ഫരീദാബാദിലെ ധൗജ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 54 ഏക്കർ ഭൂമിയും സർവകലാശാലയുടെ പ്രധാന ഭരണ കെട്ടിടങ്ങളും ഡിപ്പാർട്ട്‌മെന്റൽ ബ്ലോക്കുകളും വിദ്യാർഥികൾക്കുള്ള ഹോസ്റ്റലുകളും കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. ഈ സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കലിലൂടെ സമ്പാദിച്ചതാണെന്ന് ഇഡി കണ്ടെത്തി. സർവകലാശാലയുടെ ചെയർമാൻ ജവാദ് അഹമ്മദ് സിദ്ദിഖിയും അൽ ഫലാ ചാരിറ്റബിൾ ട്രസ്റ്റും വഞ്ചനാപരമായ മാർഗങ്ങളിലൂടെ ഏകദേശം 493 കോടി രൂപ സമ്പാദിച്ചുവെന്ന് ആരോപിച്ചാണ് ഇഡി സ്വത്തുക്കൾ കണ്ടുകെട്ടിയത്.
നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെയും(NAAC) യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെയും(UGC) അംഗീകാരമുണ്ടെന്ന് വ്യാജ അവകാശവാദമുന്നയിച്ച് ട്രസ്റ്റ് വിദ്യാർഥികളെയും രക്ഷിതാക്കളെയും വലിയ അളവിൽ ഫീസ് അടയ്ക്കാൻ പ്രേരിപ്പിച്ചുവെന്ന് ഇഡി അവകാശപ്പെട്ടു.
advertisement
ചെങ്കോട്ട സ്‌ഫോടനത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഇഡി നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ് കണ്ടെത്തിയത്. സ്‌ഫോടനത്തിൽ ചാവേറായിരുന്ന ഡോ. ഉമർ ഉൻ നബി അൽ ഫലാ മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പരിശീലനം ലഭിച്ച മെഡക്കൽ പ്രൊഫഷണലുകൾ ഉൾപ്പെടുന്ന ഒരു സങ്കീർണമായ ഭീകര സെല്ലിന്റെ പ്രവർത്തന കേന്ദ്രമായി സർവകലാശാല പ്രവർത്തിച്ചിരുന്നതായി ഇവിടെ നടത്തിയ റെയ്ഡുകളിൽ കണ്ടെത്തി. സംശയത്തിന്റെ നിഴലിലുള്ളവർ സാങ്കേതികപരമായ ആസൂത്രണത്തിനും സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നതിനും ഇന്ത്യൻ മുജാഹിദീനുമായും വിദേശരാജ്യങ്ങളിലിരുന്ന് ഭീകരപ്രവർത്തനം നിയന്ത്രിക്കുന്നവരുമായും ബന്ധപ്പെട്ടിരിക്കുന്നതായും ഇന്റലിജന്റ്‌സ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സ്വത്തുക്കൾ കണ്ടുകെട്ടിയതിന് പുറമെ നവംബറിൽ അറസ്റ്റിലായ ജവാദ് സിദ്ദിഖിക്കെതിരേ ഇഡി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അംല എന്റർപ്രൈസസ് പോലുള്ള കുടുംബ നിയന്ത്രിത സ്ഥാപനങ്ങൾ വഴി ഫണ്ടുകൾ ശേഖരിക്കുകയും വ്യക്തിഗത ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പണമയയ്ക്കുകയും ചെയ്തതായി ആരോപിക്കപ്പെടുന്ന കള്ളപ്പണം വെളുപ്പിക്കലിന്റെ സങ്കീർണ്ണമായ ഒരു ശൃംഖല അന്വേഷണത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
