ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും ഉഭയകക്ഷി ബന്ധത്തിന്റെയും ഉദാത്ത അടയാളമായിട്ടാണ് സിന്ധു നദീജല കരാര്‍ നിലകൊണ്ടിരുന്നത്. ഈ ഉടമ്പടി മരവിപ്പിച്ചതോടെ തര്‍ക്ക പരിഹാര ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന ശക്തമായ സൂചന കൂടിയാണ് ഇന്ത്യ നല്‍കുന്നത്.
സിന്ധുനദീജല കരാര്‍ റദ്ദാക്കിയതോടെ മറ്റ് ജലവൈദ്യുത പദ്ധതികള്‍ക്ക് വേഗം കൂട്ടാനും പ്രയോജനപ്പെടുത്താനുമുള്ള അവസരമാണ് ഇന്ത്യക്ക് ലഭിക്കുന്നത്. കിഷന്‍ഗംഗാ, റാറ്റില്‍, പക്കല്‍ ധൂല്‍ ജലവൈദ്യുത പദ്ധതികളാണ് സിന്ധു ഉടമ്പടിയാനന്തരം പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്ക് മുന്നിലുള്ള തുറപ്പുചീട്ടുകള്‍. ഈ പദ്ധതികളെ വെറും ഊര്‍ജ പദ്ധതികളായി മാത്രമല്ല, പാക്കിസ്ഥാനുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനുള്ള ലിവര്‍ ആയും ഉപയോഗപ്പെടുത്താനാകും.
advertisement
പാക്കിസ്ഥാന്‍ കടുത്ത സമ്മര്‍ദത്തിലാണ്. ഇന്ത്യ നല്‍കുന്ന തിരിച്ചടികള്‍ സാമ്പത്തികമായി ഞെരുക്കം നേരിടുന്ന പാക്കിസ്ഥാനെ സംബന്ധിച്ച് കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും. സിന്ധു നദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ 'യുദ്ധ പ്രവൃത്തി' എന്നാണ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വിശേപ്പിച്ചത്.
'നമ്മുടെ ജലമോ ഇന്ത്യക്കാരുടെ രക്തമോ സിന്ധുവിലൂടെ ഒഴുകും' എന്നാണ് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ ഭീഷണി മുഴക്കിയത്. എന്നാല്‍, പാക്കിസ്ഥാനില്‍ നിന്നുള്ള ഇത്തരം പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത് ഇന്ത്യയുടെ തിരിച്ചടികളില്‍ പാക്കിസ്ഥാന്‍ നേരിടുന്ന മാനസിക ആഘാതമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
സിന്ധു നദിയിലെയും അതിന്റെ പോഷക നദികളിലെയും ജലം പങ്കിടുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും ചേര്‍ന്ന് ഒപ്പുവെച്ച കരാറാണ് സിന്ധു നദീജല കരാര്‍. പാക്കിസ്ഥാന്റെ പ്രധാന കാര്‍ഷിക മേഖലകളിലെല്ലാം വെള്ളമെത്തുന്നത് ഈ കരാറിലൂടെയാണ്. പടിഞ്ഞാറന്‍ നദികളിലെ ജലത്തിന്റെ ഒഴുക്ക് ഇന്ത്യ നിയന്ത്രിക്കുന്നതോടെ പാക്കിസ്ഥാന്‍ രാഷ്ട്രീയ നേതൃത്വം ജനങ്ങളില്‍ നിന്നും കടുത്ത സമ്മര്‍ദം നേരിടും.
മാത്രമല്ല, പാക്കിസ്ഥാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന കിഷന്‍ഗംഗ, റാറ്റില്‍, പക്കല്‍ ധൂല്‍ ജലവൈദ്യുത പദ്ധതികളില്‍ ഇന്ത്യക്ക് ധൈര്യത്തോടെ മുന്നോട്ടുപോകാം. പാക്കിസ്ഥാന്റെ എതിര്‍പ്പുകള്‍ പരിഗണിക്കേണ്ടതില്ല. ഈ ജലവൈദ്യുത പദ്ധതികള്‍ ഇന്ത്യയെ സംബന്ധിച്ച് പാക്കിസ്ഥാനെ ഒതുക്കി നിര്‍ത്താനുള്ള തന്ത്രപരമായ ഊന്നുവടി കൂടിയാണ്. പഹല്‍ഗാമില്‍ സാധാരണക്കാര്‍ക്കുനേരെ പാക്കിസ്ഥാന്‍ ഭീകര സംഘടന നടത്തിയ ആക്രമണത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായത്.
2018-ല്‍ ബന്ദിപ്പോരയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കിഷന്‍ഗംഗ പദ്ധതിയിലൂടെ 23 കിലോമീറ്റര്‍ തുരങ്കം വഴി ഇന്ത്യ ഝലം നദിയിലെ ജലം തിരിച്ചുവിട്ടിരുന്നു. ഇതേ ദിവസം തന്നെയാണ് മോദി പക്കല്‍ ധൂല്‍ ജലവൈദ്യുത പദ്ധതിയുടെ ശിലാസ്ഥാപനം നടത്തിയതും. 1000 മെഗാ വാട്ട് ശേഷിയുള്ള ജമ്മുകശ്മീരിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ആദ്യത്തെ സംഭരണ പദ്ധതിയുമാണിത്.
167 മീറ്റര്‍ ഉയരത്തിലുള്ള പക്കല്‍ ധൂല്‍ പദ്ധതി ജലത്തിന്റെ ഉപയോഗത്തില്‍ മാത്രമല്ല ഇന്ത്യക്ക് നിയന്ത്രണാധികാരം നല്‍കുന്നത്. 2026ന്റെ പകുതിയോടെ പദ്ധതി പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാക്കിസ്ഥാനെ സംബന്ധിച്ച മറ്റൊരു വലിയ ആശങ്കയാണ് റാറ്റില്‍ ജലവൈദ്യുത പദ്ധതിയും. 850 മെഗാവാട്ട് ഉര്‍ജ്ജ ഉത്പാദനമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതാണ് സിന്ധു നദീജല കരാര്‍ ഇല്ലാതായതോടെ പാക്കിസ്ഥാനുമേല്‍ ഉയര്‍ന്നുനില്‍ക്കുന്ന മറ്റൊരു വെല്ലുവിളി. അണക്കെട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം ചെനാബ് നദി വഴിതിരിച്ചുവിട്ടിരുന്നു.
പാക്കിസ്ഥാന്‍ എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും ഇന്ത്യക്ക് ഈ പദ്ധതികളുമായി മുന്നോട്ടുപോകാം. 2021-ലാണ് 5,282 കോടി രൂപ ചെലവ് കണക്കാക്കുന്ന റാറ്റില്‍ പദ്ധതിക്ക് മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ജണില്‍ സിന്ധു ജല ഉമ്പടി ചര്‍ച്ചകള്‍ക്കായി ഇന്ത്യയും പാക്കിസ്ഥാനും കൂടിക്കാഴ്ച നടത്തിയിരുന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം വിവിധ അണക്കെട്ടുകള്‍ കാണുന്നതിനായി കിഷ്ത്വാര്‍ സന്ദര്‍ശിച്ചതിനു പിന്നാലെയായിരുന്നു ഇത്. ഇതേതുടര്‍ന്ന് കിഷന്‍ഗംഗ, പക്കല്‍ ധൂല്‍, റാറ്റില്‍ പദ്ധതികള്‍ ഉടമ്പടി വ്യവസ്ഥകള്‍ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി പാക്കിസ്ഥാന്‍ എതിര്‍പ്പുയര്‍ത്തുകയായിരുന്നു.
എന്നാല്‍, സിന്ധുനദീജല കരാര്‍ റദ്ദാക്കിയതോടെ പാക്കിസ്ഥാന്റെ എതിര്‍പ്പുകള്‍ നിഷ്പ്രഭമായിരിക്കുകയാണ്.