരോഗ്യനില ചൊവ്വാഴ്ച വൈകുന്നേരം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് ലഡാക്ക് അപെക്‌സ് ബോഡി (എല്‍എബി) യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. സെറിക് ആങ്ചുക് (72), താഷി ഡോള്‍മ (60) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് പ്രതിഷേധം അക്രമാസക്തമാകാന്‍ കാരണമായതെന്ന് സോനം വാങ് ചുക് പറഞ്ഞു. ഇദ്ദേഹം നടത്തുന്ന നിരാഹാര സമരവും പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു.
ലഡാക്കിലേക്ക് ആറാം ഷെഡ്യൂള്‍ നീട്ടണം, സംസ്ഥാന പദവി വേണം, ലേയ്ക്കും കാര്‍ഗിലിനും പ്രത്യേക ലോക്‌സഭാ സീറ്റുകള്‍ വേണം, തൊഴിലിനുള്ള സംവരണം എന്നിവ നടപ്പിലാക്കുന്നതിന് കേന്ദ്രവുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതിനാല്‍ യുവാക്കള്‍ക്കിടയിലുണ്ടായ നിരാശയുടെ ഫലമാണ് ഈ സാഹചര്യമെന്ന് വാങ് ചുക് പറഞ്ഞു. ലഡാക്കില്‍ ജനാധിപത്യമില്ലെന്നും പൊതുജനങ്ങള്‍ക്ക് നല്‍കിയ ആറാം ഷെഡ്യൂള്‍ വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധിഷേധക്കാരുടെ ആവശ്യങ്ങളില്‍ ഇനി അടുത്ത ചര്‍ച്ച നടക്കുന്നത് ഒക്ടോബര്‍ ആറിനാണ്. ആഭ്യന്തര മന്ത്രാലയവും എല്‍എബിയിലെയും കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സിലെയും (കെഡിഎ) അംഗങ്ങള്‍ ഉള്‍പ്പെടുന്ന ലഡാക്ക് പ്രതിനിധികളും തമ്മിലാണ് ചര്‍ച്ച. തങ്ങളുടെ ആവശ്യങ്ങള്‍ക്കായി കഴിഞ്ഞ നാല് വര്‍ഷമായി സംയുക്തമായി ഒരു പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന രണ്ട് സംഘടനകളും മുമ്പ് കേന്ദ്രവുമായി നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
സോനം വാങ് ചുക് എന്താണ് പറഞ്ഞത്?
സംഘര്‍ഷം കനത്തതോടെ ലഡാക്കിന് സംസ്ഥാന പദവിക്കായുള്ള നിരാഹാര സമരത്തിന്റെ മുഖമായ വാങ് ചുക് തന്റെ നിരാഹാരം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചു. അക്രമം ഉടനടി നിര്‍ത്തണമെന്നും അദ്ദേഹം ലഡാക്കിലെ യുവാക്കളോട് അഭ്യര്‍ത്ഥിച്ചു. ഇത് തങ്ങളുടെ ലക്ഷ്യത്തിന് ദോഷം വരുത്തുകയും സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ലഡാക്കിനും എനിക്കും ഏറ്റവും ദുഃഖകരമായ ദിവസമാണിത്. കാരണം കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങള്‍ സഞ്ചരിക്കുന്ന പാത സമാധാനപരമായിരുന്നു. ഞങ്ങള്‍ അഞ്ച് തവണ നിരാഹാര സമരം നടത്തി. ലേയില്‍ നിന്ന് ഡല്‍ഹിയിലേക്ക് നടന്നു. പക്ഷേ ഇന്ന് അക്രമത്തിന്റെയും തീവയ്പ്പിന്റെയും സംഭവങ്ങള്‍ കാരണം ഞങ്ങളുടെ സമാധാന സന്ദേശം പരാജയപ്പെടുന്നതായി കാണുന്നു", അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിഷേധക്കാർക്കെതിരെ പോലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നത് നിര്‍ത്താന്‍ അദ്ദേഹം ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുകയും സര്‍ക്കാരിനോട് കൂടുതല്‍ സംവേദനക്ഷമത കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ ഉടന്‍ നിരാഹാരം അവസാനിപ്പിക്കുകയാണെന്നും യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാല്‍ നിരാഹാര സമരത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ശാന്തമായ മനസ്സോടെ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകേണ്ട സമയമാണിത്. ഞങ്ങളുടെ പ്രക്ഷോഭം അക്രമരഹിതമായി നിലനിര്‍ത്തും. ഞങ്ങളുടെ സമാധാന സന്ദേശം ശ്രദ്ധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ പറയുന്നത് ?
ലഡാക്കി ജനതയുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും യുവാക്കളോടൊപ്പം നിലകൊള്ളുന്നുവെന്നുമാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ നിലവിലെ സാഹചര്യം മനഃപൂര്‍വം ആസൂത്രണം ചെയ്തതാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. വാങ് ചുകിനെ ഇതിനുള്ള കാരണമായി സര്‍ക്കാര്‍ കുറ്റപ്പെടുത്തി. നേപ്പാളിലെ ജെന്‍ സീ പ്രതിഷേധങ്ങളുമായും അറബ് വസന്തവുമായും താരതമ്യപ്പെടുത്തികൊണ്ടുള്ള പ്രകോപനപരമായ പ്രസ്താവനകള്‍ വാങ് ചുക് നടത്തിയതായും കേന്ദ്രം പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണത്തിന് പ്രേരിപ്പിച്ചതിന് അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചില വ്യക്തികളുടെ ഇടുങ്ങിയ രാഷ്ട്രീയത്തിനും വാങ്ചുകിന്റെ വ്യക്തിപരമായ അഭിലാഷത്തിനും ലഡാക്കും അവിടുത്തെ യുവാക്കളും വലിയ വില നല്‍കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ലഡാക്കില്‍ അറബ് വസന്ത ശൈലിയിലുള്ള പ്രതിഷേധം ആഗ്രഹിക്കുന്നതിനെക്കുറിച്ച് വാങ് ചുക് വളരെക്കാലമായി സൂചന നല്‍കിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറയുന്നു. നേപ്പാള്‍ പ്രതിഷേധങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം ഒരു ബ്ലൂപ്രിന്റ് പോലെ തോന്നുന്നുവെന്നും ചില ക്രമക്കേടുകള്‍ മറയ്ക്കാന്‍ അദ്ദേഹം തന്റെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ക്കായി ഈ വേദി ഉപയോഗിച്ചതായും അവര്‍ പറഞ്ഞു.
ഭരണഘടനയുടെ ആറാമത്തെ ഷെഡ്യൂള്‍ എന്താണ്?
ത്രിപുര, മേഘാലയ, മിസോറാം, അസം എന്നീ നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ ജനതയെ ഉദ്ദേശിച്ചുള്ള ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍, ഭരണം, പ്രതിപക്ഷത്തിന്റെയും ഗവര്‍ണറുടെയും അധികാരങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തരം, ഇതര ജുഡീഷ്യല്‍ സംവിധാനങ്ങള്‍, സ്വയംഭരണ കൗണ്‍സിലുകള്‍ വഴി പ്രയോഗിക്കുന്ന സാമ്പത്തിക അധികാരങ്ങള്‍ എന്നിവയില്‍ പ്രത്യേക വ്യവസ്ഥകള്‍ നല്‍കുന്നു.
ലഡാക്കിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ഇന്ത്യയിലെ തണുത്ത മരുഭൂമി പ്രദേശമാണ് കേന്ദ്ര ഭരണ പ്രദേശമായ ലഡാക്ക്. ചൈനയുടെയും പാക്കിസ്ഥാന്റെയും അതിര്‍ത്തി പ്രദേശമായ ലഡാക്ക് പ്രകൃതിരമണീയമായ സ്ഥലം കൂടിയാണ്. 2020-ൽ ചൈനയും ഇന്ത്യയും തമ്മിലുള്ള ഏറ്റമുട്ടലിന് ഇവിടം വേദിയായിരുന്നു. ഈ ഏറ്റമുട്ടലിൽ 20 ഇന്ത്യൻ സൈനികരും നാല് ചൈനീസ് സൈനികരും കൊല്ലപ്പെട്ടു.
ജനസംഖ്യ കുറഞ്ഞ ഉയര്‍ന്ന പ്രദേശമാണ് ലഡാക്ക്. ഏകദേശം മൂന്ന് ലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്. ഇതില്‍ പകുതിയോളം പേര്‍ മുസ്ലീങ്ങളും 40 ശതമാനം ആളുകള്‍ ബുദ്ധമത വിശ്വാസികളുമാണ്.
ഇവിടെ ഇന്ത്യന്‍ സൈന്യത്തിന് വലിയ സാന്നിധ്യമുണ്ട്. 2019-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ലഡാക്കിനെ ജമ്മു കശ്മീരില്‍ നിന്ന് വിഭജിച്ചു. കേന്ദ്രം നേരിട്ട് ഭരണകാര്യങ്ങളില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തുമെന്ന വാഗ്ദാനം ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.